മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. എങ്ങനെ ഒരു സിനിമ നന്നാക്കിയെടുക്കാം എന്നതിനെ കുറിച്ച് ചേട്ടന്‍ വിനീത് തനിക്ക് തന്ന ഒരു ഉപദേശത്തെ കുറിച്ച് പറയുകയാണ് ധ്യാന്‍.
അതേ ഉപദേശം ഉപയോഗിച്ച് സിനിമയെടുത്ത വിനീതിന്റെ മൂന്ന് സിനിമകള്‍ അടുപ്പിച്ച് പൊട്ടിയെന്നാണ് ധ്യാന്‍ പറയുന്നത്. സെലക്ടീവായി സിനിമകള്‍ ചെയ്യണമെന്നും വലിച്ചുവാരി സിനിമകള്‍ ചെയ്യരുതെന്നുമുള്ള ഉപദേശം ചേട്ടനോ അച്ഛനോ തന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.
‘എനിക്ക് ഒരേയൊരു തവണ മാത്രമേ ചേട്ടന്‍ ഉപദേശം തന്നിട്ടുള്ളൂ. അത് സത്യത്തില്‍ ഒരു അടിപൊളി ഉപദേശമായിരുന്നു. ധ്യാനേ നമുക്ക് ഒരിക്കലും പെര്‍ഫക്ടോ കംപ്ലീറ്റെന്ന് പറയുന്നതോ ആയ ഒരു തിരക്കഥയോ കഥയോ ചിലപ്പോള്‍ വരണമെന്നില്ലെന്നായിരുന്നു ആള് എന്നോട് പറഞ്ഞത്.
ആവറേജ് കഥയൊക്കെയായിരിക്കും വരുന്നതെന്നും അതിനെ നമ്മള്‍ വര്‍ക്ക് ചെയ്ത് നന്നാക്കി എടുക്കണമെന്നും ആ സിനിമയുടെ കൂടെ നിന്ന് മികച്ചതാക്കിയെടുക്കുകയാണ് വേണ്ടതെന്നുമാണ് ചേട്ടന്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ ഉപദേശം കേട്ടു.
ഒന്ന് രണ്ട് പടങ്ങള്‍ ചെയ്തു. എന്നാല്‍ ആ പടമൊക്കെ പൊട്ടി തുടങ്ങി. കോമഡി അതല്ലായിരുന്നു, ആദ്യം പൊട്ടിയത് ചേട്ടന്റെ പടം തന്നെയാണ്. പക്ഷെ ആ പടത്തിന്റെ പേര് ഞാന്‍ തത്ക്കാലം പറയുന്നില്ല. എന്നെ ഉപദേശിച്ചതിന് ശേഷം ചേട്ടന്റെ മൂന്ന് പടങ്ങള്‍ അടുപ്പിച്ച് പൊട്ടിയിട്ടുണ്ട്.
2017, 2018, 2019 സമയത്തൊക്കെ ആയിരുന്നു ഈ സംഭവം. പിന്നീട് എപ്പോഴോ എന്നെ കണ്ടപ്പോള്‍ ചേട്ടന്‍ പറഞ്ഞത് ‘ആ ഉപദേശം നീ എടുക്കേണ്ട. അത് പാളിപ്പോയി’ എന്നായിരുന്നു. ചൂസിയാകണം എന്നായിരുന്നു ചേട്ടന്‍ പറഞ്ഞത്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan Talks About Vineeth Sreenivasan