| Saturday, 7th January 2023, 11:59 am

അച്ഛന്‍ എപ്പോഴും പരിഗണിക്കുന്നത് എന്നെയാണ്, ഒരിക്കലും സിനിമയില്‍ വരില്ലെന്ന് പറഞ്ഞിട്ടുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ഛന്‍ എപ്പോഴും ഏറ്റവും കൂടുതല്‍ പരിഗണിച്ചിട്ടുള്ളത് തന്നെയാണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. എന്നാല്‍ അക്കാര്യത്തില്‍ വിനീതിന് ഒരു പ്രശ്‌നവുമില്ലെന്നും ഏട്ടന്‍ എപ്പോഴും എന്നെ മകനായിട്ടാണ് കാണുന്നതെന്നും ധ്യാന്‍ പറഞ്ഞു.

വിനീത് സ്വയം തന്റെ അച്ഛനായിട്ടാണ് പെരുമാറുന്നതെന്നും ധ്യാന്‍ പറഞ്ഞിരുന്നു. താന്‍ ഒരിക്കലും സിനിമയില്‍ വരില്ലെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും ഇതുവരെ അദ്ദേഹം നല്ലൊരു സിനിമാക്കാരനായി തന്നെ പരിഗണിച്ചിട്ടില്ലെന്നും ധ്യാന്‍ പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ പഴയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അച്ഛന്‍ എന്നും കൂടുതല്‍ പരിഗണന നല്‍കിയിട്ടുള്ളത് എനിക്കാണ്. അക്കാര്യത്തില്‍ ചേട്ടന് ഒരിക്കലും ഒരു പ്രശ്‌നമുണ്ടായിരുന്നില്ല, കാരണം പുള്ളി എപ്പോഴും എന്റെ അച്ഛന്റെ സ്ഥാനത്താണ് നില്‍ക്കുന്നത്. പുള്ളി തന്നെ എന്റെ വേറെയൊരു അച്ഛനായിട്ടാണ് നില്‍ക്കുന്നത്. എന്നെ ഏട്ടന്‍ കാണുന്നതും അങ്ങനെ തന്നെയാണ്. പുള്ളിയുടെ മകനെ പോലെയാണ് എന്നെ പരിഗണിക്കുന്നത്.

അച്ഛന്റെ ഏറ്റവും നല്ല സ്വഭാവം ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അച്ഛന്റെ സത്യസന്ധതയാണെന്ന്. എന്നാല്‍ അച്ഛന്റെ ഏറ്റവും മോശം സ്വഭാവവും ഈ സത്യസന്ധത തന്നെയാണ്. വ്യക്തി ജിവിതത്തിലേക്ക് വരുമ്പോള്‍ അത് വലിയ പ്രശ്‌നമാണ്. പ്രത്യേകിച്ച് എന്റെ കാര്യത്തിലേക്ക് വരുമ്പോള്‍.

ഞാന്‍ ഒരിക്കലും സിനിമയില്‍ വരില്ലെന്ന് അച്ഛന്‍ പറഞ്ഞു. അത് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. പിന്നീട് അതെനിക്കൊരു വാശിയായിരുന്നു. എന്നെ സിനിമയിലേക്ക് കൊണ്ടുവരാനുള്ള പ്രചോദനം ഒന്നും തന്നതായിരുന്നില്ല, മറിച്ച് പുള്ളി കാര്യമായിട്ട് തന്നെ പറഞ്ഞതായിരുന്നു.

എന്നെ ഒരു നല്ല സിനിമാക്കാരനായി അച്ഛന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.എന്നോട് ഇതുവരെ സിനിമയിലെ അഭിനയത്തെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. പിന്നെ അങ്ങനെ പറയുന്ന ആളുമല്ല അച്ഛന്‍,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

അതേസമയം അബാ മൂവീസിന്റെ ബാനറില്‍ കഴിഞ്ഞ വര്‍ഷം തിയേറ്ററിലെത്തിയ വീകമാണ് ധ്യാനിന്റെ ഏറ്റവും പുതിയ സിനിമ. ധ്യാനിനെ കൂടാതെ ഡെയ്ന്‍ ഡേവിസ്, ഷീലു എബ്രഹാം തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

content highlight: dhyan sreenivasan talks about sreenivasan

We use cookies to give you the best possible experience. Learn more