| Monday, 22nd April 2024, 8:43 pm

രണ്ട് വര്‍ഷത്തിനിടയില്‍ അപ്പു ഒട്ടും എക്സ്പോസ്ഡല്ല; അവരങ്ങനെ പറയുമ്പോള്‍ ഞാന്‍ ടെന്‍ഷനിലായി: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനുമുണ്ടായിരുന്നു. പ്രണവിന്റെ സുഹൃത്തായ വേണു കൂത്തുപറമ്പ് എന്ന കഥാപാത്രമായിട്ടായിരുന്നു ധ്യാന്‍ എത്തിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂസിനെ കുറിച്ച് പറയുകയാണ് ധ്യാന്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഇന്റര്‍വ്യൂകളൊക്കെ ഒരുപാട് ആളുകള്‍ കണ്ടു. എല്ലാ പ്രൊമോഷനെയും ബ്രേക്ക് ചെയ്യുന്ന രീതിയില്‍ ആയിരുന്നു അത്. ഇത് സത്യത്തില്‍ എന്റെ ടെന്‍ഷന്‍ വര്‍ധിപ്പിച്ചു. പ്രൊമോഷനല്‍ പരിപാടികള്‍ ഒരുപാട് റീച്ചായപ്പോള്‍ ആളുകള്‍ തിയേറ്ററില്‍ പോയി ഫണ്‍ വെയിറ്റ് ചെയ്യുമോ എന്ന പേടിയായി.

കാരണം ഇന്റര്‍വ്യൂകളൊക്കെ ഒരുപാട് റീച്ചായിരുന്നു. അതിന്റെ താഴെ ‘ഇതിന്റെ പകുതി തമാശ സിനിമയില്‍ ഉണ്ടായിരുന്നാല്‍ മതി’ എന്ന് കമന്റ് ഉണ്ടായിരുന്നു. എന്നാല്‍ ഇത് തമാശ നിറഞ്ഞ പടമല്ല. ഡ്രാമയും ഇമോഷനും ഒക്കെയുള്ള പടമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. സ്ലോ പേസുമാണ് ചിത്രം.

ഇന്റര്‍വ്യൂ കണ്ടന്റുകള്‍ വന്നപ്പോള്‍ സിനിമ പാളിപോകുമോ എന്ന പേടി തോന്നി. ഒരു ഭാഗത്ത് നിന്ന് ആളുകള്‍ ഇന്റര്‍വ്യൂ ഹിറ്റായല്ലോ എന്ന് പറഞ്ഞ് പൊക്കി പറയുമ്പോള്‍ ഞാന്‍ ടെന്‍ഷനിലായി. ഇത് ബാക്ഫയര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ വിശാഖിനോട് പറഞ്ഞിരുന്നു.

പക്ഷേ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ വിശാഖ് എന്നെ വിളിച്ച് ടെന്‍ഷന്‍ വേണ്ടെന്ന് പറഞ്ഞു. എന്നെ അടുത്ത് അറിയുന്ന സുഹൃത്തുക്കള്‍ പോലും വിളിച്ച് ഞാന്‍ കരയുന്ന സ്ഥലത്ത് അവര്‍ക്ക് കണ്ണ് നിറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. അതില്‍ സിനിമയുടെ ഷൂട്ടിങ് നിന്ന് പോയെന്ന് പറയുന്ന സീനിനെ കുറിച്ചാണ് അവര്‍ പറഞ്ഞത്.

കാരണം തലേദിവസം സംസാരിച്ച ആളുകളാണ് ഇത് പറയുന്നത്. അപ്പു എക്സ്പോസ്ഡല്ല. രണ്ട് വര്‍ഷത്തിന്റെ ഇടയില്‍ അപ്പു ഒട്ടും എക്സ്പോസ്ഡ് അല്ലായിരുന്നു. അവനെ അതുകൊണ്ട് ആ കഥാപാത്രമായി ഫീല്‍ ചെയ്യാം. എന്നാല്‍ എന്നെ അങ്ങനെ ഫീല്‍ ചെയ്യണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതുകൊണ്ട് സുഹൃത്തുക്കളുടെ ഫീഡ്ബാക്ക് കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ഹാപ്പിയായി,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.


Content Highlight: Dhyan Sreenivasan Talks About Pranav Mohanlal

We use cookies to give you the best possible experience. Learn more