| Thursday, 25th May 2023, 5:33 pm

തടി അത്ര വൃത്തികെട്ട സാധനമാണോ? മമ്മൂട്ടിയെ റഫറന്‍സാക്കിയ അവതാരകന് ധ്യാനിന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തടി എന്ന് പറയുന്നത് ഒരു വൃത്തികേടല്ലെന്നും ഒരു ആക്ടറിന് വലുത് നല്ല കഥകളാണെന്നും ധ്യാന്‍ ശ്രീനിവാസന്‍. തടിച്ചാലും മെലിഞ്ഞാലും നാട്ടുകാര്‍ കുറ്റം പറയുമെന്നും എന്നാല്‍ എങ്ങനെയിരിക്കണമെന്ന് ഇവര്‍ തന്നെ പറഞ്ഞുതരണമെന്നും ധ്യാന്‍ പറഞ്ഞു.

കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ ‘ഒരു ആക്ടറെ സംബന്ധിച്ച് വലിയ ടൂള്‍ അദ്ദേഹത്തിന്റെ ശരീരമാണ്, മമ്മൂക്കയെ കണ്ടിട്ടില്ലേ, അവരൊക്കെ ഭയങ്കര ഡെഡിക്കേഷനാണ്,’ എന്നാണ് അവതാരകന്‍ പറഞ്ഞത്.

ഒരു ആക്ടറെ സംബന്ധിച്ച് നല്ല കഥ വരുന്നതാണ് ഏറ്റവും വലിയ കഴിവെന്നായിരുന്നു ഇതിനോട് ധ്യാനിന്റെ മറുപടി. ‘നല്ല കഥ കിട്ടാത്തവര്‍ക്ക് ശരീരം വീര്‍ക്കുന്നതുകൊണ്ട് കുഴപ്പമില്ല (ചിരിക്കുന്നു). ഇപ്പോഴല്ലേ കഥ വരുന്നത്. സ്വാമി സാര്‍ എന്നോട് തടി കുറക്കണമെന്ന് പറഞ്ഞിരുന്നു. അപ്പോഴേക്കും കുറച്ച് വൈകി പോയിരുന്നു. പുള്ളി പറഞ്ഞ് സമയമായപ്പോഴേക്കും തടി കുറക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. ഒരു 95 കിലോ വരെയൊക്കെ വന്നിരുന്നു. ഇപ്പോള്‍ എത്ര കുറഞ്ഞു എന്നൊരു പിടിയില്ല, ഞാന്‍ നോക്കാറില്ല,’ ധ്യാന്‍ പറഞ്ഞു.

എന്നാലും 50 കിലോയെങ്കിലും കുറക്കണമെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ എങ്കില്‍ പിന്നെ മനുഷ്യന്‍ ഇല്ലാണ്ടായി പോവില്ലേയെന്നാണ് ധ്യാന്‍ മറുപടി പറഞ്ഞത്. ’50 കിലോ കുറച്ചാല്‍ ഞാന്‍ പിന്നെ 40 കിലോയാവില്ലേ. ഒരു 25 കിലോ കുറച്ചാല്‍ മതി. ഒരു ഒമ്പതാം ക്ലാസ് മുതല്‍ ഞാന്‍ എന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചാത് ജിമ്മിലാണ്. എന്ത് വര്‍ക്ക് ഔട്ട് ചെയ്താല്‍ ശരീരം കുറയുമെന്ന് അറിയാം.

കൊറോണ സമയത്ത് ഒറ്റ ഇരിപ്പിന് 12 കിലോ കുറച്ചിട്ടുണ്ട്. തിര സിനിമക്ക് മുമ്പ് ഏട്ടന്‍ പറഞ്ഞിട്ടാണ് ആ സമയത്ത് 20 കിലോ കുറച്ചത്. തിരക്ക് മുന്നേ നല്ല തടിയുണ്ടായിരുന്നു. കഴിഞ്ഞ നാലഞ്ച് വര്‍ഷമായിട്ടാണ് ഈ തടിയുണ്ടായത്. അല്ലെങ്കില്‍ ഞാന്‍ പൊതുവേ മെയ്‌ന്റെയ്ന്‍ ചെയ്ത് പോവുന്നതാണ്.

തടി, വണ്ണം എന്നൊക്കെ പറയുന്നത് ഒരു വൃത്തികേടല്ല. എന്റെ തടി നാട്ടുകാര്‍ക്ക് ഭയങ്കര പ്രശ്‌നമാണ്. ചില ആളുകള്‍ വന്ന് ഇത് എന്തൊരു തടിയാണെന്ന് പറയും. തടി അത്ര വൃത്തികെട്ട സാധനമാണോ? സിനിമയില്‍ ആയതുകൊണ്ട് തടി കുറക്കണം. അത് വേറെ കാര്യം. പക്ഷേ പൊതുവേ നാട്ടുകാര്‍ക്ക് ഇത് വലിയ പ്രശ്‌നമാണ്. മെലിഞ്ഞാല്‍ പറയും. ഭയങ്കരമായി മെലിഞ്ഞു കേട്ടോ എന്ന്. തടിച്ചാല്‍ നേരെ തിരിച്ച് പറയും. അപ്പോള്‍ പിന്നെ എങ്ങനെ ഇരിക്കണം എന്ന് കൂടി പറ,’ ധ്യാന്‍ ചോദിച്ചു.

Content Highlight: dhyan sreenivasan talks about his body

We use cookies to give you the best possible experience. Learn more