|

വിനീതിനും അജുവിനുമൊപ്പം ധ്യാനും; വൈറലായി സിനിമയുടെ പ്രൊമോഷന്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ മുകേഷിന്റെ അഭിനയ ജീവിതത്തിലെ മുന്നൂറാമത് ചിത്രമാണ് ഫിലിപ്പ്‌സ്. മുകേഷിനൊപ്പം ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മൂന്നു മക്കളുമൊത്ത് ബാംഗളൂരില്‍ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം.

ഇപ്പോള്‍ ആ സിനിമയുടെ വ്യത്യസ്തമായ പ്രൊമോഷന്‍ വീഡിയോസാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ആദ്യ പ്രൊമോഷന്‍ വീഡിയോയില്‍ സിനിമയില്‍ അഭിനയിച്ചിട്ടുള്ള നോബിളിനൊപ്പമുള്ളത് വിനീത് ശ്രീനിവാസനാണ്. രണ്ടാമത്തെ വീഡിയോയില്‍ അജു വര്‍ഗീസും ഏറ്റവും പുതിയ പ്രൊമോഷന്‍ വീഡിയോയില്‍ ധ്യാന്‍ ശ്രീനിവാസനുമാണ് വരുന്നത്.

ആദ്യ വീഡിയോയില്‍ തന്റെ ഫ്‌ളാറ്റിലേക്ക് വന്ന നോബിളിനെ കാണുന്ന വിനീത് ഉടനെ താന്‍ സിനിമ പ്രൊമോഷന്‍ ചെയ്യുകയില്ലെന്ന് പറയുന്നത് കാണിച്ചു കൊണ്ടാണ് ആ വീഡിയോ തുടങ്ങുന്നത്. ഒപ്പം തന്റെ ഒരു ടീഷര്‍ട്ട് കാണാത്ത കാര്യവും വിനീത് പറയുന്നുണ്ട്.

നോബിളിന്റെ ആവശ്യം പൂര്‍ണമായും നിരസിക്കുന്ന വിനീതിന് തന്റെ കൈയിലെ ടീഷര്‍ട്ട് നല്‍കുകയും അവനോട് കുറച്ചുപേര്‍ ഫോട്ടോ എടുക്കാന്‍ വന്നിട്ടുണ്ടെന്ന് പറയുകയുമാണ് നോബിള്‍.

‘പി (P)’ എന്നെഴുതിയ ടീഷര്‍ട്ടുമിട്ട് എത്തുന്ന വിനീതിനെ അവരുടെ കൂടെ നിര്‍ത്തി നോബിള്‍ ഫോട്ടോയെടുക്കുന്നതാണ് വീഡിയോ. അതില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന മറ്റുള്ളവരുടെ ടീഷര്‍ട്ടില്‍ പ്രിന്റ് ചെയ്തിരിക്കുന്ന സ്‌പെല്ലിങ്ങുകള്‍ (PHILIPS) കൂടെയാകുമ്പോള്‍ ആ ഫോട്ടോ സിനിമക്ക് വലിയ പ്രൊമോഷനാവുകയാണ്.

View this post on Instagram

A post shared by Noble Thomas (@noblebabuthomas)

‘വേറെ വഴിയില്ല അളിയാ’ എന്ന് ക്യാപ്ഷന്‍ കൊടുത്താണ് ഈ വീഡിയോ നോബിള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതിന് പിന്നാലെ ഇത്തരത്തില്‍ അജു വര്‍ഗീസിനെ വെച്ച് വീഡിയോ ചെയ്യാന്‍ ആവശ്യപ്പെട്ട് ധാരാളം കമന്റുകള്‍ വന്നു. പിന്നാലെയാണ് അജു വര്‍ഗീസിനൊപ്പമുള്ള പ്രൊമോഷന്‍ വീഡിയോ വരുന്നത്.

വിനീതിനെ പറ്റിച്ചത് പോലെ, തന്നെ പറ്റിക്കാന്‍ കഴിയില്ലെന്ന് പറയുന്ന അജുവിനെയും ഇത്തരത്തില്‍ പറ്റിച്ചു കൊണ്ടാണ് പ്രൊമോഷന് വേണ്ടിയുള്ള ഫോട്ടോ നോബിളെടുക്കുന്നത്. മതിലിന് മറുവശത്ത് അജുവിനെ നിര്‍ത്തി അജുവിന്റെ ആരാധകനാണെന്ന് പറഞ്ഞ് വരുന്ന ആള്‍ക്ക് വേണ്ടി നോബിള്‍ ഫോട്ടോയെടുത്ത് കൊടുത്തു.

അജുവിന്റെ ആരാധകനാണെന്ന് പറഞ്ഞ് വന്ന ആള്‍ നോബിള്‍ പറഞ്ഞുവിട്ട ആളാണെന്ന് മാത്രമല്ല, ആ ഫോട്ടോയെടുക്കുമ്പോള്‍ മതിലിനിപ്പുറം ഫിലിപ്പ്‌സ് സിനിമയുടെ പോസ്റ്റര്‍ വെക്കാനും നോബിള്‍ മറന്നില്ല.

മൂന്നാമത്തെ പ്രൊമോഷന്‍ വീഡിയോയില്‍ വന്നത് ധ്യാന്‍ ശ്രീനിവാസനാണ്. എന്നാല്‍ അതില്‍ പ്രൊമോഷന്‍ വീഡിയോ ചെയ്യാമെന്ന് പറഞ്ഞ് ധ്യാന്‍ നോബിളിനെയും കൂടെവന്നവരെയും തന്റെ കാരവാനിലേക്ക് കയറ്റി അവരെ തല്ലുന്നതാണ് കാണിക്കുന്നത്.

View this post on Instagram

A post shared by Noble Thomas (@noblebabuthomas)

ശേഷം ധ്യാന്‍ കാരവാനില്‍ നിന്ന് പുറത്തേക്ക് വന്ന് ചില സാങ്കേതിക കാരണങ്ങളാല്‍ ഫിലിപ്പ്‌സിന്റെ റിലീസ് ഡിസംബര്‍ ഒന്നിനാകുമെന്ന് പറയുന്നു.

നവംബര്‍ 24ന് തീരുമാനിച്ചിരുന്ന സിനിമയുടെ റിലീസ് ഡേറ്റ് മാറ്റിവെച്ചതിന് ഇതിലും വലിയ പ്രൊമോഷന്‍ വേറെ കിട്ടാനില്ലെന്നാണ് കമന്റുകള്‍.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ നിര്‍മിച്ച് ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഫിലിപ്പ്‌സ്. അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത് എന്ന പ്രത്യേകതയും ‘ഹെലന്‍’ ടീം ഒരുക്കുന്ന ഈ ചിത്രത്തിനുണ്ട്.

Content Highlight: Dhyan Sreenivasan With Vineeth Sreenivasan And Aju Varghese; The Promotion Video Of The Movie Went Viral