| Tuesday, 18th June 2024, 7:01 pm

എനിക്കുള്ള ട്രോളുകള്‍ കുറവാണ്; നിന്റെ ചേട്ടനോട് പറഞ്ഞേക്കെന്നും പറഞ്ഞാണ് അവര്‍ തെറിവിളിക്കുന്നത്: ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്.

സിനിമ ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയില്‍ എത്തിയതോടെ നിരവധി ട്രോളുകളെയും വിമര്‍ശനങ്ങളെയും നേരിട്ടിരുന്നു. സോണി ലിവിലൂടെയായിരുന്നു ചിത്രം ഇറങ്ങിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയില്‍ എത്തിയതിന് ശേഷമുള്ള ട്രോളുകളെയും വിമര്‍ശനങ്ങളെയും കുറിച്ച് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തനിക്ക് ട്രോളുകള്‍ക്ക് പൊതുവെ കുറവാണെന്നാണ് താരം പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.

‘എനിക്ക് ട്രോളുകള്‍ പൊതുവെ കുറവാണ്. അതുകൊണ്ട് ഞാന്‍ ഹാപ്പിയാണ്. ഞാന്‍ എന്റെ കാര്യം മാത്രം നോക്കിയാല്‍ പോരെ. സാധാരണ എന്റെ പടങ്ങള്‍ക്ക് കിട്ടുന്ന ഒരു സ്വീകാര്യതയുണ്ടല്ലോ (ചിരി), അപ്പോള്‍ എനിക്ക് കിട്ടുന്ന തെറികളും മറ്റും ഈ സിനിമക്കില്ല. ഇപ്പോള്‍ തെറികള്‍ മിക്കവാറും ‘നിന്റെ ആ ചേട്ടനോട് പറഞ്ഞേക്ക്’ എന്ന നിലയിലാണ് വരുന്നത്.

പക്ഷേ അപ്പോഴും എവിടെയൊക്കെയോ മലയാളികള്‍ക്ക് വിനീത് ശ്രീനിവാസനെന്ന മനുഷ്യനോടുള്ള സ്‌നേഹം അതുപോലെ തന്നെയുള്ളത് കൊണ്ട് നേരിട്ട് പോയി തെറി വിളിക്കാനുള്ള ചങ്കൂറ്റമില്ല. അതില്‍ വിഷമമുള്ളത് കൊണ്ടാകാം. അതുകൊണ്ട് ചേട്ടനോട് പറഞ്ഞേക്കെന്നും പറഞ്ഞ് എനിക്കാണ് എല്ലാം കിട്ടുന്നത്. പലര്‍ വഴിയും ഞാന്‍ കൃത്യമായി അദ്ദേഹത്തെ ഇത് അറിയിക്കാന്‍ ശ്രമിക്കുന്നുണ്ട്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.


Content Highlight: Dhyan Sreenivasan Talks About The Trolls That Varshangalkku Shesham Movie Gets

We use cookies to give you the best possible experience. Learn more