ശ്രീനിവാസന്റെ സിനിമകളില്‍ മിക്കതും ഒരേ കഥകളാണെന്നും സ്ട്രഗ്ളിങ് ആയിട്ടുള്ള നായക കഥാപാത്രങ്ങളെയാണ് കാണിക്കുന്നതെന്നും ധ്യാന്‍ ശ്രീനിവാസന്‍. എന്നാല്‍ ഇതെല്ലാം വ്യത്യസ്ത സിനിമകളായി തോന്നുന്നതാണ് അദ്ദേഹത്തിന്റെ വിജയമെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.
‘മിഥുനം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വെള്ളാനകളുടെ നാട് തുടങ്ങിയ അച്ഛന്റെ സിനിമകളെടുക്കുമ്പോള്‍ ഇതിലെല്ലാം സ്ട്രഗ്ളിങ് ആയിട്ടുള്ള നായകനെയാണ് കാണിക്കുന്നത്. മിഥുനവും വെള്ളാനകളുടെ നാടും ഒരു കഥയാണ്. രണ്ട് സിനിമയിലും കുടുംബത്തിനകത്ത് ഉണ്ടാവുന്ന പ്രശ്നങ്ങളാണ് പറയുന്നത്. ഇതില്‍ എന്താണ് വ്യത്യാസം?
നായകന്‍മാര്‍ വരെ ഏകദേശം ഒരുപോലെയാണ്. ഒരേ ബേസില്‍ നിന്നാണ് സിനിമ ചെയ്യുന്നത്. രണ്ടിലും ഒരു അടിത്തറയിടും, അത് കുടുംബമാണ്. പക്ഷേ ഈ രണ്ട് സിനിമകളും നമ്മള്‍ എടുത്ത് കാണുമ്പോള്‍ രണ്ടിലും സോഷ്യല്‍ ഇഷ്യൂസ് ഉണ്ട്. ഒന്നില്‍ ഒരു പാലം പൊളിഞ്ഞ് പോവുന്ന പ്രശ്നങ്ങള്‍, മറ്റൊന്നില്‍ പൊളിറ്റിക്കല്‍ ഇഷ്യൂസ്.
അതുപോലെ വരവേല്‍പ്പ് എടുക്കുകയാണെങ്കിലും പ്രശ്നങ്ങളുള്ള നായകനെയാണ് കാണിക്കുന്നത്. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ ബേസ്. അത് വെച്ച് എത്ര സിനിമകള്‍ ചെയ്തു. എല്ലാം ഒരൊറ്റ കഥയല്ലേ. ഇപ്പോള്‍ ഞാന്‍ പ്രകാശന്‍ വരെ എത്തി നില്‍ക്കുമ്പോഴും സ്ട്രഗിളിങ് ആയിട്ടുള്ള നായകനെയാണ് കാണിക്കുന്നത്.
പക്ഷേ ഇതിന്റെയെല്ലാം പ്രിമൈസും സെറ്റിങും യൂണിവേഴ്സും മാറുമ്പോള്‍ നമുക്ക് ഇതെല്ലാം വേറെ സിനിമകളായി തോന്നുന്നു. അതാണല്ലോ ആ എഴുത്തുക്കാരന്റെ കഴിവ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ലോകേഷ് കനകരാജ് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ മാസ് ആയിട്ടുള്ള നായക കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത് എന്നും അദ്ദേഹത്തിന്റെ ചിത്രങ്ങാളായ കപാലി, കൈതി എന്നീ സിനിമകളുടെ ബേസ് ജയിലില്‍ നിന്ന് ഇറങ്ങി വരുന്ന കഥാപാത്രങ്ങളാണ് എന്നും ധ്യാന്‍ പറഞ്ഞു.
‘ലോകേഷിന്റെ കാര്യം പറയുകയാണെങ്കില്‍ കൈതിയില്‍ അദ്ദേഹം ആദ്യമൊരു ഇമോഷണല്‍ പ്ലാറ്റ്ഫോം എടുത്തിടും, മോളെ കാണാന്‍ വരുന്ന അച്ഛന്‍, അതിനിടയില്‍ നടക്കുന്ന അടി, അതാണ് കൈതിയുടെ കഥ. അതിന്റെ ബേസ് ജയിലില്‍ നിന്ന് ഇറങ്ങി വരുന്ന നായകനാണ്. കപാലിയിലാണെങ്കില്‍ ജയിലില്‍ നിന്ന് ഇറങ്ങി വരുന്ന രജിനികാന്ത്. ജയിലില്‍ നിന്ന് ഇറങ്ങി വരുന്ന നായകന്‍ എന്ന് പറയുന്നത് ഫോര്‍മുലയാണ്. നായകന് അതില്‍ കൂടുതല്‍ ബില്‍ഡപ് ഇനി കൊടുക്കാനില്ല. അവന്‍ ജയിലിലേക്ക് പോവണമെങ്കില്‍ ആരായിരിക്കണം?
കൈതിയില്‍ ആദ്യം നായകന്‍ കോമഡിയൊക്കെ പറഞ്ഞ് ഭക്ഷണമൊക്കെ കഴിച്ച് മോളെ കാണാന്‍ പോവുകയാണ്. എന്നാല്‍ കോമഡിയൊക്കെ പിന്നെയങ്ങു മാറും. അത് ഉറപ്പല്ലേ കാരണം ജയിലില്‍ നിന്നല്ലേ വരുന്നത്. പിന്നെ ഒരു പൂരത്തിനുള്ള അടിയാണ് ആ സിനിമ.
ലോകേഷ് ഒരു സ്ട്രോങ് ഇമോഷണല്‍ പ്ലാറ്റ്ഫോമാണ് ഇടുന്നത്. അതാണ് വിക്രമിലും കാണുന്നത്. മകന്‍ മരിച്ചതിനു ശേഷം അച്ഛന്‍ റിവഞ്ച് എടുക്കുന്നു, കൊച്ചുമോനെ സംരക്ഷിക്കുന്നു, ഇതാണ് വിക്രമിന്റെ ബേസ്. ഇതില്‍ കമല്‍ ഹാസന്‍ സാറിനെ ആവശ്യമുള്ള സമയത്ത് മാത്രമേ യൂസ് ചെയ്തിട്ടുള്ളൂ. ഫസ്റ്റില്‍ വരും, ഇന്റര്‍വല്ലില്‍ വരും, ലാസ്റ്റ് 10 മിനിട്ടിലും വരും. ഇടക്കിടക്ക് കാണിക്കില്ല. അതാണ് മാസ്. നായകന്‍ എവിടെ വരണമെന്ന് കൃത്യമായി തീരുമാനിച്ച് വെക്കും. ബാക്കി കഥാപാത്രങ്ങളെയൊക്കെ പ്ലേ ചെയ്തിരിക്കുന്നത് ഫഹദിനെയും ചെമ്പന്‍ ചേട്ടനെയും വിജയ് സേതുപതിയെയും വെച്ചിട്ടാണ്. പക്ഷേ നായകന്‍ വരുന്ന പോയിന്റ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടാവും. ഇങ്ങനെ ബ്രില്ല്യന്റ് ആയിട്ടുള്ള എഴുത്തുക്കാര്‍ കുറവാണ്,’ ധ്യാന്‍ പറഞ്ഞു.
Content Highlight: dhyan sreenivasan talks about sreenivasan’s movies