| Sunday, 20th August 2023, 4:07 pm

ഒരു സമയം കഴിഞ്ഞപ്പോള്‍ എന്നെ പറ്റി പറയുന്നത് നിര്‍ത്തണമെന്ന് അമ്മ പറഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നോട് ഏറെ അടുത്ത് നില്‍ക്കുന്ന ആളുകളെ കുറിച്ചുള്ള കഥകള്‍ മാത്രമേ താന്‍ ഇന്റര്‍വ്യൂവില്‍ പറയാറുള്ളൂവെന്ന് ധ്യാന്‍ ശ്രീനിവാസന്‍. താന്‍ ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ എന്‍ജോയ് ചെയ്യുന്നുണ്ടെന്ന് അറിയുന്നത് കൊണ്ടാണ് അവരെ കുറിച്ചൊക്കെ സംസാരിക്കുന്നതെന്നും ധ്യാന്‍ പറഞ്ഞു. 360 റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍. ആരെങ്കിലും ഇന്റര്‍വ്യൂവിന് വരുമ്പോള്‍ തന്നെ കുറിച്ച് പറയരുതെന്ന് പറയാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

‘എന്നോട് ഇന്റര്‍വ്യൂവില്‍ എന്നെ കുറിച്ച് പറയരുതെന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ അവരെ കുറിച്ച് പറയും. ചെയ്യരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ചെയ്യാനൊരു തോന്നലാണല്ലോ. അതുകൊണ്ട് എന്നോട് പൊതുവെ ആരും അങ്ങനെ വന്ന് പറയാറില്ല. പിന്നെ ഞാന്‍ എപ്പോഴും എന്നോട് അടുത്ത് നില്‍ക്കുന്ന, അടുത്തറിയുന്ന ആള്‍ക്കാരെ പറ്റിയുള്ള കഥകളൊക്കെയേ പറയാറുള്ളൂ. നമുക്ക് ഒരു പരിചയവുമില്ലാത്ത ആളുകളെ കളിയാക്കാനൊന്നും പറ്റില്ലലോ. നമ്മളെ അറിയാവുന്ന, നമ്മളെ മനസിലാക്കുന്ന ആളുകളെ കുറിച്ച് പറയുമ്പോള്‍, ഇവന്‍ ഇങ്ങനെയാണെന്ന് അറിയാവുന്നത് കൊണ്ടെനിക്ക് കഥകള്‍ പറയാം. അതുകൊണ്ട് എന്റെ കഥകളിലുള്ള ക്യാരക്ടേഴ്‌സ് പൊതുവെ എന്റെ അമ്മ, ചേട്ടന്‍, അച്ഛന്‍, എന്റെ അടുത്ത സുഹൃത്തുക്കള്‍, ബേസില്‍, ഒപ്പം വര്‍ക്ക് ചെയ്തിട്ടുള്ളവര്‍ എന്നിവരൊക്കെയായിരിക്കും. അല്ലാതെ പരിചയമില്ലാത്ത ആളുകളെ കുറിച്ച് പറയാന്‍ പറ്റില്ലലോ. എനിക്ക് അവരെ പറ്റി പറായന്‍ സ്വാതന്ത്ര്യമുള്ള ആളുകളെ കുറിച്ച് മാത്രമേ ഞാന്‍ സംസാരിക്കാറുള്ളൂ. ഒരു പോയിന്റ് വരെ അവരും അത് എന്‍ജോയ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ടാണ് പറയുന്നത്. ഒരു സമയം കഴിഞ്ഞപ്പോള്‍ അമ്മ എന്നോട് വന്നിട്ട് പറഞ്ഞു ഞാനത് അത്ര എന്‍ജോയ് ചെയ്യുന്നില്ല, നീ നിര്‍ത്തുമോ എന്നെ പറ്റി പറയുന്നതെന്ന്, പിന്നെ ഞാന്‍ അമ്മയെ പറ്റി പൊതുവെ കുറച്ചു,’ ധ്യാന്‍ പറഞ്ഞു.

