ശ്രീനിവാസന്റെ തിരക്കഥയില്‍ എം. മോഹനന്‍ സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘കഥ പറയുമ്പോള്‍’. ശ്രീനിവാസനും മുകേഷും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ ശ്രീനിവാസന്‍, മീന, മമ്മൂട്ടി തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയിരുന്നത്.
വലിയ വാണിജ്യ വിജയമായ ചിത്രം ബാര്‍ബര്‍ ബാലനും സൂപ്പര്‍ സ്റ്റാര്‍ അശോക് രാജും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചായിരുന്നു പറഞ്ഞത്. ‘കഥ പറയുമ്പോള്‍’ ഒരു ഫ്രണ്ട്ഷിപ്പ് ഇമോഷണല്‍ ഡ്രാമയാണെന്നും താന്‍ ഈ സിനിമയുടെ ഫസ്റ്റ് ഹാഫ് കാണാറില്ലെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
തന്റെ ഏറ്റവും പുതിയ ചിത്രമായ സ്വര്‍ഗത്തിലെ കട്ടുറുമ്പിന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ‘കഥ പറയുമ്പോള്‍’ ടി.വിയില്‍ വന്നാല്‍ ഫസ്റ്റ് ഹാഫ് കാണാതെ ചാനല്‍ മാറ്റുമെന്നും അവസാന ഭാഗമെത്തുമ്പോള്‍ മാത്രമാണ് കാണുന്നതെന്നും ധ്യാന്‍ പറയുന്നു.
‘കഥ പറയുമ്പോള്‍ എന്ന സിനിമ ഡ്രാമയാണ്. ഫ്രണ്ട്ഷിപ്പ് ഇമോഷണല്‍ ഡ്രാമയാണ് അത്. ഞാന്‍ അതിന്റെ ഫസ്റ്റ് ഹാഫൊന്നും കാണാറില്ല. ഓടിച്ചു വിടും, ടി.വിയില്‍ ആണെങ്കില്‍ ചാനല്‍ മാറ്റും. എന്നിട്ട് അതിന്റെ അവസാന ഭാഗമെത്തുമ്പോള്‍ വീണ്ടും വെച്ച് കാണും. കാരണം അതുവരെ കാണാന്‍ ഇഷ്ടമല്ല. ആ ഭാഗം വരെ സിനിമ ലാഗാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
കൊമേഷ്യല്‍ സിനിമകളും കോമഡി സിനിമകളും മാത്രമാണ് ആളുകള്‍ എപ്പോഴും റിപ്പീറ്റായി കാണുന്നതെന്നും തിയേറ്ററില്‍ മികച്ച എക്സ്പീരിയന്‍സ് നല്‍കിയ ഡ്രാമ ഒരിക്കലും ടി.വിയില്‍ കണ്ടിരിക്കാന്‍ കഴിയില്ലെന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘നമ്മള്‍ എപ്പോഴും റിപ്പീറ്റ് കാണുന്നത് കൊമേഷ്യല്‍ സിനിമകളും കോമഡി സിനിമകളുമൊക്കെയാണ്. തിയേറ്ററില്‍ മികച്ച എക്സ്പീരിയന്‍സ് നല്‍കിയ ഡ്രാമയൊന്നും നമുക്ക് ഒരിക്കലും വീട്ടില്‍ ടി.വിയില്‍ കണ്ടിരിക്കാന്‍ കഴിയില്ല. അതാണ് സത്യാവസ്ഥ. സിനിമക്ക് നല്ല ലാഗുണ്ടാകും, ബോറടിക്കും. എന്താണ് ഈ സിനിമ മുന്നോട്ട് നീങ്ങാത്തതെന്ന് തോന്നും.
എന്നാല്‍ ആവേശം, റ്റൂ കണ്‍ഡ്രീസ്, അടി കപ്യാരെ കൂട്ടമണി പോലെയുള്ള സിനിമകള്‍ നമുക്ക് എത്ര തവണ വേണമെങ്കിലും റിപ്പീറ്റ് കാണാന്‍ കഴിയും. പക്ഷെ ഒരു ഡ്രാമ പടം വീണ്ടും റിപ്പീറ്റ് കാണുന്നുണ്ടെങ്കില്‍ അത് ആകാശദൂത് പോലെയൊക്കെയുള്ള ചില ചുരുക്കം സിനിമകള്‍ മാത്രമാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan Talks About Katha Parayumpol Movie