| Friday, 2nd February 2024, 1:12 pm

അന്ന് പ്രണവിനെ കുറിച്ച് ഞാന്‍ തമാശ പറഞ്ഞതായിരുന്നു; എന്നാല്‍... ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും. മൂന്നുപേരും ഒന്നിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ധ്യാന്‍ ശ്രീനിവാസന്‍ കുറച്ചുനാള്‍ മുമ്പ് തന്റെ ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ ഇടയില്‍ പ്രണവിനെ കുറിച്ചും ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയെ കുറിച്ചും സംസാരിച്ചിരുന്നു.

തന്റെ ചേട്ടന്റെ പടത്തില്‍ താനും പ്രണവും അഭിനയിക്കുമ്പോള്‍ പോലും തങ്ങള്‍ ഭയങ്കര ഡിറ്റാച്ഡ് ആയിട്ടാണ് വര്‍ക്ക് ചെയ്യുന്നതെന്നും ആരോ നിര്‍ബന്ധിച്ച് കൊണ്ടിരുത്തിയത് പോലെയാണ് തങ്ങള്‍ രണ്ടുപേരുമെന്നുമെന്നും താരം അന്ന് പറയുകയായിരുന്നു.

ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍. സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് ആ സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ ആ ഫീല്‍ മാറിയോയെന്ന് അവതാരകന്‍ ചോദിക്കുകയായിരുന്നു.

മറുപടിയായി അത് താന്‍ തമാശക്ക് പറഞ്ഞതായിരുന്നു എന്നാണ് ധ്യാന്‍ പറഞ്ഞത്. ഒപ്പം പ്രണവിനെ കുറിച്ചും താരം സംസാരിച്ചു. പ്രണവ് കൃത്യമായി സ്‌ക്രിപ്റ്റ് പഠിക്കുന്ന ആളാണെന്നും ഓരോന്നും അവന് കാണാപാഠമാണെന്നും ധ്യാന്‍ പറയുന്നു.

‘ഞാന്‍ അത് ഒരു തമാശക്ക് പറഞ്ഞതായിരുന്നു. അങ്ങനെയല്ല. ചെയ്യുന്ന സമയത്ത് എന്തായാലും നമുക്ക് അതില്‍ ഇന്‍വോള്‍വ്‌മെന്റ് ഉണ്ടാകുമല്ലോ. പിന്നെ പ്രണവ് കൃത്യമായി സ്‌ക്രിപ്റ്റ് പഠിക്കുന്ന ആളാണ്. ഓരോന്നും അവന് കാണാപാഠമാണ്.

പ്രണവിന് മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഒരു ബുദ്ധിമുട്ടുണ്ട്. പക്ഷേ സ്‌ക്രിപ്റ്റ് അവന് കാണാപാഠമാണ്. ആളുടെ അടുത്ത് ഇംഗ്ലീഷില്‍ ഒരു സ്‌ക്രിപ്റ്റുണ്ട്. അതിലുള്ള എന്റെ ഡയലോഗ് അടക്കം അവന് കാണാതെ അറിയാം.

അവന്‍ അതിന്റെ മുകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. കാരണം ഒന്നുരണ്ട് വര്‍ഷം കൂടുമ്പോഴാണ് അവന്‍ സിനിമ ചെയ്യുന്നത്. അതുകൊണ്ട് എല്ലാം പഠിച്ചു വന്ന് ചെയ്യുകയാണ്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

‘ഹൃദയം’ സിനിമക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടും പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രം കൂടെയാണ് ഇത്.

ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.


Content Highlight: Dhyan Sreenivasan Talks About His Old Comment About Pranav Mohanlal

We use cookies to give you the best possible experience. Learn more