പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവൻത്ത് ഡേ, എന്ന് നിന്റെ മൊയ്‌തീൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ടൊവിനോ, ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുൻനിര നായക നടനായി മാറുന്നത്. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം യൂത്തിനിടയിലും ടൊവിനോക്ക് വലിയ സ്വീകാര്യത നേടി കൊടുത്തു.
ഇന്നിപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന അജയന്റെ രണ്ടാം മോഷണം എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ കയ്യടി നേടുകയാണ് ടൊവിനോ. സിനിമയിലേക്ക് വരൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനമാണ് ടൊവിനോ തോമസെന്ന് പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.
സിനിമയിൽ യാതൊരു ബാക്ക്ഗ്രൗണ്ടും ഇല്ലാതെ വന്നവരാണ് നിവിൻ പോളിയും ടൊവിനോ തോമസുമെന്നും എന്നാൽ നിവിൻ പോളിയുടെ കരിയറിൽ തന്റെ സഹോദരൻ വിനീത് ശ്രീനിവാസന്റെ സപ്പോർട്ട് ഉണ്ടായിട്ടുണ്ടെന്നും ധ്യാൻ പറയുന്നു. ഇതൊന്നുമില്ലാതെ കരിയർ വളർത്തിയ നടനാണ് ടൊവിനോയെന്നും അത് വലിയ പ്രചോദനമാണെന്നും ധ്യാൻ പറഞ്ഞു.
‘സിനിമയിൽ യാതൊരു ബാക്ക്ഗ്രൗണ്ടും ഇല്ലാതെ വന്ന കുറച്ചുപേരുണ്ട്. അതായത് നെപോ കിഡ്സ് അല്ലാത്ത കുറച്ച് പേർ. ടൊവിനോ, നിവിൻ ചേട്ടൻ അവരൊക്കെ അതിൽ വരുന്നവരാണ്. ഇവരുടെയൊക്കെ ഹാർഡ് വർക്കിനെ കുറിച്ച് നമുക്ക് കൃത്യമായ ധാരണയുണ്ട്.
നിവിൻ ചേട്ടന് പോലും ഒരു പരിധി വരെ എന്റെ ചേട്ടൻ ഒരു സപ്പോർട്ട് കൊടുത്തിട്ടുണ്ട്. അത് പുള്ളിയുടെ കരിയർ നോക്കിയാലും മനസിലാവും. അതുപോലെ ബേസിലിന്റെ കാര്യം എടുത്താലും അങ്ങനെയാണ്. അവന്റെ യാത്ര എളുപ്പമുള്ളതാണെന്ന് ഞാൻ പറയില്ല. പക്ഷെ ബേസിലിനും നിവിൻ ചേട്ടനും ഒരാളുണ്ടായിരുന്നു കൂടെ.
പക്ഷെ ടൊവിനോയുടെ യാത്ര അങ്ങനെയല്ല. ടൊവിനോ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി ജൂനിയർ ആർട്ടിസ്റ്റായി മാറി അങ്ങനെ അങ്ങനെയാണ് വളർന്ന് വന്നത്. അവൻ പിന്നീട് വെച്ചടി വെച്ചടി കയറി വന്നു. അവൻ ശരീരം നന്നായി നോക്കുന്നു. ഓരോ കഥാപാത്രവും നന്നായി ശ്രദ്ധിക്കുന്നു. തീവണ്ടി എന്ന സിനിമ തൊട്ട് അവൻ ചെയ്ത കാര്യങ്ങളൊക്കെ , കരിയർ മുന്നോട്ട് കൊണ്ട് പോയതുമെല്ലാം വലിയ ഇൻസ്പിറേഷനാണ്.
സിനിമയ്ക്ക് പുറത്തുനിന്നുള്ള ആളെന്ന നിലയിൽ അത് വലിയ കാര്യമാണ്. നമ്മളൊക്കെ ഓൾറെഡി സിനിമയിലുള്ള ആളുകളാണ്. സിനിമയിലേക്ക് വരൻ ആഗ്രഹിക്കുന്ന പുറത്തുള്ള പിള്ളേർക്ക് അവൻ വലിയൊരു പ്രചോദനമാണ്,’ധ്യാൻ പറയുന്നു.
Content Highlight: Dhyan Sreenivasan Talk About Tovino Thomas And Nivin Pauly