| Monday, 22nd April 2024, 8:21 pm

ഇഷ്ടമാകാതെ തിയേറ്ററില്‍ നിന്നിറങ്ങി പോയി; പിന്നീട് വീട്ടില്‍ മക്കളോടൊപ്പം കണ്ടു: ഏട്ടന്റെ സിനിമയെ കുറിച്ച് ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ഒട്ടും റിലേറ്റ് ചെയ്യാന്‍ പറ്റാതെ പോയ ചേട്ടന്റെ സിനിമയെ കുറിച്ച് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ഹൃദയത്തെ കുറിച്ചാണ് ധ്യാന്‍ പറഞ്ഞത്.

ഹൃദയം ചെറുപ്പക്കാരായവര്‍ക്കും മില്ലേനിയം കിഡ്സിനും ഇടയില്‍ ഒരുപാട് ഓളമുണ്ടാക്കിയ സിനിമയാണെന്നും എന്നാല്‍ തനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാന്‍ പറ്റാത്ത ഏരിയയായിരുന്നു ആ സിനിമയില്‍ ഉണ്ടായിരുന്നതെന്നും ധ്യാന്‍ പറയുന്നു.

തന്നെക്കാള്‍ പ്രായം ഉള്ളവരിലും ഹൃദയം വര്‍ക്കായിട്ടില്ലെന്നും താന്‍ ഹൃദയത്തിന്റെ സെക്കന്റ് ഹാഫ് തിയേറ്ററില്‍ കണ്ടിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

ഫസ്റ്റ് ഹാഫില്‍ താന്‍ കാണാതെ തിയേറ്ററില്‍ നിന്ന് ഇറങ്ങി പോയ ഈ സിനിമയുടെ സെക്കന്റ് ഹാഫ് പിന്നീട് താന്‍ കാണുന്നത് വീട്ടില്‍ മക്കളുടെ കൂടെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ ഏട്ടന്‍ ഹൃദയത്തിന് ശേഷം ചെയ്യുന്ന സിനിമയാണ്. ഹൃദയം യങ് ആയ ഓഡിയന്‍സിനും മില്ലേനിയം കിഡ്സിനും ഇടയില്‍ ഒരുപാട് ഓളം ഉണ്ടാക്കിയ സിനിമയാണ്. എന്നേക്കാള്‍ പ്രായം ഉള്ളവരില്‍ പലര്‍ക്കും ഹൃദയം വര്‍ക്കായിട്ടില്ല.

എനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാന്‍ പറ്റാത്ത ഏരിയയായിരുന്നു ആ സിനിമയില്‍ ഉണ്ടായിരുന്നത്. കമിങ് ഓഫ് ഏജ് ആയിട്ട് പോലും എനിക്ക് അത് വര്‍ക്കായിട്ടില്ല. സത്യത്തില്‍ ഞാന്‍ അതിന്റെ സെക്കന്റ് ഹാഫ് തിയേറ്ററില്‍ കണ്ടിട്ടില്ല.

ഫസ്റ്റ് ഹാഫില്‍ ഞാന്‍ ഇറങ്ങി പോയിരുന്നു. സെക്കന്റ് ഹാഫ് ഞാന്‍ കാണുന്നത് വീട്ടില്‍ ഇരുന്ന് മക്കള്‍ ആ സിനിമ കാണുമ്പോഴാണ്. അന്ന് അജുവിന്റെ മക്കളൊക്കെ വീട്ടില്‍ വന്നിരുന്നു. എനിക്ക് എവിടെയും ആ സിനിമ റിലേറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

കൊവിഡിന് ശേഷം തിയേറ്ററുകളില്‍ യൂത്ത് ആഘോഷമാക്കി മാറ്റിയ വിനീതിന്റെ ചിത്രമാണ് ഹൃദയം. ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഹൃദയം നേടിയിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.


Content Highlight: Dhyan Sreenivasan Talks About Hridayam Movie

We use cookies to give you the best possible experience. Learn more