| Monday, 4th November 2024, 12:21 pm

രാജുവേട്ടനെ വെച്ച് എനിക്ക് ആ സിനിമ ചെയ്യണമെന്ന പ്ലാനൊന്നുമില്ല: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2013ല്‍ വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ത്രില്ലര്‍ ചിത്രമായിരുന്നു തിര. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു ഇത്. ഈ സിനിമയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമാ മേഖലയിലേക്ക് എത്തുന്നത്.

ധ്യാനിനൊപ്പം ശോഭനയും വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന പ്രത്യേകതയും തിരക്കുണ്ടായിരുന്നു. സോമാലി മാമിന്റെ ‘ദി റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ്: ദി ട്രൂ സ്റ്റോറി ഓഫ് എ കംബോഡിയന്‍ ഹീറോയിന്‍’ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ് തിര.

ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ഇതിനിടയില്‍ പൃഥ്വിരാജിനെ വെച്ച് തിരയുടെ രണ്ടാം ഭാഗം വരുന്നു എന്ന റൂമറുകള്‍ ഉണ്ടായിരുന്നു. അതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

‘തിരയുടെ രണ്ടാം ഭാഗം എന്തായാലും ചെയ്യും. ഫാന്‍ ബോയ് സംഭവമാണോയെന്ന് ചോദിച്ചാല്‍, അത് രാജുവേട്ടനെ വെച്ച് ചെയ്യണമെന്ന പ്ലാനൊന്നുമില്ല. തിര 2 എന്തായാലും ചെയ്യുമെന്ന് ഉറപ്പാണ്. ഒരു പടം സംവിധാനം ചെയ്ത ശേഷമേ തിര ചെയ്യുകയുള്ളൂ. കാരണം തിരയുടെ സ്‌കെയില്‍ വളരെ വലുതാണ്.

ഇപ്പോഴുള്ള ഒരു അവസ്ഥയില്‍ പുതിയ പ്രൊഡക്ഷനെ കണ്ടെത്തിയ ശേഷം അവര്‍ ഇന്‍വസ്റ്റ് ചെയ്യാനൊക്കെയുള്ള കാലതാമസമുണ്ട്. തിരയുടെ ആദ്യ ഭാഗം തന്നെ നല്ല കോസ്റ്റായിരുന്നു. അത്രയും സ്ഥലങ്ങള് കവറ് ചെയ്യാന്‍ ഉണ്ടായിരുന്നു. തിരയുടെ രണ്ടാം ഭാഗം അതിന്റെ മുകളില്‍ നില്‍ക്കണം. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണ് തിര. ആ ബജറ്റ് വലിയ ഒരു ഫാക്ടറാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

ധ്യാനിന്റെ സിനിമകളില്‍ ഏറെ ആരാധകരുള്ള ഒന്നാണ് അടി കപ്യാരേ കൂട്ടമണി. ഈ സിനിമയുടെ രണ്ടാം ഭാഗം വരുമ്പോള്‍ പണ്ടത്തെ കഥാപാത്രമാകാന്‍ ശരീരത്തില്‍ മാറ്റം വരുത്തണ്ടേയെന്ന ചോദ്യത്തിന് ‘ഉറപ്പായിട്ടും. അതുകൊണ്ടല്ലേ ആ സിനിമ ചെയ്യാതിരിക്കുന്നത്’ എന്നായിരുന്നു ധ്യാനിന്റെ മറുപടി.


Content Highlight: Dhyan Sreenivasan Talks About Thira Movie And Prithviraj Sukumaran

We use cookies to give you the best possible experience. Learn more