‘വീകം’ ആണ് ധ്യാന്‍ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ താന്‍ അവതരിപ്പിക്കുന്നത് ഡോക്ടര്‍ കഥാപാത്രമാണെന്നും, അത് തനിക്കുപോലും വശ്വസിക്കാന്‍ പറ്റുന്നില്ലെന്നും ധ്യാന്‍ പറഞ്ഞു. ഞാനും ഏട്ടനും ഏത് കഥാപാത്രം വേണമെങ്കിലും ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘പുതിയ സിനിമയില്‍ ഞാന്‍ ഡോക്ടറായിട്ടാണ് അഭിനയിക്കുന്നത്. ശരിക്കും എനിക്കുപോലും അത് വിശ്വസിക്കാന്‍ പറ്റിയില്ല. ആരെങ്കിലും ഡോക്ടര്‍ എന്ന് വിളിക്കുമ്പോള്‍ അളിയാ നിന്നെയായിരിക്കുമെന്ന് ഞാന്‍ പറയും. അതായിരുന്നു എന്റെ അവസ്ഥ. ഞാന്‍ ഡോക്ടറാണെന്ന് എനിക്ക് തന്നെ വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല. ആദ്യം എനിക്ക് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു.
എനിക്ക് ഡോക്ടറാകണമെന്ന് ചെറുപ്പത്തില്‍ വലിയ ആഗ്രഹമായിരുന്നു. പക്ഷെ എന്ത് ചെയ്യാനാണ്, പ്ലസ് ടുവില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എടുത്തുപോയില്ലേ. സ്‌കൂളില്‍ പഠിക്കാതെ കോളേജില്‍ പോകാന്‍ പറ്റില്ലായെന്ന് പറയുന്നത് പോലെയായിരുന്നു എന്റെ കാര്യം. ഞങ്ങള്‍ തന്നെ എന്ത് ബുദ്ധിമുട്ടിയാണെന്നോ ഇതൊക്കെ ചെയ്തത്.
ഡോക്ടര്‍ ആണെന്നൊക്കെ പറഞ്ഞാലും കണ്ടാല്‍ അങ്ങനെയൊന്നും തോന്നില്ല. സിനിമയില്‍ ഞാന്‍ ഫോറന്‍സിക് ഡോക്ടറാണ്. അതുകൊണ്ട് മറ്റേ ഡോക്ടറുമാരുടെ പണിയൊന്നുമില്ലായിരുന്നു പോസ്റ്റ് മോര്‍ട്ടമൊക്കെ ആയിരുന്നു. പിന്നെ കത്തിയൊക്കെ എടുത്ത് ശരീരം കീറിമുറിക്കുക പോലെയുള്ള സുഖമുള്ള പരിപാടിയായിരുന്നു മുഴുവന്‍.
അത് പിന്നെ നമുക്ക് അറിയാത്തതുകൊണ്ട് ഞാന്‍ ചെയ്തു. പിന്നെ അറിയാത്ത കാര്യങ്ങളാണല്ലോ ഞാന്‍ കൂടുതല്‍ ചെയ്യുന്നത്. കഥാപാത്രത്തിന് വേണ്ടി എന്ത് ചെയ്തു എന്നൊക്കെ ചോദിച്ചാല്‍ ഒന്നും പറയാനില്ല. ഈ സിനിമ കണ്ടു കഴിഞ്ഞാല്‍ വേറെ ഡോക്ടര്‍ റോള്‍സ് വരുമെന്ന് എനിക്ക് തോന്നുന്നില്ല.
ഈ പടത്തില്‍ ഡോക്ടറാണെന്ന് ഞാന്‍ ഏട്ടനോട് പറഞ്ഞിട്ടില്ല. പുള്ളിയുടെ കഴിഞ്ഞ പടത്തില്‍ വക്കീലായിട്ടാണല്ലോ അഭിനയിച്ചത്. അതുകൊണ്ട് പിന്നെ കുഴപ്പമില്ല. അങ്ങനെ കുഴപ്പമൊന്നുമില്ല ഞങ്ങള്‍ക്ക് വക്കീല്‍, ഡോക്ടര്‍, പൈലറ്റ് അങ്ങനെ എന്തുവേണമെങ്കിലും ഞങ്ങള്‍ ചെയ്യും. അങ്ങനെ അഭിനയിച്ച് അഭിനയിച്ച് എല്ലാ പണികളും പഠിച്ചു,’ ധ്യാന്‍ പറഞ്ഞു.
content highlight: dhyan sreenivasan talks about his new movie