| Monday, 4th November 2024, 2:42 pm

അന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട് ലാല്‍ സാര്‍ വിളിച്ചു; ഒരു കാര്യം മാത്രമാണ് അദ്ദേഹം പറഞ്ഞത്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ സിനിമ ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

ധ്യാനിനും പ്രണവിനും പുറമെ കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിരയായിരുന്നു ഈ ചിത്രത്തില്‍ ഒന്നിച്ചത്. ഈ സിനിമ കണ്ട ശേഷം മോഹന്‍ലാല്‍ തന്നെ വിളിച്ചിരുന്നുവെന്ന് പറയുകയാണ് ധ്യാന്‍.

മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ ഉദ്ദേശിച്ച സിനിമ താന്‍ പിച്ച് ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍ ഇപ്പോള്‍ വലിയ സിനിമകളുടെ തിരക്കിലാണെന്നും ധ്യാന്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘ലാല്‍ സാറിനെ വെച്ച് ചെയ്യാന്‍ ഉദ്ദേശിച്ച സിനിമ ഞാന്‍ പിച്ച് ചെയ്തിട്ടൊന്നുമില്ല. കഥകളൊക്കെ ആലോചിക്കുന്നുണ്ട്. കഥകളുണ്ട്, പക്ഷെ ആ ഭാഗത്തേക്കേ പോയില്ല. അങ്ങനെ പോയില്ലെന്ന് പറയാന്‍ കാരണം അദ്ദേഹം വലിയ വലിയ സിനിമകളുടെ തിരക്കിലാണ് ഇപ്പോള്‍.

അദ്ദേഹത്തിന്റെ തിരക്കുകളൊക്കെ കഴിഞ്ഞിട്ട് എന്നെങ്കിലും ഒരിക്കല്‍ അദ്ദേഹത്തെ കാണാമെന്നാണ് കരുതിയത്. എന്നെ അദ്ദേഹം അവസാനമായി വിളിച്ചത് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ കണ്ടതിന് ശേഷമാണ്. ‘യു ഡിഡ് ആന്‍ എക്‌സെലന്റ് ജോബ്’ എന്ന് പറഞ്ഞു. അതൊക്കെ ശരിക്കും ഒരുപാട് സന്തോഷം നല്‍കുന്ന കാര്യമാണ്.

ഇങ്ങോട്ട് വിളിച്ചിട്ട് അഭിപ്രായം പറയുന്നത് ചെറിയ കാര്യമല്ല. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ ഇറങ്ങിയതിന് പിന്നാലെ ഒരുപാട് ആളുകള്‍ വിളിച്ചിരുന്നു. അതില്‍ ഏറ്റവും സന്തോഷം തോന്നിയത് ലാല്‍ സാറ് വിളിച്ചപ്പോഴായിരുന്നു. കാരണം അവര് ചെയ്യാനിരുന്ന പടമായിരുന്നല്ലോ അത്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Dhyan Sreenivasan Talks About Mohanlal And Varshangalkku Shesham Movie

We use cookies to give you the best possible experience. Learn more