| Saturday, 10th December 2022, 8:43 am

കല്‍പ്പണി പഠിച്ച് നിന്നെ പോലെയാകാനല്ലേ, നിന്റെ വീട്ടില്‍ എ.സി ഉണ്ടോടാ എന്ന് പണിക്കാരനോട് ചോദിച്ചു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറുപ്പത്തില്‍ താനൊരു ഫ്യൂഡല്‍ മാടമ്പിയായിരുന്നു എന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനിവാസന്റെ മകനാണ് എന്ന ഭാവത്തിലായിരുന്നു നടന്നിരുന്നത് എന്നും, ചെന്നൈയില്‍ പോയതിനുശേഷമാണ് ഇതൊക്കെ മാറിയതെന്നും ധ്യാന്‍ പറഞ്ഞു. ഐ.സി.ജി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര അഹങ്കാരി ആയിരുന്നു. നാട്ടിലെ വലിയ നടന്റെ മകനാണ് എന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു. ശ്രീനിവാസന്റെ മകനാണ് എന്ന ജാഡയിലായിരുന്നു അന്ന് നടന്നിരുന്നത്. ശരിക്കും പറഞ്ഞാല്‍ ഒരു ഫ്യൂഡല്‍ ലൈനായിരുന്നു ഞാന്‍.

ഒരു മാടമ്പി സെറ്റപ്പിലൊക്കെ ആയിരുന്നു നടന്നിരുന്നത്. നാട്ടില്‍ നിന്ന് എന്നെ ചെന്നൈയില്‍ കൊണ്ട് വിട്ടപ്പോള്‍ ഈ ചിന്തയൊക്കെ മുഴുവനും പോയി. ഈ രീതിയില്‍ വളര്‍ന്ന് കഴിഞ്ഞാല്‍ ഞാന്‍ ചീത്തയായി പോകുമെന്ന് അച്ഛനറിയാമായിരുന്നു.

അതുകൊണ്ടായിരിക്കണം അച്ഛന്‍ എന്നെ ഇവിടെ നിന്നും മാറ്റി നിര്‍ത്തിയത്. നാട്ടില്‍ ആയിരുന്നപ്പോള്‍ അവിടെ വരുന്ന ജോലിക്കാരോട് ഒക്കെ എനിക്കന്ന് പുച്ഛമായിരുന്നു. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ഞാന്‍ മൂന്നാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവം.

വീട്ടില്‍ ഒരു ചേട്ടന്‍ അന്ന് കല്ലുവെട്ടാന്‍ വന്നു. പുള്ളി ചെയ്യുന്നത് തന്നെ ഞാന്‍ സൂക്ഷിച്ച് നോക്കി നിന്നു. പുള്ളി ചെയ്യുന്നത് കണ്ട് ആസ്വദിക്കുക ആയിരുന്നില്ല അപ്പോള്‍. പണിയെടുക്കട എന്ന ഭാവമായിരുന്നു എനിക്ക്.

ഞാന്‍ ഇത് നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ ആ ചേട്ടന്‍ കരുതി ഞാന്‍ കൗതുകത്തോടെ നോക്കുകയാണെന്ന്. പക്ഷെ എന്റെ ചിന്ത അതായിരുന്നില്ല. ഇവന്‍ പണിക്കാരനല്ലെ പണിയെടുക്കട്ടെ എന്നായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ പുള്ളി എന്നോട് ചോദിച്ചു, ‘മോനേ ഇത് പഠിക്കണോ’ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു പഠിച്ചിട്ട് നിന്നെ പോലെ ആകാനല്ലെ, നിന്റെ വീട്ടില്‍ എ.സി ഉണ്ടോടാ എന്ന്,’ ധ്യാന്‍ പറഞ്ഞു.

അബാം മൂവീസിന്റെ ബാനറില്‍ സാഗര്‍ ഹരി സംവിധാനം ചെയ്ത വീകമാണ് ധ്യാന്റെ ഏറ്റവും പുതിയ സിനിമ. സിനിമയില്‍ ഡോകാടറായാണ് താരം അഭിനയിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് തിയേറ്ററിലെത്തിയ സിനിമയില്‍ ഡെയ്ന്‍ ഡേവിസ്, ഷീലു എബ്രഹാം, ദിനേഷ് പണിക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlight: dhyan sreenivasan talks about his attiude , before filim career

We use cookies to give you the best possible experience. Learn more