Entertainment
ആ സിനിമ കാണുമ്പോള്‍ ഞാനാലോചിക്കും എത്ര വലിയ ത്യാഗമാണ് ശോഭന ചേച്ചി ചെയ്തതെന്ന്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 24, 05:27 am
Friday, 24th January 2025, 10:57 am

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ തിര എന്ന സിനിമയിലൂടെയാണ് ധ്യാന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയിലും ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും കയ്യൊപ്പ് പതിപ്പിച്ചു.

സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അമ്മാവന്‍ എം.മോഹനന്‍ ആണ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്നെതെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. അദ്ദേഹം 916 എന്ന സിനിമ സംവിധാനം ചെയ്യുമ്പോള്‍ അതില്‍ അസിസ്റ്റന്റായാണ് തുടക്കമെന്ന് ധ്യാന്‍ പറഞ്ഞു.

ചിത്രത്തിലെ നായകനായ അനൂപ് മേനോനെ കണ്ടപ്പോള്‍ നായകന്‍ ആകാന്‍ തോന്നിയെന്നും നിര്‍മാതാക്കളെ കണ്ടപ്പോള്‍ അതാകാന്‍ തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരയിലെ തന്റെ അഭിനയം കാണുമ്പോള്‍ വിഷമം തോന്നുമെന്നും തന്നെപോലെ ഒരാളുടെ കൂടെ അഭിനയിക്കാന്‍ ശോഭന തയ്യാറായത് കാണുമ്പോള്‍ എത്ര വലിയ ത്യാഗമാണ് അവര്‍ ചെയ്തതെന്ന് തോന്നുമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

‘അമ്മാവന്‍ എം.മോഹനന്‍ ആണ് ശരിക്കും എന്നെ സിനിമയിലെടുത്തത്. അദ്ദേഹം 916 എന്ന സിനിമ സംവിധാനം ചെയ്യുന്ന സമയം. അതില്‍ അസിസ്റ്റന്റായി. അന്ന് മുതലാണ് സംവിധായകനാകണമെന്ന മോഹം തുടങ്ങിയത്. ആ സിനിമയില്‍ അനൂപ് മേനോന്‍ ആയിരുന്നു നായകന്‍. അദ്ദേഹത്തെ കണ്ടപ്പോള്‍ നായകനാകാനും തോന്നി. പിന്നെ ചില നിര്‍മാതാക്കളുടെ പത്രാസ് കണ്ടപ്പോള്‍ അതാകണം വഴിയെന്നു തോന്നി. ചുരുക്കത്തില്‍ ഇതെല്ലാമായി.

അമ്മാവന്റെ ഒപ്പം നില്‍ക്കുന്ന കാലത്താണു തിരയിലെ നായകനാകാന്‍ ഏട്ടന്‍ വിളിച്ചത്. അതിലെ അഭിനയം കാണുമ്പോള്‍ എന്തുകൊണ്ടാണെന്നറിയില്ല ഇപ്പോഴും എനിക്ക് വിഷമമാണ്. പുതുമുഖമായ എന്നെപ്പോലൊരാളുമായി അഭിനയിക്കാന്‍ ശോഭന തയാറായി എന്നതു വലിയ കാര്യമല്ലേ? ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ ഞാനാലോചിക്കും എത്ര വലിയ ത്യാഗമാണ് അവര്‍ ചെയ്തതെന്ന്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan talks about Shobana in thira movie