മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ ഒരുക്കിയ തിര എന്ന ചിത്രത്തിലൂടെ നായകനായി ബിഗ് സ്‌ക്രീനിൽ എത്തിയ ധ്യാൻ പിന്നീട് വന്ന സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു.
കാലങ്ങൾക്ക് ശേഷം ധ്യാനും സഹോദരൻ വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രത്തിനായി പുതിയൊരു ട്രാൻസ്ഫോർമേഷനിലാണ് ധ്യാനിപ്പോൾ.
സിനിമ തെരഞ്ഞെടുക്കുന്നതിൽ കുറച്ച് ഉത്തരവാദിത്തം കൊണ്ട് വരണം എന്ന് തോന്നിയിരുന്നെന്നും ആ സമയത്താണ് തന്നെ തേടി ചേട്ടൻ സംവിധാനം ചെയ്യുന്ന ചിത്രം വരുന്നതെന്നും സിനിമയിൽ 16 വയസുള്ള പയ്യനായിട്ട് അഭിനയിക്കാൻ ഉള്ളത് കൊണ്ടാണ് ശരീര ഭാരം കുറയ്ക്കുന്നതെന്നും ധ്യാൻ കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘എല്ലാ കാലത്തും ഉത്തരവാദിത്തത്തോടെ സിനിമ തെരഞ്ഞെടുക്കുന്നുണ്ടോ എന്നായിരുന്നു എന്നോട് എല്ലാവരും ചോദിച്ചിരുന്നത്. അതിനുള്ള കൃത്യമായ മറുപടി ഞാൻ അന്ന് പറഞ്ഞിരുന്നു. എല്ലാകാലത്തും നമുക്കങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ.
അടുത്ത ഒരു ലെവലിലേക്ക് അപ്ഡേറ്റ് ചെയ്യണം എന്ന് തോന്നിയപ്പോൾ ആ കൃത്യ സമയത്ത് വന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. കാലങ്ങൾക്ക് ശേഷം എന്റെ ചേട്ടന്റ കൂടെ ചെയ്യുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം.
പിന്നെ എനിക്കും തോന്നി ആ ഒരു മാറ്റം നല്ലൊരു സിനിമയിലൂടെ ആവുമ്പോൾ അത് തന്നെയല്ലേ നല്ലതെന്ന്. പക്ഷെ അതൊന്നുമല്ലായിരുന്നു കാരണം. ആ കഥാപാത്രത്തിന് വേണ്ടി മെലിയണമായിരുന്നു.
ആ കഥാപാത്രം ഡിമാൻഡ് ചെയ്യുന്നത് ഞാൻ ഒരു 16 വയസ്സുള്ള പ്ലസ് 2 കാരൻ ആവണമെന്നാണ്. ഈ 35 വയസിൽ ഞാൻ അത്തരം ഒരു കഥാപാത്രം ആവണമെങ്കിൽ തീർച്ചയായും വെയിറ്റ് ലോസ് ചെയ്യേണ്ടതുണ്ട്. അതുപോലെ ഒരു കഥാപാത്രം ഇത്രയും വർഷത്തിനിടയിൽ എനിക്ക് കിട്ടിയിട്ടുമില്ല,’ധ്യാൻ പറയുന്നു.
Content Highlight: Dhyan Sreenivasan Talk About Varshangalk Shesham Movie