ബ്രസീല്‍ ജയിച്ചാലും തോറ്റാലും കപ്പ് അര്‍ജന്റീനക്ക് കിട്ടണം: ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
ബ്രസീല്‍ ജയിച്ചാലും തോറ്റാലും കപ്പ് അര്‍ജന്റീനക്ക് കിട്ടണം: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th December 2022, 4:17 pm

ഫുട്‌ബോള്‍ ആവേശം നിറഞ്ഞ് നില്‍ക്കുന്ന ഈ സമയത്ത് താന്‍ ബ്രസീല്‍ ഫാനാണെന്ന് പറയുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. എന്നാല്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള താരം ക്രിസ്റ്റ്യാനോ ആണെന്നും ധ്യാന്‍ പറഞ്ഞു. ഓണ്‍ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇപ്പോള്‍ ഫുട്‌ബോള്‍ കളിക്കുന്നവരില്‍ ഏറ്റവും നല്ല കളിക്കാരന്‍ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും മെസിയാണെന്ന്. പക്ഷെ ഞാനൊരു ക്രിസ്റ്റ്യാനോ ആരാധകനാണ്. ഒരാള്‍ മസിലും മറ്റേത് നാച്യുറലുമാണ്. മെസിയുടെ കാര്യത്തില്‍ പുള്ളി ഇതിനുവേണ്ടി തന്നെ ജനിച്ചതാണ്. അയാളെ പോലെ അയാള്‍ മാത്രമേയുള്ളു.

ക്രിസ്റ്റിയാനോയെ പോലെ അയാള്‍ മാത്രമേയുള്ളു. പക്ഷെ മസില്‍ പവറാണ് പുള്ളിയുടെ മെയിന്‍. എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇഷ്ടമുള്ള ടീം ബ്രസീലാണ്. ഇതാണ് എന്റെ പ്രശ്‌നം. ഞാന്‍ ബ്രസീല്‍ ആരാധകനാകാന്‍ ഒരു കാരണമുണ്ട്. ഞാന്‍ കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് ഏറ്റവും നല്ല ടീം ബ്രസീലായിരുന്നു.

ആ ടീമിനെ അന്നറിയാത്ത ആളുകളില്ലായിരുന്നു. അത്ര പവര്‍ഫുള്ളായിരുന്നു. ആ സമയത്ത് രണ്ട് വേള്‍ഡ് കപ്പ് അവര്‍ അടുപ്പിച്ച് നേടി. അങ്ങനെ സ്വാഭാവികമായി ഞാനൊക്കെ ബ്രസീലായി മാറി. അത് ഇപ്പോഴും അങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബ്രസീല്‍ ടീം മുഴുവന്‍ മാറിയിട്ടുണ്ട്.

ബ്രസീല്‍ ജയിച്ചാലും കപ്പ് അര്‍ജന്റീനയടിക്കണം എന്നാണ് ഡെയ്‌ന്റെയൊക്കെ ആഗ്രഹം. ആര് കപ്പടിച്ചാലും സെമിയില്‍ വന്നില്ലെങ്കിലും എന്റെ മനസിലെ ഫൈനല്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലാണ് നടക്കുന്നത്.

ഡെയ്‌നെക്കുറിച്ച് പറയുകയാണെങ്കില്‍ അവന് എപ്പോഴും ഒരു കോഴി ഇമേജുണ്ട്. ശരിക്കും പറഞ്ഞാല്‍ അതാണ് അവന്റെ ട്രേഡ് സീക്രട്ട് . ഇനി ഇവന് എന്തുവേണമെങ്കിലും ചെയ്യാം. ആരും ചോദിക്കാന്‍ വരില്ലല്ലോ. ഇമേജിനെ കുറിച്ചും പേടിക്കണ്ട. കോഴിത്തരം കാണിക്കാന്‍ അവന് ഇപ്പോള്‍ ലൈസന്‍സ് കിട്ടിയല്ലോ,’ ധ്യാന്‍ പറഞ്ഞു.

അബാം മൂവീസിന്റെ ബാനറില്‍ സാഗര്‍ ഹരി സംവിധാനം ചെയ്ത വീകമാണ് ധ്യാന്റെ ഏറ്റവും പുതിയ സിനിമ. സിനിമയില്‍ ഡോക്ടറായാണ് താരം അഭിനയിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് തിയേറ്ററിലെത്തിയ സിനിമയില്‍ ഡെയ്ന്‍ ഡേവിസ്, അജു വര്‍ഗീസ്, ഷീലു എബ്രഹാം, ദിനേഷ് പണിക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയേറ്ററില്‍ സമ്മിശ്ര അഭിപ്രായമാണ് സിനിമക്ക് ലഭിച്ചത്.

content highlight: dhyan sreenivasan talks about his favorite football team