| Friday, 10th November 2023, 8:23 am

ഞാൻ കാശ് തരുന്നത് അവൻ അറിയണ്ടായെന്നാണ് എന്റെ സുഹൃത്തുക്കളോട് ചേട്ടൻ പറഞ്ഞത്: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താര പുത്രന്മാരിൽ മലയാളികളുടെ പ്രിയങ്കരനാണ് ധ്യാൻ ശ്രീനിവാസൻ. ചേട്ടൻ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘തിര’ എന്ന സിനിമയിലൂടെയാണ് ധ്യാൻ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.

പിന്നീട് നടനായും സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം സിനിമയിൽ താരം സജീവമായിരുന്നു. സിനിമകൾ പോലെ തന്നെ അഭിമുഖങ്ങളിലും ധ്യാൻ നിറസാന്നിധ്യമാണ്.

ചേട്ടൻ വിനീത് ശ്രീനിവാസനെ കുറിച്ച് പറയുകയാണ് ധ്യാൻ. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തന്നെ പ്രൊട്ടക്ട് ചെയ്തിട്ടുള്ളത് ചേട്ടൻ ആണെന്നും അച്ഛന്റെ സ്ഥാനത്താണ് ചേട്ടൻ വിനീതിനെ താൻ കാണുന്നതെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. താൻ സിനിമയിൽ വരണമെന്ന് അച്ഛൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലായെന്നും എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ കൂട്ടിച്ചേർത്തു.

‘ഞാൻ പണ്ട് ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്നു. അന്നെന്റെ കൈയിൽ കാശില്ലായിരുന്നു. അന്നത്തെ ബുദ്ധിമുട്ടുകൊണ്ടാണ് ഞാൻ അവിടെ പോയിരുന്നത്. അന്ന് ഞാൻ ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു.

എന്റെ അടുത്ത രണ്ടു മൂന്ന് സുഹൃത്തുക്കൾ വഴി ചേട്ടൻ എന്നെ സഹായിക്കുന്നുണ്ടായിരുന്നു. എനിക്കത് അറിയില്ലായിരുന്നു. അവന്മാർക്ക് ചേട്ടൻ കൊടുത്ത കാശിൽ നിന്ന് പകുതി മുക്കിയിട്ടാണ് അവർ എന്റെ കൈയിൽ തന്നിരുന്നത്. ഈ കാര്യം ചേട്ടൻ എന്നോട് പറഞ്ഞിട്ടില്ല. കൂട്ടുകാരോട് ചേട്ടൻ പറഞ്ഞത്, ഞാൻ കാശ് തരുന്ന കാര്യം അവൻ അറിയണ്ട എന്നായിരുന്നു. പിന്നെ ഒരു ദിവസം ചേട്ടൻ തന്നെ എന്നെ വന്ന് കൂട്ടികൊണ്ട് പോയി.

ചേട്ടനെ ഞാൻ കാണുന്നത് അച്ഛന്റെ സ്ഥാനത്ത് തന്നെയാണ്. ലൈഫിലെ ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ചേട്ടനാണ് എന്നെ പ്രൊട്ടക്ട് ചെയ്തിട്ടുള്ളത്. കല്യാണത്തിന് മുൻപ് വരെ ഞാൻ ചേട്ടന്റെ കൂടെ ചെന്നൈയിലാണ് താമസിച്ചത്. ഇത്രയും വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു.

അച്ഛൻ ചെയ്യാത്ത പല കാര്യങ്ങളും ചേട്ടനാണ് എനിക്ക് ചെയ്ത് തന്നിരുന്നത്. ചേട്ടനാണ് എന്നെ സിനിമയിലേക്ക് കൊണ്ട് വന്നത്. ഞാൻ സിനിമയിൽ വരണമെന്ന് അച്ഛൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ശരിക്കും എന്റെ മെന്റർ ചേട്ടനാണ്,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

വിനീത് ശ്രീനിവാസന്റെ ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലാണ് ധ്യാൻ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാണ് നായകൻ.

Content Highlight: Dhyan Sreenivasan Talk About Vineeth Sreenivasan

We use cookies to give you the best possible experience. Learn more