|

കുഞ്ഞിരാമായണവും അടി കപ്യാരെ കൂട്ടമണിയും വിജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു, ആ സിനിമകളുടെ ഫോര്‍മുല അതായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓരോ സിനിമ ചെയ്യുമ്പോഴും അത് വിജയിക്കുമോ ഇല്ലയോ എന്ന് തനിക്ക് മനസിലാകുമെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ചില സിനിമകളൊക്കെ തിയേറ്ററില്‍ വരുന്നതിന് മുമ്പ് തന്നെ പരാജയപ്പെടുമെന്ന് തനിക്ക് മനസിലായിരുന്നുവെന്നും താരം പറഞ്ഞു. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി എന്നീ സിനിമകള്‍ ഉറപ്പായും വിജയിക്കുമെന്ന് അറിയാമായിരുന്നുവെന്നും അത്തരത്തിലൊരു ഫോര്‍മുലയാണ് സിനിമയില്‍ ഉപയോഗിച്ചിരുന്നതെന്നും ധ്യാന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഒരു വര്‍ഷം ഇരുപത് സിനിമ ചെയ്താല്‍ ഇരുപത് സിനിമയും വിജയിക്കണമെന്ന് നമുക്ക് വാശിപിടിക്കാന്‍ പറ്റില്ലല്ലോ. ചില സിനിമകള്‍ വിജയിക്കും ചിലത് പരാജയപ്പെടും അതൊക്കെ സ്വാഭാവികമാണ്. സിനിമയില്‍ അഭിനയിക്കുമ്പോല്‍ തന്നെ അത് ഓടുമോ ഇല്ലയോ എന്ന് നമുക്ക് മനസിലാകും. ഞാന്‍ ഇതുവരെ ഓടില്ലായെന്ന് വിചാരിച്ച സിനിമയൊന്നും ഓടിയിട്ടുമില്ല, ഓടുമെന്ന് കരുതിയ സിനിമയൊന്നും പരാജയപ്പെട്ടിട്ടുമില്ല.

കുഞ്ഞിരാമായണം കണ്ടപ്പോഴും അടി കപ്യാരെ കൂട്ടമണി കണ്ടപ്പോഴുമൊക്കെ എനിക്ക് അറിയാമായിരുന്നു സിനിമ ഉറപ്പായും വിജയിക്കുമെന്ന്. ആ സിനിമയുടെയൊക്കെ എഡിറ്റിങ്ങിലും പോസ്റ്റ് പ്രൊഡക്ഷനിലുമൊക്കെ ഞാന്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ നമുക്കറിയാം ആ സിനിമക്കൊക്കെ ഒരു ഫോര്‍മുലയുണ്ട്. ആ സിനിമയൊക്കെ ഉറപ്പായും വര്‍ക്കാകുമെന്ന്.

ആ രണ്ട് സിനിമയും തിയേറ്ററില്‍ വര്‍ക്കാകുകയും ചെയ്തു. ചില സിനിമയൊക്കെ ഇതുപോലെ കണ്ട് കഴിയുമ്പോള്‍ കഥ നല്ലതായിരിക്കും. പിന്നീട് പോസ്റ്റ് പ്രൊഡക്ഷനിലൊക്കെ ഇരിക്കുമ്പോള്‍ നമുക്ക് മസിലാകും സിനിമ ഓടില്ലായെന്ന്. ഒട്ടും പ്രതീക്ഷിക്കാതെ തിയേറ്ററില്‍ ഓടിയ സിനിമകളുമുണ്ട്. അതിലൊന്നാണ് ഉടല്‍ സിനിമ.

ഒരിക്കലും വിജയിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കഥ നല്ലതായിരുന്നു എങ്കിലും അത് ഒ.ടി.ടിക്ക് പറ്റി സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. കാരണം അതൊരു ചെറിയ വീട്ടില്‍ മാത്രമായി നടക്കുന്ന കഥയാണത്. അതുകൊണ്ട് തന്നെ തിയേറ്ററില്‍ എങ്ങനെ ഈ സിനിമ നിലനില്‍ക്കും എന്ന സംശയമുണ്ടായിരുന്നു. പ്രത്യേകിച്ച് കൊറോണയൊക്കെ കഴിഞ്ഞ് വരുന്ന സമയത്താണ് ഉടല്‍ തിയേറ്ററിലെത്തിയത്,’ ധ്യാന്‍ പറഞ്ഞു.

അതേസമയം അബാം മൂവീസിന്റെ ബാനറില്‍ സാഗര്‍ ഹരി സംവിധാനം ചെയ്ത വീകമാണ് ധ്യാന്റെ ഏറ്റവും പുതിയ സിനിമ. സിനിമയില്‍ ഡോക്ടറായാണ് താരം അഭിനയിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് തിയേറ്ററിലെത്തിയ സിനിമയില്‍ ഡെയ്ന്‍ ഡേവിസ്, അജു വര്‍ഗീസ്, ഷീലു എബ്രഹാം, ദിനേഷ് പണിക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയേറ്ററില്‍ സമ്മിശ്ര അഭിപ്രായമാണ് സിനിമക്ക് ലഭിച്ചത്.

content highlight: dhyan sreenivasan talks about kunjiramayanam and adi kapyare koottamani