സിനിമയെക്കാളുപരി അഭിമുഖങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ അനുഭവങ്ങളും തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളുമാണ് അഭിമുഖങ്ങളില്‍ ധ്യാന്‍ രസകരമായി അവതരിപ്പിക്കുന്നത്.
ശ്രീനിവാസനുമൊത്തുള്ള പഴയ അനുഭവം പറയുകയാണ് ധ്യാന്‍. കഥ പറയുമ്പോള്‍ എന്ന സിനിമ കഴിഞ്ഞ് അച്ഛനുമായി നടത്തിയ സംഭാഷണങ്ങളെ പറ്റിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ വെച്ച് ധ്യാന്‍ പറഞ്ഞത്.
‘കഥ പറയുമ്പോള്‍ എന്ന സിനിമ കഴിഞ്ഞ് ഡബ് കട്ടായതിന് ശേഷം സി.ഡിയിലാക്കി വീട്ടില്‍ വന്നിരുന്നു. അപ്പോള്‍ അച്ഛനറിയാതെ ഞാന്‍ ഈ സിനിമ ഇരുന്നു കണ്ടു. എനിക്ക് ഈ പടം ഇഷ്ടമായില്ല. ശ്രീനിവാസന്‍ എന്ന വന്മരം ഇവിടെ തീര്‍ന്നു, മഹാബോറ് പടം, അച്ഛന്‍ ഫീല്‍ഡ് ഔട്ടായെന്ന് ഞാന്‍ കരുതി. ഇനി ഞാന്‍ ഫീല്‍ഡിലേക്ക് ഇറങ്ങേണ്ടി വരുമല്ലോ എന്ന് ആലോചിച്ചു. രണ്ട് ദിവസം കഴിഞ്ഞിട്ടാണ് അച്ഛന്‍ വീട്ടിലേക്ക് വരുന്നത്. ഞാന്‍ സിനിമ കണ്ട കാര്യം അച്ഛനോട് പറഞ്ഞില്ല.
ഒരു ദിവസം ഞാനും അച്ഛനും കൂടി രാത്രിയില്‍ കഥ പറയുമ്പോള്‍ ഇരുന്ന് കണ്ടു. കണ്ടുകഴിഞ്ഞപ്പോള്‍ സിനിമ എങ്ങനെയുണ്ടെന്ന് അച്ഛന്‍ ചോദിച്ചു. അച്ഛാ ഈ സിനിമ ഓടില്ലെന്ന് ഞാന്‍ പറഞ്ഞു. ഇത് മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റാവുമെന്ന് അച്ഛന്‍ പറഞ്ഞു. എന്താണ് ഇയാള്‍ പറയുന്നത് എന്ന് ഞാന്‍ വിചാരിച്ചു. ഇത്രയും ഓവര്‍ കോണ്‍ഫിഡന്റായ ഒരു എഴുത്തുകാരനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. എന്റെ അച്ഛന്‍ ഇങ്ങനെ മാറിപ്പോയല്ലോ എന്ന് വിചാരിച്ച് അന്ന് ഞാന്‍ കിടന്നുറങ്ങിയില്ല.
മാസങ്ങള്‍ കഴിഞ്ഞ്, ആ വര്‍ഷത്തെ ക്രിസ്മസിന് ഈ സിനിമ റിലീസായി. ഞാനും കൂട്ടുകാരും തിയേറ്ററില്‍ പോയി കണ്ടു. രണ്ട് പ്രാവശ്യം വീട്ടിലിരുന്ന് കണ്ട ഞാന്‍, തിയേറ്ററില്‍ സിനിമയുടെ അവസാനമായപ്പോള്‍ കരഞ്ഞു. തിയേറ്ററിലിരുന്ന എല്ലാവരും കരയുന്നത് ഞാന്‍ കണ്ടു. വീട്ടിലെത്തി ഉച്ചക്ക് അച്ഛന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ ഇരുന്നു. സിനിമ കണ്ടോ ധ്യാന്‍ എന്ന് അച്ഛന്‍ ചോദിച്ചു. കണ്ടെന്ന് ഞാന്‍ പറഞ്ഞു. ഓടുമോ എന്ന് ചോദിച്ചപ്പോള്‍ ഓടുമെന്ന് പറഞ്ഞു.
ഈ സിനിമയില്‍ ഒരു സീന്‍ മാത്രമേ ഞാന്‍ മര്യാദക്ക് എഴുതിയിട്ടുള്ളൂ എന്ന് അച്ഛന്‍ പറഞ്ഞു. അത് അവസാനത്തെ സീനാണ്. അതിന്റെ പുറകിലേക്ക് എന്ത് എഴുതിയാലും ഒരു കുഴപ്പവുമില്ല. ആ സിനിമ നിന്നെ ഫസ്റ്റ് ഹാഫ് ബോറടിപ്പിച്ചോ എന്ന് അച്ഛന്‍ ചോദിച്ചു. ബോറടിപ്പിച്ചു എന്ന് ഞാന്‍ പറഞ്ഞു. ലാഗ് ചെയ്‌തോ എന്ന് ചോദിച്ചു. ചെയ്തുവെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അവസാനത്തെ അഞ്ച് മിനിട്ട് നിന്നെ പിടിച്ച് നിര്‍ത്തിയോ എന്ന് ചോദിച്ചു. നിര്‍ത്തിയെന്ന് പറഞ്ഞു.
അയാളുടെ വിഷന്‍ എന്ന് പറഞ്ഞൊരു സംഭവമുണ്ട്. കാരണം ഒരൊറ്റ സീന്‍ കൊണ്ടാണ് ആ സിനിമ നില്‍ക്കുന്നത്. അതുവരെ എന്തുനടന്നാലും ആ സിനിമയെ ബാധിക്കില്ല. ഒറ്റ സീനില്‍ മമ്മൂക്ക വന്ന് ആ ഒരു ഡയലോഗ് പറഞ്ഞതോടുകൂടി ആ സിനിമയുടെ ഗ്രാഫ് തന്നെ അങ്ങ് മാറി. സൗണ്ടിന് എന്തുമാത്രം പ്രസക്തിയുണ്ട്. ഡബ്ബില്‍ മമ്മൂക്ക എന്ന് പറയുന്ന മജീഷ്യനെ ഞാന്‍ തിരിച്ചറിഞ്ഞു,’ ധ്യാന്‍ പറഞ്ഞു.
Content Highlight: dhyan sreenivasan talks about sreenivasan and kadha parayumbol movie