| Saturday, 20th July 2024, 1:58 pm

അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ലോകേഷിന് നാട്ടിലിറങ്ങി നടക്കാന്‍ പറ്റാതെ വന്നേനെ, ലിയോ ഒന്നും ചെയ്യില്ലായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമ ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. പ്രണവിന്റേയും കല്യാണിയുടേയും ലുക്കും പ്രണവിന്റെ അഭിനയവും ന്യാപകം എന്ന പാട്ടുമുള്‍പ്പെടെ ട്രോളന്‍മാര്‍ ആഘോഷമായിരിക്കുന്നു.

ചിത്രത്തില്‍ സംഗീത സംവിധായകന്‍ ഇന്ദ്രധനുഷ് എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് ലോകേഷ് കനകരാജിനെ ആയിരുന്നു. പിന്നീടാണ് ആ വേഷത്തിലേക്ക് കലേഷ് എത്തുന്നത്.

സിനിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് കലേഷ് പറയുമ്പോള്‍ അതിനെ ട്രോളുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്കു ശേഷത്തില്‍ മാത്രമല്ല ഹൃദയത്തിലും ലോകേഷിനെ സമീപിച്ചിരുന്നെന്നും പുള്ളി പറ്റില്ലെന്ന് പറഞ്ഞെന്നും അഭിനയിച്ചിരുന്നെങ്കില്‍ പുള്ളിക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ വന്നേനെയെന്നുമാണ് ധ്യാന്‍ പറയുന്നത്.

‘ തനി ഒരുവന് ശേഷമാണ് എനിക്ക് വിനീതേട്ടന്റെ നമ്പര്‍ കിട്ടുന്നത്. ഞാന്‍ അഭിനയിക്കുന്ന ഷോട്ട് ഫിലിമിന്റെ ലിങ്കൊക്കെ ഇടയ്ക്ക് പുള്ളിക്ക് അയച്ചുകൊടുക്കുമായിരുന്നു. 2019 ന്റെ തുടക്കത്തിലാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് ഞാന്‍ വിനീതേട്ടനെ കാണുന്നത്. അതൊരു നിമിത്തമായിരിക്കും.

അവിടെ വെച്ച് വിനീതേട്ടനെ കണ്ടപ്പോള്‍ ഞാന്‍ അടുത്തേക്ക് ചെന്നു. നീ എന്തുചെയ്യുന്നു എന്നൊക്കെ ചോദിച്ചു. ഫോണിലേക്ക് ഒരു മെസ്സേജ് അയക്കാന്‍ പറഞ്ഞു. ഞാന്‍ ഇടക്കിടെ അയക്കാറുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ ഒരു മെസ്സേജ് അയക്ക് എന്ന് പറഞ്ഞു. ഉടനെ ഞാന്‍ ഒരു മെസ്സേജ് അയച്ചു.

അത് കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് എനിക്ക് തിരിച്ച് ഒരു മെസ്സേജ് വരുന്നത്. സ്‌ക്രിപ്റ്റ് ഫിനിഷ് ചെയ്‌തെന്നും നിനക്കൊരു റോളുണ്ടെന്നുമായിരുന്നു മെസ്സേജ്. അങ്ങനെയാണ് ഹൃദയത്തിന്റെ ഭാഗമാകുന്നത്. 2019 ലാണ് ഇത്. എന്നെ കണ്ടപ്പോഴാണ് വിനീതേട്ടന് സെല്‍വന്‍ ഇവനാണെങ്കില്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയത്,’ എന്ന് കലേഷ് പറഞ്ഞപ്പോള്‍ ഹൃദയത്തിലും ആ റോളിലേക്ക് ലോകേഷിനെ സമീപിച്ചിരുന്നു എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. എന്നാല്‍ അത് ചുമ്മാ പറയുകയാണെന്നും അങ്ങനെ അല്ലെന്നും കലേഷ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്കുശേഷത്തില്‍ ആ റോളിലേക്ക് ലോകേഷ് കനകരാജിനെയായിരുന്നു വിചാരിച്ചത്. ലോകേഷ് രക്ഷപ്പെട്ടു ശിവനേ എന്ന് പറഞ്ഞ് ഓടുന്ന ഒരു ട്രോള്‍ കണ്ടില്ലേ എന്നായിരുന്നു ഇതോടെ ധ്യാന്‍ പറഞ്ഞത്.

ലോകേഷ് അന്നും ഒഴിവാക്കി. ഹൃദയത്തിന്റെ റോളിലേക്കും ലോകേഷിനെ വിളിച്ചിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ലോകേഷ് ലിയോ ഒന്നും ചെയ്യില്ല. ലോകേഷ് അതോടെ തീര്‍ന്നു. ലോകേഷിന് നാട്ടിലിറങ്ങി നടങ്ങാന്‍ കഴിയാതെ വന്നേനെ. ഭാഗ്യം എന്ന് കരുതുന്നുണ്ടാകും പുള്ളി,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan trolls Lokesh kanakaraj Role and Varshangalkushesham movie

We use cookies to give you the best possible experience. Learn more