| Sunday, 26th June 2022, 1:59 pm

പണ്ടൊക്കെ ഞാൻ സിനിമ കാണാൻ രണ്ടെണ്ണം അടിച്ചിട്ട് പോകും, എന്നിട്ട് പേര് കാണിച്ചു തുടങ്ങുമ്പോൾ തന്നെ ഉറങ്ങും: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാൻ ശ്രീനിവാസൻ അതിഥിയായെത്തുന്ന അഭിമുഖങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. അതിനെ തുടർന്ന് പല വിമർശനങ്ങളും അദ്ദേഹത്തിന് നേരെ ഉയരാറുണ്ട്. താൻ ഒരുപാട് സിനിമകൾ കാണുന്ന ആളല്ലെന്നും താൻ സിനിമയിലെത്തിയത് അമ്മയ്ക്കും അച്ഛനും വരെ അത്ഭുതമായിരുന്നെന്നും പറയുകയാണ് ധ്യാൻ ഇപ്പോൾ. പ്രകാശൻ പറക്കട്ടെ എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ പൊതുവെ എല്ലാവർക്കും വിശ്വാസമോ വിലയോ ഒന്നുമില്ലായിരുന്നു. സിനിമയിലൊക്കെ വന്നപ്പോഴാണ് അത് മാറി തുടങ്ങിയത്. ഇവനൊക്കെ സിനിമയിലോ എന്ന് ചിന്തിച്ചവരാണ് പലരും. അങ്ങനെ ഏറ്റവും കൂടുതൽ ചിന്തിച്ചത് എന്റെ അച്ഛനും അമ്മയും തന്നെയാണ്. കാരണം ഒരു കഴിവും ഇല്ലല്ലോ. ഇതിനു മുൻപേ നാടകത്തിലോ എന്തെങ്കിലും പരിപാടിയിലോ ഒന്നും തന്നെ പങ്കെടുത്തിട്ടില്ല. ഞാൻ സിനിമ എഴുതുന്നു എന്നൊക്കെ പറയുന്നത് എന്നെ അറിയുന്ന ആൾക്കാർക്ക് ഒക്കെ അത്ഭുതമാണ്. ഇതിനേക്കാൾ വലുതൊന്നും കാണാനില്ലെന്ന ചിന്തയാണ്. അമ്മയ്ക്കും അച്ഛനുമൊക്കെ പ്രത്യേകിച്ചും. ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ എന്നൊക്കെ പറയുന്നതുപോലെയാണ് ഞാൻ അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതും തിരക്കഥയെഴുതുന്നതുമൊക്കെ. അവര് കാണുമ്പോൾ അത്ഭുതങ്ങളാണ് ഞാൻ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സിനിമ എന്ന മീഡിയത്തോട് എനിക്ക് യാതൊരു താല്പര്യവുമില്ലായിരുന്നെന്ന് ഇവർക്കെല്ലാം അറിയാം.

പണ്ടൊക്കെ ഞാൻ സിനിമ കാണാൻ രണ്ടെണ്ണം അടിച്ചിട്ട് പോകും, എന്നിട്ട് പ്രൊഡ്യൂസറിന്റെയൊക്കെ പേര് കാണിച്ചു തുടങ്ങുമ്പോൾ തന്നെ ഉറങ്ങും. പിന്നെ വല്ല തൃഷയുടെ ഒക്കെ പാട്ട് വരുമ്പോൾ ഞെട്ടി എഴുന്നേറ്റ് പാട്ട് കണ്ടിട്ട് വീണ്ടും കിടന്നുറങ്ങും. ഇതാണെന്റെ സിനിമ കാണുന്ന രീതിപോലും. തമിഴ് ഭാഷയിലെ കുറെ പടങ്ങളൊക്കെ പോയി കാണുമായിരുന്നു, ക്ലാസ്സ് കൾട്ട് പടങ്ങളൊന്നും ഞാൻ കണ്ടിട്ടുകൂടിയില്ല’, ധ്യാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 17നായിരുന്നു പ്രകാശന്‍ പറക്കട്ടെയുടെ റിലീസ്. മാത്യു തോമസ്, ദിലീഷ് പോത്തന്‍, നിഷ സാരംഗ്, സൈജു കുറുപ്പ്, ഗോവിന്ദ് പൈ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Dhyan Sreenivasan talking about his ways of watching movies

We use cookies to give you the best possible experience. Learn more