ബേസിലിനും നിവിനേട്ടനും ചേട്ടന്റെ സപ്പോർട്ട് കിട്ടിയപ്പോൾ സ്വപ്രയത്നം കൊണ്ട് നായകനായി മാറിയ യുവതാരം: ധ്യാന്‍ ശ്രീനിവാസന്‍
Entertainment
ബേസിലിനും നിവിനേട്ടനും ചേട്ടന്റെ സപ്പോർട്ട് കിട്ടിയപ്പോൾ സ്വപ്രയത്നം കൊണ്ട് നായകനായി മാറിയ യുവതാരം: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th November 2024, 3:12 pm

പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവന്‍ത്ത് ഡേ, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ടൊവിനോ, ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുന്‍നിര നായക നടനായി മാറുന്നത്. ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രം യൂത്തിനിടയിലും ടൊവിനോക്ക് വലിയ സ്വീകാര്യത നേടി കൊടുത്തു.

ടൊവിനോ തോമസിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. നെപ്പോ കിഡ് അല്ലാതെ സിനിമയിലേക്ക് വന്ന് പേരെടുത്തവരില്‍ കുറച്ചുപേരാണ് നിവിന്‍ പോളിയും ബേസില്‍ ജോസഫും ടൊവിനോ തോമസുമെന്നും അവരെല്ലാം വലിയ സിനിമകള്‍ ചെയ്യുന്ന സൂപ്പര്‍ സ്റ്റാറുകള്‍ ആണെന്നും ധ്യാന്‍ പറയുന്നു.

നിവിന്‍ പോളിക്കും ബേസില്‍ ജോസഫിനും ഒരു പരിധിവരെ തന്റെ സഹോദരന്‍ വിനീത് ശ്രീനിവാസന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ടൊവിനോ ഒറ്റക്ക് കഷ്ടപ്പെട്ട് വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘നെപ്പോ കിഡ്സ് അല്ലാതെ സിനിമയിലേക്ക് വന്ന കുറച്ച് ആളുകളാണ് ടൊവിനോ തോമസ്, നിവിന്‍ പോളി, ബേസില്‍ ജോസഫ് തുടങ്ങിയവര്‍. അങ്ങനെവന്നവരില്‍ ഇപ്പോഴുള്ള മെയിന്‍ സ്ട്രീം നടന്മാരാണ് അവര്‍. എന്ന് വെച്ചാല്‍ വലിയ സിനിമകള്‍ ചെയ്യുന്ന സൂപ്പര്‍ സ്റ്റാറുകളാണ് ഇപ്പോള്‍. ഇവരെയെല്ലാം ആദ്യം മുതല്‍ കാണുന്ന ഒരാളാണ് ഞാന്‍.

ഇവരുടെയൊക്കെ ഒരു ജേര്‍ണി എനിക്ക് കൃത്യമായിട്ട് അറിയാം. ഇവരുടെയൊക്കെ ഒരു ഹാര്‍ഡ് വര്‍ക്കും കഷ്ടപാടുമെല്ലാം നന്നായി മനസിലാകും. നിവിന്‍ ചേട്ടനൊക്കെ എന്റെ ചേട്ടന്റെ ഒരു സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. വര്‍ക്ക് സപ്പോര്‍ട്ട്. അതുപോലെതന്നെയാണ് ബേസിലിനും. അവനും വിനീത് ചേട്ടന്റെ ഒരു സപ്പോര്‍ട്ട് തുടക്കം മുതല്‍ കിട്ടിയിട്ടുണ്ട്. സിനിമയില്‍ അസിസ്റ്റ് ചെയ്യാന്‍ വിളിക്കുന്നതായാലും ആദ്യ സിനിമയായ കുഞ്ഞിരാമായണത്തില്‍ അഭിനയിക്കുന്നതായാലും തുടക്കം മുതല്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും ചേട്ടന്റെ ഒരു സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.

ഇവരുടെ ജേര്‍ണി എളുപ്പമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. പക്ഷെ ബേസിലിന്റെയും നിവിന്‍ ചേട്ടന്റെയും കൂടെ ഒരാള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടൊവിയുടെ ജേര്‍ണി അങ്ങനെ അല്ല. ടോവി ചെറുതായിട്ട് തുടങ്ങി, ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചെയ്തു. അങ്ങനെ ഓരോ സ്റ്റെപ്പും എടുത്തുകൊണ്ടുള്ള അവന്റെ ജേര്‍ണി എനിക്ക് ഭയങ്കര ഇഷ്ടമാണ്. സിനിമയുടെ പുറത്ത് നിന്ന് സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവന്‍ വളരെ പ്രചോദനമാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan Talks  About Tovino Thomas