സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. 2013ലെ ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ സിനിമ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് ലവ് ആക്ഷന്‍ ഡ്രാമയിലൂടെ ധ്യാന്‍ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു.
കോളേജില്‍ പഠിക്കുന്ന സമയത്ത് ഏഴോ എട്ടോ കാമുകിമാരുണ്ടായിരുന്നുവെന്നും, അതിന് അച്ഛന്‍ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ബിഹൈന്റ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”അച്ഛന്‍ എന്നെ വഴക്ക് പറയാറുണ്ട്. ആ പറയുന്ന സമയത്തൊക്കെ ഗംഭീരമായി വഴക്ക് പറയും. പുള്ളി വഴക്ക് പറയുമ്പോള്‍ നമ്മളെ അടിച്ച് താഴ്ത്തി കളയും. എനിക്കിപ്പോഴും ഓര്‍മ്മയുള്ള ഒരു സംഭവമുണ്ട്. അത് എനിക്ക് മറക്കാന്‍ പറ്റില്ല. ഗംഭീര സാധനമാണത്.
ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് എനിക്ക് ഏഴോ എട്ടോ കാമുകിമാരുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് ഒരു എത്തിക്ക്സൊന്നുമില്ല. എനിക്ക് കുറെ കാമുകിമാരുണ്ട്. ആരൊക്കയോ ഉണ്ടായിരുന്നു. ഞാന്‍ ബൈക്കില്‍ പെണ്‍പിള്ളേരുമായി കറങ്ങുന്നതൊക്കെ ചെന്നൈയില്‍ എവിടെന്നെങ്കിലും അച്ഛന്‍ കണ്ടിട്ടുണ്ടാവും എന്ന് എനിക്ക് സംശയമുണ്ട്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
”ഒരു തവണ ഇതിന് എന്നെ അച്ഛന്‍ വഴക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. വിനീത് ചേട്ടന്റെ മുമ്പില്‍ വെച്ചാണ് ചീത്ത പറയുന്നത്. ഭയങ്കരമായി ചീത്ത പറഞ്ഞ് കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അച്ഛന്‍ ഇവന് കൃഷിയായിരുന്നു കൃഷി എന്ന് ചേട്ടനോട് പറഞ്ഞു.
ഇത് കേട്ടപ്പോള്‍ ചേട്ടന്‍ എന്നെ നോക്കിയിട്ട് കൃഷിയില്‍ നിനക്ക് താല്‍പര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ അതെ എന്ന് കാണിക്കുകയും ചെയ്തു. അപ്പോള്‍ അച്ഛന്‍ എടാ കിഴങ്ങാ, ആ കൃഷിയല്ലടാ പെണ്ണുങ്ങളുടെ കൃഷിയാണ് എന്ന് ചേട്ടനോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പെണ്ണുങ്ങളുടെ കൃഷി നിര്‍ത്തി, ശരിക്കുമുള്ള കൃഷിയിലോട്ട് താല്‍പര്യം വന്ന് തുടങ്ങിയിട്ടുണ്ട്,” ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ധ്യാന്‍ ശ്രീനിവാസന്റെ ‘ഉടല്‍’ എന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് രഘുനന്ദനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മെയ് 20ന് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
Content Highlight: Dhyan Srinivasan about an incident which his father arguing with him while college days