അഭിനയിച്ച സിനിമകളേക്കാള്‍ കൂടുതല്‍ അഭിമുഖങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. എന്തൊക്കെ പറഞ്ഞാലും താനൊരു നെപ്പോട്ടിസം കിഡാണെന്ന് പറയുകയാണ് താരം. പത്ത് വര്‍ഷമായി സിനിമയില്‍ നിലനില്‍ക്കുന്നത് തന്നെ ഒരു അനുഗ്രഹമാണെന്നും താരം പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഇനി സംവിധാനവും നിര്‍മാണവുമൊക്കെയായി കൂടാം എന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു സിനിമ ലഭിക്കുന്നത്. അതിന് പിന്നാലെ പത്ത് പതിനഞ്ച് സിനിമകള്‍ എനിക്ക് ലഭിച്ചു. കൊറോണ സമയത്ത് നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.
പിന്നീടാണ് ഇന്റര്‍വ്യൂകളില്‍ ഞാന്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ‘വീകം’ സിനിമ ഏഴ് മാസം മുമ്പ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയതാണ്. വളരെ ചെറിയ സബ്ജക്ടായിരുന്നു അതിനുണ്ടായിരുന്നത്. ഈ സിനിമയില്‍ ഡോക്ടറായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. സിനിമയുടെ കാര്യത്തില്‍ വിനീതേട്ടന്‍ വളരെ ചൂസിയാണ്. അദ്ദേഹം സ്വന്തം കംഫര്‍ട്ട് സോണില്‍ നിന്ന് വര്‍ക്ക് ചെയ്യുന്നയാളാണ്.’
എന്നാല്‍ ഞാന്‍ അങ്ങനെയല്ല. പുതിയ ആള്‍ക്കാരടക്കം എല്ലാവരുടേയും കഥ ഒരിക്കല്‍ കേള്‍ക്കുകയെങ്കിലും ചെയ്യുന്ന സ്വഭാവമാണ് എനിക്കുള്ളത്. കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിന്റെ കാരണം ഞാന്‍ അവരോട് പറയും. പിന്നെ നല്ല സിനിമ ചെയ്യാന്‍ അവരെ ഉപദേശിക്കുകയും ചെയ്യും. ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം ഞാന്‍ എങ്ങനെയാണെന്ന്. വേദനിപ്പിച്ച് ആരോടും സംസാരിക്കാറില്ല.
എന്തൊക്കെ പറഞ്ഞാലും ഞാനൊരു നെപ്പോട്ടിസം കിഡാണ്. ഞാന്‍ പത്ത് വര്‍ഷത്തോളമായി സിനിമയിലുണ്ടെന്നത് തന്നെ വലിയൊരു അനുഗ്രഹമാണ്. എനിക്ക് മാറ്റം വന്നത് കഴിഞ്ഞ നാല് വര്‍ഷം കൊണ്ടാണെന്ന് പറയാം. അതിന് മുമ്പ് അലക്കി തേച്ച് മാച്ചിങ് നോക്കി ഡ്രസ് ധരിച്ച് നടന്നിരുന്ന ആളാണ് ഞാന്‍ അത്തരം ചിന്തകളൊന്നും ഇപ്പോള്‍ മനസില്‍ പോലുമില്ല.
ദിവസവും രണ്ട് നേരവും കുളിക്കുന്ന ആളാണ് ഇപ്പോള്‍ ഞാന്‍. അലക്കി തേച്ച ഡ്രസ്സിട്ട് നടന്നിരുന്ന കാലത്താണ് ഞാന്‍ കുളിക്കാതിരുന്നിരുന്നത്. ഇപ്പോള്‍ ഞാന്‍ കുളിക്കാറുണ്ട്. നേരത്തെ ഞാന്‍ വളരെ ലാവിഷായിരുന്നു. അച്ഛനും ചേട്ടനുമായിരുന്നു അന്ന് പൈസ തന്നിരുന്നത്. പക്ഷെ ഇപ്പോള്‍ ചെറിയ പിശുക്കുണ്ട്,’ ധ്യാന്‍ പറഞ്ഞു.
അബാ മൂവിസിന്റെ ബാനറില്‍ സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന വീകമാണ് ധ്യാന്റെ ഏറ്റവും പുതിയ സിനിമ. അജു വര്‍ഗീസ്, സിദ്ദിക്, ഷീലു എബ്രഹാം, ദിനേഷ് പണിക്കര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഡിസംബര്‍ ഒമ്പതിന് തിയേറ്ററിലെത്തും.
content highlight: dhyan sreenivasan talks about his film career