വിനീത് ശ്രീനിവാസന്‍ ഒരുക്കിയ തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. പിന്നീട് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ സിനിമകളിലൂടെ ജനശ്രദ്ധ നേടാനും ധ്യാനിന് സാധിച്ചു.
ബേസില്‍ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തിയിരുന്നു. ലാലു എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ അവതരിപ്പിച്ചത്. അദ്ദേഹത്തിന് നിരവധി പ്രശംസ നേടിക്കൊടുത്ത ചിത്രവും കഥാപാത്രവുമാണ് ലാലുവും കുഞ്ഞിരാമായണവും.
കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം താന്‍ ജീവിതത്തിലും പൊട്ടനാണോ എന്ന് ചിന്തിച്ചവരുണ്ടെന്ന് ധ്യാന്‍ പറയുന്നു. കുടുംബക്കാരടക്കം ജീവിതത്തിലും പൊട്ടനാണോ എന്ന് വന്ന് തന്നോട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ അങ്ങനെയല്ലെന്നും കൃത്യമായി എന്ത് പറഞ്ഞാല്‍ ഏല്‍ക്കുമെന്ന് തനിക്കറിയാമെന്നും ധ്യാന്‍ പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ വായില്‍ തോന്നിയത് വിളിച്ച് പറയുന്ന ആളൊന്നും അല്ല. കൃത്യമായി എന്ത് പറഞ്ഞാല്‍ അത് ഏല്‍ക്കും എന്ത് പറഞ്ഞാല്‍ ഏല്‍ക്കില്ല എന്ന് ആലോചിച്ച് പറയുന്ന ആളുതന്നെയാണ് ഞാന്‍.
കുഞ്ഞിരാമായണം സിനിമ കണ്ടതിന് ശേഷം ഞാന്‍ ജീവിതത്തിലും പൊട്ടനാണെന്ന് വിചാരിച്ച ആളുകളുണ്ട്. എന്റെ കുടുംബത്തിലടക്കം അങ്ങനെ വിചാരിച്ചവരുണ്ട്. കുഞ്ഞിരാമായണം കണ്ടിട്ട് നീ ജീവിതത്തിലും പൊട്ടനാണോ എന്ന് എന്നോട് വന്ന് ചോദിച്ചവരുണ്ട്.
അത് ഒരു കണക്കിന് നല്ലതാണ്. ആ ഇമേജ് ഞാന്‍ ക്യാരി ചെയ്തിട്ടുമുണ്ട്. കാരണം നമ്മള്‍ പൊട്ടനാണല്ലോ കുഴപ്പൊന്നും ഇല്ലാലോ, എന്തും പറയാലോ, അതുകൊണ്ടൊക്കെ ആ ഇമേജ് ഞാന്‍ കൊണ്ടുനടന്നിട്ടുണ്ട്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
Content Highlight: Dhyan Sreenivasan Talks About His Character In Kunjiramayanam Movie