ബേസില്‍ മറ്റൊരു നടനോട് ആ കഥ പറഞ്ഞു; സിനിമ നടക്കാതെ വന്നതോടെയാണ് ഏട്ടനോട് പറയുന്നത്: ധ്യാന്‍ ശ്രീനിവാസന്‍
Entertainment
ബേസില്‍ മറ്റൊരു നടനോട് ആ കഥ പറഞ്ഞു; സിനിമ നടക്കാതെ വന്നതോടെയാണ് ഏട്ടനോട് പറയുന്നത്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th April 2024, 7:24 pm

2015ല്‍ പുറത്തിറങ്ങി വലിയ വിജയമായ ചിത്രമായിരുന്നു കുഞ്ഞിരാമായണം. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രമായിരുന്നു ഇത്.

ദീപു പ്രദീപ് തിരക്കഥ രചിച്ച ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, മാമുക്കോയ തുടങ്ങിയ വലിയ താരനിര തന്നെയായിരുന്നു ഒന്നിച്ചത്.

താന്‍ കുഞ്ഞിരാമായണം സിനിമയില്‍ അഭിനയിച്ചത് ഒരിക്കലും ആ കഥ കേട്ടിട്ടല്ലെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ബേസില്‍ ജോസഫ് മറ്റൊരു നടനോട് ആ സിനിമയുടെ കഥ പറഞ്ഞിരുന്നുവെന്നും എന്നാല്‍ അത് നടക്കാതെ പോയതോടെ ബേസില്‍ വിനീത് ശ്രീനിവാസനോട് കഥ പറയുകയായിരുന്നെന്നും താരം പറഞ്ഞു.

തന്റെ സഹോദരനായ വിനീതിന് ആ സിനിമ ഇഷ്ടമായതിന് ശേഷമാണ് ബേസില്‍ കഥയുമായി തന്റെ അടുത്തേക്ക് വന്നതെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ കുഞ്ഞിരാമായണം ചെയ്തത് ഒരിക്കലും ആ കഥ കേട്ടിട്ടല്ല. കഥ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ ഒരിക്കല്‍ കാരംസ് കളിച്ചിരിക്കുന്ന സമയത്താണ് ബേസില്‍ വരുന്നത്. അവന്‍ മറ്റൊരു നടനോട് ആ കഥ പറഞ്ഞിരുന്നു.

എന്നാല്‍ അത് നടക്കാതെ പോകുകയായിരുന്നു. ആ സമയത്താണ് ഏട്ടനോട് ഈ കഥ പറയുന്നത്. അന്ന് ഞാന്‍ കഥ കേട്ടിരുന്നില്ല. കഥ കൊള്ളാമെന്നൊക്കെ പറഞ്ഞ് ബേസില്‍ പോയി. അതുകഴിഞ്ഞ് പിന്നീട് ഒരു ദിവസമാണ് ബേസില്‍ എന്നോട് സിനിമയെ പറ്റി പറയുന്നത്.

അപ്പോഴും കഥ എന്താണെന്ന് പറഞ്ഞിരുന്നില്ല. ഏട്ടന് സിനിമ ഓക്കെയായതിന് ശേഷമാണ് ബേസില്‍ എന്റെ അടുത്തേക്ക് വന്നത്. ഞാന്‍ ആ കഥ കേള്‍ക്കാതെ ബ്ലൈന്‍ഡായിട്ടാണ് പോയത്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രത്തില്‍ ധ്യാനിനൊപ്പം പ്രണവ് മോഹന്‍ലാല്‍ ആണ് നായകനായി എത്തിയത്. വന്‍താര നിര അഭിനയിച്ചിട്ടുള്ള ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Dhyan Sreenivasan Talks About Kunjiramayanam