| Thursday, 4th July 2024, 4:30 pm

എ സർട്ടിഫിക്കറ്റ് കിട്ടുമോ എന്നൊക്കെയുള്ള സംശയം കാരണം കുറെ സീനുകൾ കട്ട്‌ ചെയ്താണ് ഏട്ടൻ ആ ചിത്രം എടുത്തത്: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. താരം സംവിധാനം ചെയ്യുന്ന സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. 2013ലാണ് വിനീതിന്റെ സംവിധാനത്തില്‍ തിര എന്ന ത്രില്ലര്‍ ചിത്രം പുറത്തിറങ്ങുന്നത്.

വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു തിര. ഈ സിനിമയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമാ മേഖലയിലേക്ക് എത്തുന്നത്. ധ്യാനിനൊപ്പം ശോഭനയും വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന പ്രത്യേകതയും തിരക്കുണ്ട്.

സോമാലി മാമിന്റെ ‘ദി റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ്: ദി ട്രൂ സ്റ്റോറി ഓഫ് എ കംബോഡിയന്‍ ഹീറോയിന്‍’ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ് തിര.

മുന്‍നിര താരങ്ങളുടെ അഭിനയമികവ് കൊണ്ടും സംവിധാനമികവ് കൊണ്ടും വലിയ നിരൂപക പ്രശംസ ലഭിച്ചെങ്കിലും ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. തിരയുടെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ മുമ്പ് പറഞ്ഞിരുന്നു.

എന്നാൽ തിര 2 ഇപ്പോൾ അനാഥമാണെന്നും പക്ഷെ തീർച്ചയായും വരുമെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. തട്ടത്തിൻ മറയത്തിന് ശേഷം വരുന്ന വിനീത് ശ്രീനിവാസൻ ചിത്രം എന്ന നിലയിൽ എല്ലാവരും കാണണമെന്ന നിർബന്ധം ചേട്ടന് ഉണ്ടായിരുന്നുവെന്നും ധ്യാൻ പറയുന്നു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു താരം.

‘തിര 2 സത്യം പറഞ്ഞാൽ ഇപ്പോൾ അനാഥപ്പെട്ടിരിക്കുകയാണ്. കാരണം ചേട്ടൻ അത് ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തു. ഇപ്പോൾ ആ ചിത്രത്തിന് ഒരു ഫാൻ ബേസുണ്ട്. ഞാൻ പറയുന്നത് എല്ലാവരും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എന്നല്ല. എന്നാലും ഫസ്റ്റ് പാർട്ടിനേക്കാൾ ഇൻട്രസ്റ്റിങ് ആയിരിക്കും തിര 2.

കാരണം അതിന്റെ ഒരു ക്യാൻവാസും കാര്യങ്ങളും കുറച്ചൂടെ വലുതാണ്. ആ കണ്ടന്റ് വേണമെങ്കിൽ കാലം തെറ്റി ഇറങ്ങിയതാണെന്ന് പറയാം. അതോടൊപ്പം തന്നെ തിരക്ക് എ സർട്ടിഫിക്കറ്റ് കിട്ടുമോ, സെൻസർ ഇഷ്യൂസ് വരുമോ എന്നൊക്കെയുള്ള സംശയം ചെയ്യാൻ വിചാരിച്ച കാര്യങ്ങളൊക്കെ കട്ട്‌ ചെയ്തിട്ടുണ്ട്.

അത് രാഗേഷ് എന്ന എന്റെ കസിൻ ആണെഴുതിയത്. ഗോദയൊക്കെ എഴുതിയത് പുള്ളിയാണ്. അവൻ എഴുതി വെച്ച പലതും ഷൂട്ട്‌ ചെയ്യാതെ പോയി. തട്ടത്തിൻ മറയത്തിന് ശേഷം വരുന്ന സിനിമയാണ് തിര. ആ ചിത്രം എല്ലാവർക്കും കാണാൻ കഴിയുന്നതാവണമെന്ന നിർബന്ധം ഉള്ളതുകൊണ്ടാണ് കുറെ ഫിൽറ്ററേഷൻ നടന്നത്. പക്ഷെ തിര 2 അങ്ങനെ ആയിരിക്കില്ല,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Content Highlight: Dhyan Sreenivasan Talk Thira Movie and Vineeth Sreenivasn

We use cookies to give you the best possible experience. Learn more