| Sunday, 1st January 2023, 5:52 pm

ഫസ്റ്റ് ഹാഫ് ബോറടിയും ലാഗുമായിരുന്നു, ഒരു രംഗം മാത്രമാണ് മര്യാദക്ക് എഴുതിയത്, അന്ന് മമ്മൂട്ടിയിലെ മജീഷ്യനെ ഞാന്‍ തിരിച്ചറിഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം. മോഹനന്റെ സംവിധാനത്തില്‍ ശ്രീനിവാസന്‍ നായകനായ ചിത്രമാണ് കഥ പറയുമ്പോള്‍. ശ്രീനിവാസന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിലെ മമ്മൂട്ടിയുടെ ഗസ്റ്റ് അപ്പിയറന്‍സ് വലിയ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി വരുന്ന രംഗമാണ് തിയേറ്ററുകളില്‍ ഏറ്റവുമധികം കയ്യടി നേടിയതും.

മമ്മൂട്ടി വന്ന ക്ലൈമാക്‌സ് രംഗമാണ് ചിത്രത്തില്‍ ശ്രീനിവാസന്‍ മര്യാദക്ക് എഴുതിയതെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ആ ഒരു രംഗത്തിലെ മമ്മൂട്ടിയുടെ ഡയലോഗ് കൊണ്ട് സിനിമയുടെ ഗ്രാഫ് തന്നെ മാറിയെന്നും ഡബ്ബിങ്ങിലെ മമ്മൂട്ടി എന്ന മജീഷ്യനെ തിരിച്ചറിഞ്ഞെന്നും ധ്യാന്‍ പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലിന്റെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ വെച്ചായിരുന്നു കഥ പറയുമ്പോള്‍ എന്ന ചിത്രത്തെ കുറിച്ച് ധ്യാന്‍ പറഞ്ഞത്.

‘ഇന്റര്‍വെല്ലായപ്പോഴേക്കും ഇതെന്ത് പടമാണെന്ന് എന്റെ ചില സുഹൃത്തുക്കള്‍ ചോദിച്ചു. എന്നാല്‍ സിനിമ കഴിഞ്ഞപ്പോള്‍ തിയേറ്ററിലിരുന്ന എല്ലാവരും കരയുന്നത് ഞാന്‍ കണ്ടു. വീട്ടിലെത്തി ഉച്ചക്ക് അച്ഛന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ ഇരുന്നു. സിനിമ കണ്ടോ ധ്യാന്‍ എന്ന് അച്ഛന്‍ ചോദിച്ചു. കണ്ടെന്ന് ഞാന്‍ പറഞ്ഞു. ഓടുമോ എന്ന് ചോദിച്ചപ്പോള്‍ ഓടുമെന്ന് പറഞ്ഞു.

‘ഈ സിനിമയില്‍ ഒരു സീന്‍ മാത്രമേ ഞാന്‍ മര്യാദക്ക് എഴുതിയിട്ടുള്ളൂ എന്ന് അച്ഛന്‍ പറഞ്ഞു. അത് അവസാനത്തെ സീനാണ്. അതിന്റെ പുറകിലേക്ക് എന്ത് എഴുതിയാലും ഒരു കുഴപ്പവുമില്ല. ആ സിനിമ നിന്നെ ഫസ്റ്റ് ഹാഫ് ബോറടിപ്പിച്ചോ എന്ന് അച്ഛന്‍ ചോദിച്ചു. ബോറടിപ്പിച്ചു എന്ന് ഞാന്‍ പറഞ്ഞു. ലാഗ് ചെയ്‌തോ എന്ന് ചോദിച്ചു. ചെയ്തുവെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അവസാനത്തെ അഞ്ച് മിനിട്ട് നിന്നെ പിടിച്ച് നിര്‍ത്തിയോ എന്ന് ചോദിച്ചു. നിര്‍ത്തിയെന്ന് പറഞ്ഞു.

അയാളുടെ വിഷന്‍ എന്ന് പറഞ്ഞൊരു സംഭവമുണ്ട്. കാരണം ഒരൊറ്റ സീന്‍ കൊണ്ടാണ് ആ സിനിമ നില്‍ക്കുന്നത്. അതുവരെ എന്തുനടന്നാലും ആ സിനിമയെ ബാധിക്കില്ല. ഒറ്റ സീനില്‍ മമ്മൂക്ക വന്ന് ആ ഒരു ഡയലോഗ് പറഞ്ഞതോടുകൂടി ആ സിനിമയുടെ ഗ്രാഫ് തന്നെ അങ്ങ് മാറി. സൗണ്ടിന് എന്തുമാത്രം പ്രസക്തിയുണ്ട്. ഡബ്ബില്‍ മമ്മൂക്ക എന്ന് പറയുന്ന മജീഷ്യനെ ഞാന്‍ തിരിച്ചറിഞ്ഞു,’ ധ്യാന്‍ പറഞ്ഞു.

വീകമാണ് ഒടുവില്‍ റിലീസ് ചെയ്ത ധ്യാനിന്റെ ചിത്രം. സാഗര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷീലു എബ്രഹാം, ഡെയ്ന്‍ ഡേവിസ്, ഡയാന ഹേമന്ത്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതിര്, ആപ്പ് കൈസേ ഹോ, ബുള്ളറ്റ് ഡയറീസ്, ഹിഗ്വിറ്റ, ജയിലര്‍, നദികളില്‍ സുന്ദരി യമുന എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഇനി ധ്യാന്‍ ശ്രീനിവാസന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്.

Content Highlight: dhyan sreenivasan talks about kadha parayumbol movie

We use cookies to give you the best possible experience. Learn more