മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന അഭിനേതാവാണ് അജു വര്‍ഗീസ്. തുടക്ക കാലത്തെ കോമഡി കഥാപാത്രങ്ങളിലൂടെ അജു വര്‍ഗീസ് പ്രേക്ഷക ശ്രദ്ധ നേടി. ഇപ്പോള് സിനിമയുടെ വ്യത്യസ്ത തലങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യുകയാണ് താരം.
അജു വര്‍ഗീസിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് സെവന്‍സ്. സെവന്‍സ് ഫുട്‌ബോളിനെ പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രത്തില്‍ അജു വര്‍ഗീസും അഭിനയിച്ചിരുന്നു. ചിത്രത്തില്‍ അജു വര്‍ഗീസിന്റെ കഥാപാത്രം മരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അജു അല്ലായിരുന്നു മരിക്കേണ്ടതെന്നും മറ്റൊരു കഥാപാത്രം ആയിരുന്നു അജുവിന് പകരം മരിക്കേണ്ടിയിരുന്നതെന്നും ധ്യാന്‍ പറയുന്നു.
ചിത്രത്തിന് വേണ്ടി ഒരു സീന്‍ എടുത്തുകൊണ്ടിരുന്നപ്പോള്‍ സംവിധായകന്‍ ജോഷി ഫ്രെയിമില്‍ നിന്ന് പുറത്തായ അജുവിനോട് വാ എന്ന് പറഞ്ഞെന്നും എന്നാല്‍ തന്നെ സംവിധായകന്‍ അടുത്തേക്കാണ് വിളിച്ചതെന്ന് കരുതി അജു ഫ്രെയിമില്‍ നിന്ന് പോയെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. അജു ഉള്ളത് ഷൂട്ടിങ് ദിവസം കൂട്ടാന്‍ സാധ്യതയുള്ളതുകൊണ്ട് അടുത്ത ദിവസം തന്നെ അജുവിനെ കൊന്നതാണെന്നും തമാശ രൂപത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സെവന്‍സ് എന്ന സിനിമയില്‍ അജു വര്‍ഗീസാണ് മരിക്കുന്നത്. അത് അവന്റെ കഥാപാത്രത്തിന് ഒരു നന്മയും ഉണ്ടായിട്ടല്ല. അവര്‍ ഏഴ് പേരില്‍ ഒരാളാണ് അജു. ജോഷി സാര്‍ ഏതോ ഒരു ലോങ്ങ് ഷോട്ടെടുക്കുമ്പോള്‍ അജു ഫ്രെയിമില്‍ ഇല്ല. അപ്പോള്‍ ‘അജു ..വാ..വാ..വാ’ എന്ന് സാര്‍ പറയുകയായിരുന്നു.
പെട്ടന്ന് അജുവിനെ കാണുന്നില്ല. കുറച്ച് കഴിഞ്ഞ്, സാര്‍ എന്ന് പറഞ്ഞ് അജു ബാക്കില്‍ വന്ന് വിളിക്കുകയായിരുന്നു. സാര്‍ പറഞ്ഞത് ഫ്രെയിമിന് അകത്തേക്ക് വാ.. വാ എന്നായിരുന്നു. അജു ആണെങ്കില്‍ ദൂരെനിന്ന് നടന്ന വന്ന് പുറകിലൂടെ എത്തി സാറെന്നെ വിളിച്ചോ എന്ന് ചോദിച്ചിട്ട് നില്‍ക്കുന്നു.
അതുവരെ രജിത്തിനെയോ മറ്റാരെയോ ആണ് കൊല്ലാന്‍ വേണ്ടി വിചാരിച്ചിരുന്നത്. പക്ഷെ പിറ്റേന്ന് തന്നെ അജുവിനെ തട്ടികളഞ്ഞു (ചിരി). കാരണം ഇവനെ വെച്ച് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഷൂട്ടിങ് ഡെയ്സ് കൂടാനുള്ള സാധ്യത ഉണ്ടെന്ന് സാറിന് മനസിലായി,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
Content Highlight: Dhyan Sreenivasan Talks About Aju Varghese