| Thursday, 4th July 2024, 11:21 am

ആവേശം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഞങ്ങൾക്ക് ആ സത്യം അറിയാമായിരുന്നു: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ കഴിഞ്ഞ വിഷുക്കാലത്ത് ക്ലാഷ് റിലീസായി തിയേറ്ററിൽ എത്തിയ ചിത്രങ്ങളായിരുന്നു ആവേശവും വർഷങ്ങൾക്ക് ശേഷവും.

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രമെന്ന നിലയിൽ ഹൈപ്പുള്ള സിനിമയായിരുന്നു ആവേശം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രം എന്ന നിലയിൽ ഓപ്പോസിറ്റുള്ള വർഷങ്ങൾക്ക് ശേഷവും പ്രതീക്ഷയുള്ള ചിത്രമായിരുന്നു.

രണ്ട് ചിത്രവും മികച്ച അഭിപ്രായം ആദ്യദിനം നേടിയെങ്കിലും ബോക്സ്‌ ഓഫീസിൽ മുന്നിലെത്തിയത് ആവേശമായിരുന്നു. എന്നാൽ ആദ്യ ദിനം തന്നെ നടൻ ധ്യാൻ ശ്രീനിവാസൻ, വർഷങ്ങൾക്ക് ശേഷം വിജയിക്കുമെന്ന് പറയുകയും ആവേശത്തേക്കാൾ മികച്ചതായിരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഉസ്താദ് ഹോട്ടലിന്റെയും തട്ടത്തിൻ മറയത്തിന്റെയും വിജയത്തെ ഉദാഹരണമാക്കിയാണ് ധ്യാൻ അന്നങ്ങനെ പറഞ്ഞത്.

എന്നാൽ ആവേശം ആയിരിക്കും മികച്ച ചിത്രമെന്ന് റിലീസിന് മുമ്പ് തന്നെ അറിയാമെന്നും വെറുതെ ഒരു ഓളത്തിനാണ് അങ്ങനെയെല്ലാം പറഞ്ഞതെന്നും താരം പറയുന്നു. പുതിയ സിനിമയുടെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.

‘നമ്മൾ പറയുന്നത് ആളുകൾ എടുക്കുന്ന സെൻസ് വളരെ വ്യത്യാസമുണ്ട്. ജിത്തു മാധവൻ പിന്നീട് പല അഭിമുഖങ്ങളിലും വന്നിട്ട് പറഞ്ഞിരുന്നു, ധ്യാൻ ഇത് തമാശയ്ക്ക് പറഞ്ഞതാണെന്ന്.

ആവേശം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഞങ്ങൾക്ക് അറിയാം, ആവേശത്തിനെ കുറിച്ചും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ആളുകളെ കുറിച്ചുമെല്ലാം. അതിന്റെ ന്യൂസുകൾ കിട്ടുമല്ലോ.

ഞാൻ അതിനെ കുറിച്ച് മോശം പറയാണെങ്കിൽ തന്നെ ആ പടം ഒരിക്കലും ഓടാതിരിക്കില്ല. കാരണം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കഴിഞ്ഞ് പടം ഹിറ്റായെന്ന് അഭിപ്രായങ്ങൾ വന്നതിന് ശേഷമാണ്, ഞാൻ രാത്രി പോയിട്ട് തമാശക്ക് ആ കാര്യങ്ങളൊക്കെ പറഞ്ഞത്.

അതിന് മുമ്പ് തന്നെ ആവേശം വർഷങ്ങൾക്ക് ശേഷത്തിന് മുകളിലാണെന്ന് ഓൾറെഡി വിവരങ്ങൾ പുറത്തുവന്നു. അതിന് ശേഷമാണ് ഞാൻ ഉസ്താദ് ഹോട്ടൽ പോലെ തന്നെ ചരിത്രം ആവർത്തിക്കും എന്നൊക്കെ ചുമ്മാ പറഞ്ഞത്. എനിക്കറിയാമല്ലോ ആവേശം വർഷങ്ങൾക്ക് ശേഷത്തെക്കാൾ നല്ലതാണെന്ന്,’ധ്യാൻ പറയുന്നു.

Content Highlight: Dhyan Sreenivasan Talk About Vrshangalkk Shesham Movie And Aavesham

We use cookies to give you the best possible experience. Learn more