ബിഗ് ബോസ് വീട് പുഷ്പം പോലെ; പോയാല്‍ ഞാന്‍ തന്നെ ജയിക്കും: ധ്യാന്‍ ശ്രീനിവാസന്‍
Film News
ബിഗ് ബോസ് വീട് പുഷ്പം പോലെ; പോയാല്‍ ഞാന്‍ തന്നെ ജയിക്കും: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd April 2023, 7:44 am

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പോയാല്‍ താന്‍ ജയിച്ചേ തിരിച്ചുവരികയുള്ളൂവെന്ന് ധ്യാന്‍ ശ്രീനിവാസന്‍. പുറത്തുള്ള ലക്ഷക്കണക്കിന് ആളുകളെ കയ്യിലെടുക്കാമെങ്കില്‍ ബിഗ് ബോസിലെ 17 പേരെയും താന്‍ കയ്യിലെടുക്കുമെന്നും ധ്യാന്‍ പറഞ്ഞു. ബിഗ് ബോസ് വീട് തനിക്ക് പുഷ്പം പോലെയാണെന്നും പക്ഷേ അവിടേക്ക് പോവില്ലെന്നും മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

ബിഗ് ബോസില്‍ പോകാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു ധ്യാനിന്റെ മറുപടി. ‘പോകുവാണെങ്കില്‍ ഉറപ്പല്ലേ, ഞാന്‍ ജയിച്ചിട്ടേ വരത്തുള്ളൂ. ലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ കയ്യിലെടുക്കാമെങ്കില്‍ അതിലുള്ള 17 പേരെ കയ്യിലെടുക്കാനാണോ പാട്. ആ സീസണ്‍ തീര്‍ന്നാലും ഞാന്‍ പോവില്ല എന്ന് പറയും. അടുത്ത സീസണും കൂടി നില്‍ക്കും. ഇരുന്നൂറല്ല, മൂന്നൂറ് ദിവസമായാലും ഞാന്‍ നില്‍ക്കും. പക്ഷേ ഞാന്‍ പോവില്ല.

എന്റെ സ്വഭാവം ഇങ്ങനെയാണ്. ബിഗ് ബോസില്‍ പോയാലും അത് മാറില്ല, എങ്ങനെയാണ് അത് മാറുന്നത്. ഞാന്‍ ഫോണ്‍ ഉപയോഗിക്കാത്ത വ്യക്തിയാണ്. ഞാന്‍ വീട്ടില്‍ വെറുതെ ഇരിക്കാറുള്ള ആളാണ്. ബിഗ് ബോസ് വീടൊക്കെ പുഷ്പം പോലെ നടക്കും,’ ധ്യാന്‍ പറഞ്ഞു.

ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ വെറുപ്പീരാണെന്നും മോഹന്‍ലാല്‍ എങ്ങനെയാണ് ഇവരെ സഹിക്കുന്നതെന്നും ധ്യാന്‍ പറഞ്ഞിരുന്നു. ‘കഴിഞ്ഞ ദിവസം ബിഗ് ബോസിന്റെ ഒരു എപ്പിസോഡ് കണ്ടു. വൈഫ് ഇരുന്ന് കാണുന്നത് കണ്ടപ്പോള്‍ ഒപ്പം കണ്ടതാണ്. അതില്‍ വെറുപ്പിക്കുന്ന കുറെ ആളുകളാണ്. ആ എപ്പിസോഡ് ലാല്‍ സാര്‍ തന്നെ നിര്‍ത്തിയിട്ട് പോയി. ഈ മനുഷ്യന്‍ ഇത് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാന്‍ ആലോചിച്ചു.

പുള്ളി അത്രയും വെറുത്തിട്ടാണ് അത് നിര്‍ത്തി പോയത്. ആ എപ്പിസോഡ് കണ്ടപ്പോള്‍ കുറച്ച് ആള്‍ക്കാര്‍ എന്തൊരു വെറുപ്പിക്കലാണെന്ന് എനിക്കും തോന്നിപ്പോയി. അങ്ങനെ വെറുപ്പിക്കുന്ന, ആളുകള്‍, സുഹൃത്തിന്റെ മരണം, അച്ഛന്‍ പറഞ്ഞ കാര്യം, ഇതെല്ലാം ലാല്‍ സാര്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യുമെന്ന് ഓര്‍ത്തു,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Srieenivasan says that if he goes to Big Boss reality show, he will come back only after winning