അഭിമുഖത്തില്‍ വിനീത് ശ്രീനിവാസനെ കുറിച്ചും ധ്യാന്‍ സംസാരിച്ചു. വിനീത് ഏറെ വിനയത്തോടെയാണ് പെരുമാറാറുള്ളതെന്നും തന്നോടും സിനിമയുടെ ഡേറ്റൊക്കെ ചോദിക്കുന്നത് വളരെ ഫോര്‍മലായാണെന്നും ധ്യാന്‍ പറഞ്ഞു.

‘വിനീത് ഭയങ്കര ഹംബിള്‍ ആണ്. പുള്ളി വളരെ ക്യാഷ്വലായി സംസാരിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. പക്ഷെ എന്തെങ്കിലുമൊരു കാര്യം വരുന്ന സമയത്ത് വളരെ ഫോര്‍മലായാണ് പുള്ളി സംസാരിക്കുക. ഇപ്പോള്‍ തിര ചെയ്ത സമയത്ത്, ഞാനൊരു സിനിമ ചെയ്യുന്നുണ്ട്, അതില്‍ ധ്യാനിന് അഭിനയിക്കാന്‍ പറ്റുമോ എന്നാണ് ചോദിച്ചത്. ഞാന്‍ വെറുതേ ഇരിക്കുകയാണ് വീട്ടില്‍ ആ എന്നോട് പോലും അത്തരത്തിലാണ് ചോദിക്കുക. സമീപനം വളരെ ജെനുവിന്‍ ആണ്. ഞാനിപ്പോള്‍ ഏട്ടന്‍ ഡയറക്ട് ചെയ്യുന്ന ഒരു സിനിമ ചെയ്യാന്‍ പോകുന്നുണ്ട്. അന്ന് എന്റെ ഒരു സിനിമ പൊട്ടിയിരിക്കുകയാണ്, ഒരു ദിവസം രാത്രി എന്റെ അടുത്ത് വന്നിട്ട് ധ്യാനിന്റെ ഒരു സിനിമ ഇറങ്ങിയില്ലേന്ന് പുള്ളി ചോദിച്ചു, ഞാന്‍ പറഞ്ഞു ഇറങ്ങി പൊട്ടിയെന്ന്. അപ്പോള്‍ എന്നോട് ഞാന്‍ അടുത്തത് ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് പുള്ളി പറഞ്ഞു, സംസാരിക്കുന്നത് കേട്ടാല്‍ വിചാരിക്കും പുള്ളി ഏതോ പൊട്ടിപ്പൊളിഞ്ഞ സിനിമയുടെ ഡയറക്ടറും ഞാന്‍ എന്തോ സൂപ്പര്‍ സ്റ്റാറുമാണ്, എന്റെ ഡേറ്റ് ചോദിക്കാന്‍ വന്നതാണെന്ന്. എന്നോട് പറയുകയാണ് ഞാനൊരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്, എങ്ങനെയാണ് ധ്യാനിന്റെ ഡേറ്റൊക്കെ, അത് ചെയ്യാന്‍ പറ്റുമോയെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഡേറ്റ് നോക്കട്ടെ ഏട്ടാ, നോക്കിട്ട് പറയാമെന്ന്, അപ്പോള്‍ എന്നോട്ട് നോക്കിട്ട് പറയണേയെന്നൊക്കെ പറഞ്ഞു. മലയാളത്തിലെ തന്നെ ഏറ്റവും സക്‌സസ്ഫുള്‍ ഡയറക്ടറല്ലേ, അങ്ങനെയുള്ള ഒരാള്‍ക്ക് ഇത്രയും വിനയം വേണോയെന്ന് നമുക്ക് തോന്നിപോകും,’ ധ്യാന്‍ പറഞ്ഞു.

Content Highlights: Dhyan sreenivasan talks about vineeth sreenivasan

We use cookies to give you the best possible experience. Learn more