| Thursday, 25th July 2024, 10:17 pm

പ്ലസ് ടു മാര്‍ക്ക് നോക്കിയാണ് അവന് റോള് കൊടുത്തത്; ഞാനാണെങ്കില്‍ അന്നുതന്നെ രാജി കത്ത് കൊടുത്തേനേ: ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ തിരക്കഥകളിലൂടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ അപര്‍ണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്ര മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരും ഒന്നിക്കുന്നു.

ഈ സൈക്കോളജിക്കല്‍ മിസ്റ്ററി ചിത്രത്തില്‍ കലേഷ് രാമാനന്ദ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. കലേഷിന്റെ പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ് നോക്കിയിട്ടാണോ ആ കഥാപാത്രത്തെ കൊടുത്തതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് ധ്യാന്‍ പറയുന്നു. ചിത്രത്തിന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. വളരെ പ്രയാസമുള്ള ഡയലോഗുകളാണ് കലേഷിന് ഉണ്ടായിരുന്നതെന്നും ആ കഥാപാത്രം തനിക്ക് കിട്ടിയിരുന്നെങ്കില്‍ ആ സിനിമ ചെയ്യില്ലായിരുന്നു എന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

‘അവന്റെ പ്ലസ് ടുവിന്റെ മാര്‍ക്ക് ഷീറ്റ് നോക്കിയിട്ടാണ് ആ കഥാപാത്രം കൊടുത്തത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം അത്രയും കടുകട്ടിയായി മെമ്മറൈസ് ചെയ്യേണ്ട വലിയ ലെങ്ത്തുള്ള ഡയലോഗുകളായിരുന്നു അവനുള്ളത്. അവന്‍ വന്ന് അതൊക്കെ പഠിച്ചു. വളരെ പ്രയാസമുള്ള ഒരിക്കലും കിട്ടാത്ത തരത്തിലുള്ള ഡയലോഗുകളാണ്. അതില്‍ പലതും കട്ട് ചെയ്തുകളഞ്ഞു എന്നാണ് കേട്ടത് (ചിരി).

ഞാന്‍ ആലോചിച്ചത്, ഈ കഥാപാത്രം എനിക്ക് കിട്ടിയിരുന്നെങ്കിലോ എന്നാണ്. അങ്ങനെയെങ്കില്‍ സ്വാമി സാര്‍ ആണെന്നൊന്നും ഞാന്‍ നോക്കില്ല. ഇത് നടക്കൂല, ഇതാണ് എന്റെ രാജി കത്ത് എന്ന് പറഞ്ഞ് ഞാന്‍ ആദ്യ ദിവസം തന്നെ അവിടുന്ന് പോയേനെ. ദൈവം സഹായിച്ച് അത് കേട്ടിരിക്കേണ്ട കാര്യമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. അതുപോലും ഒരു പരിധിയില്‍ കൂടുതല്‍ ആയപ്പോള്‍ ഞാന്‍ അവിടുന്ന് പോയാലോ എന്ന് ആലോചിച്ചു. മൂന്ന് ദിവസം അവന്‍ പറയുന്ന ഡയലോഗും കേട്ട് ഞാന്‍ ഇരുന്നു,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Dhyan Sreenivasan Talks About Kalesh Ramanand’s Character In Secret Movie

We use cookies to give you the best possible experience. Learn more