മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ തിര എന്ന സിനിമയിലൂടെയാണ് ധ്യാന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് 2015ല്‍ കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധായകനാകാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ താന്‍ സിനിമയിലേക്ക് വന്നതിനെ കുറിച്ച് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ സീക്രട്ടിന്റെ ഭാഗമായി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ അന്ന് വെറുതെ ഈച്ചയടിച്ച് ഇരിക്കുകയായിരുന്നു. അപ്പോള്‍ ചേട്ടന്‍ ഒരു പണിക്കും പോകാത്ത ഇവന് എന്തെങ്കിലും ശരിയാക്കി കൊടുക്കാമെന്ന് വിചാരിച്ച് എന്നെ സിനിമയില്‍ കൊണ്ടുവന്നു. എനിക്ക് സിനിമയിലൊന്നും വരാന്‍ ഒരു താത്പര്യവും ഇല്ലായിരുന്നു. ഞാന്‍ വരുന്നു, ഒരു സിനിമ ചെയ്യുന്നു. ബേസില്‍ അതില്‍ അസിസ്റ്റന്റ് ആയിരുന്നത് കൊണ്ട് അവന്‍ വഴി കുഞ്ഞിരാമായണത്തില്‍ എത്തുന്നു. പിന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ ഈ പരിപാടി കൊള്ളാമല്ലോ എന്ന് തോന്നി കുറച്ച് സിനിമകള്‍ ചെയ്തു.
പിന്നെ ഒരു കാര്യം ചെയ്ത് ചെയ്ത് അതിനോട് ഇഷ്ടം തോന്നുമല്ലോ. അങ്ങനെ അതില്‍ ഇഷ്ടം തോന്നിയിട്ട് കൂടുതല്‍ സിനിമ ചെയ്യുന്നതോടെ സിനിമയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയാണ് ചെയ്തത്. ഞാന്‍ സിനിമയില്‍ വന്ന ശേഷം അതിനോട് ഇഷ്ടം തോന്നി പഠിച്ച ആളാണ്. അപ്പോഴും അഭിനയം വലിയ താത്പര്യമില്ലാത്തത് കൊണ്ട് വെറുതെ ഇതൊക്കെ ചെയ്തു പോകുന്നു. അങ്ങനെയൊക്കെ തന്നെയാണ്, നമുക്ക് ജീവിച്ച് പോകേണ്ടേ,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan Talks About Vineeth Sreenivasan And Thira Movie