| Friday, 5th April 2024, 9:12 pm

ആഴ്ച തോറും പൊട്ടുന്ന പടം മാത്രമിറക്കുന്ന നീയിത് പറയരുതെന്ന് ബേസില്‍; അതോടെ അന്നെന്റെ വായടഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് നായകന്‍.

സിനിമയില്‍ ധ്യാന്‍ ശ്രീനിവാസനും ബേസില്‍ ജോസഫും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസിലിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

‘സിനിമയുടെ ലൊക്കേഷനില്‍ ബേസില്‍ കൂടി എത്തിയപ്പോള്‍ കുറേക്കൂടി ജോളിയായി. ബ്രേക്കിന്റെ സമയത്തൊക്കെ ഞങ്ങള്‍ പരസ്പരം കളിയാക്കുമായിരുന്നു. ആ സമയത്ത് ഞങ്ങളുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ബേസില്‍ അവന്റെ പുതിയ ഹിന്ദി സിനിമയുടെ കാര്യമൊക്കെ പറയുമായിരുന്നു.

നമ്മളെക്കാളും വലിയ ആളാണ് അവനെന്ന് കാണിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ പറഞ്ഞിരുന്നത്. ആദ്യമൊന്നും ഞാന്‍ ഇത് വലിയ കാര്യമാക്കിയിരുന്നില്ല. കാരണം, ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ചിന്തയായിരുന്നു എനിക്ക്.

ഇവന്റെ ഈ ഷൈന്‍ ചെയ്യല്‍ കൂടിയപ്പോള്‍ ഒരൊറ്റ കാര്യം ഞാന്‍ അങ്ങോട്ട് ചോദിച്ചു. നീ ഏത് ഭാഷയിലാണ് ഈ സിനിമയുടെ കഥ ഇതിലെ നടന് പറഞ്ഞുകൊടുത്തത് എന്ന്. കാരണം അവന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല.

കുറച്ച് നേരം ഉത്തരം മുട്ടി നിന്നതിന് ശേഷം ആ നടന്‍ അവന് അയച്ച മെസേജ് കാണിച്ച് തന്നു. അത് കണ്ടപ്പോള്‍ എല്ലാവരും അവന്റെ സൈഡായി. മൊത്തത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ ഞാന്‍ അവനെ പ്രാകി.

നീ എടുക്കാന്‍ പോകുന്ന ഹിന്ദി പടം പൊട്ടിപ്പാളീസാകുമെന്ന് പറഞ്ഞു. ആഴ്ച തോറും പൊട്ടുന്ന പടം മാത്രമിറക്കുന്ന നീയിത് പറയരുതെന്ന് പറഞ്ഞ് അവന്‍ എന്റെ വാ അടപ്പിച്ചു,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

വന്‍ താരനിര ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസനും ബേസില്‍ ജോസഫിനും പ്രണവ് മോഹന്‍ലാലിനും പുറമെ ഷാന്‍ റഹ്‌മാന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, നിവിന്‍ പോളി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Content Highlight: Dhyan Sreenivasan Talks About Basil Joseph

We use cookies to give you the best possible experience. Learn more