ഞാന്‍ ആദ്യം മെഡിസിന്‍ പഠിക്കാന്‍ പോയി, പിന്നെയാണ് സിനിമയിലേക്ക് വന്നത്: ധ്യാന്‍ ശ്രീനിവാസന്‍
ഡോക്ടറായി അഭിനയിച്ചപ്പോള്‍ എങ്ങനെയുണ്ടായിരുന്നു എന്നും, എങ്ങനെയാണ് ആ കഥാപാത്രത്തിലേക്ക് എത്തിയത് എന്നുമുള്ള ചോദ്യങ്ങള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. എന്നാലിപ്പോള്‍ രസകരമായ ഒരു മറുപടിയുമായി വന്നിരിക്കുകയാണ് താരം. ബിഹൈന്‍ഡ്‌വുഡ്‌സിന് ല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘വീകം സിനിമയിലെ കഥാപാത്രമാകാന്‍ ഞാന്‍ ആദ്യം പോയി മെഡിസിന് പഠിച്ചു. അതിനുശേഷം ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ രണ്ട് വര്‍ഷം ജോലി ചെയ്തു. ഇതൊക്കെ ഞാന്‍ ചെയ്തത് ഈ കഥാപാത്രം ചെയ്യാന്‍ വേണ്ടി മാത്രമാണ്.
പഠിത്തവും ജോലിയുമൊക്കെ കഴിഞ്ഞതിന് ശേഷം ഷീലുചേച്ചിക്ക് ഞാന്‍ വീഡിയോ അയച്ച് കൊടുത്തു. അതായത് ഞാന്‍ ചെയ്യുന്നതിന്റെ എല്ലാം വീഡിയോയും അയച്ച് കൊടുത്തു. അപ്പോള്‍ ചേച്ചി പറഞ്ഞു, ഇപ്പോഴാണ് നീയീ കഥാപാത്രത്തിന് ഓക്കെ ആയതെന്ന്(ചിരിച്ചുകൊണ്ട് പറഞ്ഞു).
പ്രത്യേകിച്ച് ഒരു യോഗ്യതയുമില്ലാതെയാണ് എനിക്ക് ഈ കഥാപാത്രം ചെയ്യാന്‍ അവസരം കിട്ടിയത്. എന്റെ പല അഭിമുഖങ്ങളും കണ്ടപ്പോള്‍ ഒന്നും ശ്രദ്ധിക്കാതെ ചുമ്മാ ഓരോന്ന് വിളിച്ച് പറയുന്ന ആളാണെന്ന് നിങ്ങള്‍ക്ക് തോന്നിയോ. എങ്കില്‍ ഇനി എന്റെ പേര് പോലെ എവിടെയെങ്കിലും പോയിരുന്ന് ഞാന്‍ ധ്യാനിക്കാം.
എന്റെ പേര് പോലെ ഞാന്‍ ഒന്നും മിണ്ടാതെ ശ്രദ്ധിച്ചിരിക്കണോ. പാവം എന്റെ അച്ഛന്‍ അറിയാതെ ഒരു പേരിട്ട് പോയി. പുള്ളി ഒരു പാവം മനുഷ്യനാണ്,’ ധ്യാന്‍ പറഞ്ഞു.
അബാം മൂവീസിന്റെ ബാനറില്‍ സാഗര്‍ ഹരി സംവിധാനം ചെയ്ത വീകമാണ് ധ്യാന്റെ ഏറ്റവും പുതിയ സിനിമ. സിനിമയില്‍ ഡോക്ടറായാണ് താരം അഭിനയിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് തിയേറ്ററിലെത്തിയ സിനിമയില്‍ ഡെയ്ന്‍ ഡേവിസ്, അജു വര്‍ഗീസ്, ഷീലു എബ്രഹാം, ദിനേഷ് പണിക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയേറ്ററില്‍ സമ്മിശ്ര അഭിപ്രായമാണ് സിനിമക്ക് ലഭിച്ചത്.
content highlight: dhyan sreenivasan talks about his new movie