വിനീതേട്ടന്റെ അഭിമുഖങ്ങള്‍ ഇനി എടുക്കരുതെന്നും, ഇങ്ങനെ പോയാല്‍ മാനനഷ്ട കേസ് കൊടുക്കേണ്ടി വരുമെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ധ്യാന്‍ പറയുന്ന കഥകള്‍ പലതും കള്ളമാണെന്ന് അടുത്തിടെ അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അതിനെകുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ധ്യാന്‍. വീകം എന്ന തന്റെ പുതിയ സിനിമയുടെ ഭാഗമായി ബൈറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ശരിക്കും എനിക്കൊരു കാര്യം പറയാനുണ്ട്, നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്. നിങ്ങള്‍ എന്റെ മാത്രം ഇന്റര്‍വ്യു എടുക്കണം. എന്തായാലും, നിങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ ഒരു തീരുമാനം എടുക്കണം . ഒന്നെങ്കില്‍ ഞാന്‍, അല്ലെങ്കില്‍ എന്റെ ചേട്ടന്‍. ഞാന്‍ വന്ന് പറയുന്ന കഥകളൊക്കെ കള്ളമാണെന്ന് പറഞ്ഞ് എന്നെ ഡിഫെയിം ചെയ്യുകയാണ്.
മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും. ഒരു രക്ഷയില്ല സത്യത്തില്‍, എല്ലാവരും ഇപ്പോള്‍ എന്നോട് ചോദിക്കും ഞാന്‍ പറയുന്നതൊക്കെ സത്യമാണോയെന്ന്. അതുകൊണ്ട് ഞാന്‍ ഇനി ഒന്നും പറയുന്നില്ല. ആര്‍ക്കെങ്കിലുമൊക്കെ ഒരു വിശ്വാസം വേണ്ടേ,’ ചിരിച്ച് കൊണ്ട് ധ്യാന്‍ മറുപടി പറഞ്ഞു.
‘വീകം സിനിമയില്‍ ഒരു മൂന്ന് നാല് എക്‌സ്പ്രഷന്‍ ഞാന്‍ ഇടുന്നുണ്ട്. ആ എക്‌സ്പ്രഷന്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റിയിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഞാന്‍ ഇടുന്ന അതേ ഭാവം തന്നെ ചിലപ്പോള്‍ ഡെയ്‌നും ഇടും. അപ്പോള്‍ ഡയറക്ടര്‍ പറയും, എക്‌സ്്പ്രഷന്‍ ഒരുപോലെയാണ് എന്ന്. ഡയറക്ടര്‍ പറയുന്നത് ഡെയ്‌നോടായിരിക്കും. കാരണം എന്നോട് പറയാന്‍ പറ്റില്ലല്ലോ, ഞാന്‍ സീനിയറല്ലേ.
സത്യം പറഞ്ഞാല്‍ ആ ഭാവം ഇവനിടുന്ന കണ്ടിട്ടാണ് ഞാന്‍ പഠിക്കുന്നത്. എനിക്ക് ഈ പരിപാടിയൊന്നും അറിയില്ലല്ലോ. പക്ഷെ ഡയറക്ടര്‍ കരുതുന്നത് എന്നെ കണ്ടിട്ടാണ് ഇവന്‍ പഠിക്കുന്നതെന്ന്. പക്ഷെ അത് നേരെ തിരിച്ചാണ് നടക്കുന്നത്. ഇവന്‍(ഡെയ്ന്‍) ഏതെങ്കിലും ഭാവം പിടിക്കുകയാണെങ്കില്‍ ഞാനും അത് തന്നെ ചെയ്യും. അപ്പോള്‍ ഡയറക്ടര്‍ പറയും, ഡെയ്‌നെ മാറ്റിപിടിക്കാന്‍,’ ധ്യാന്‍ പറഞ്ഞു.
content highlight:dhyan sreenivasan talks about vineeth sreenivasan and his new movie