മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. താരം സംവിധാനം ചെയ്യുന്ന സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. 2013ലാണ് വിനീതിന്റെ സംവിധാനത്തില്‍ തിര എന്ന ത്രില്ലര്‍ ചിത്രം പുറത്തിറങ്ങുന്നത്.
വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു തിര. ഈ സിനിമയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമാ മേഖലയിലേക്ക് എത്തുന്നത്. ധ്യാനിനൊപ്പം ശോഭനയും വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന പ്രത്യേകതയും തിരക്കുണ്ട്.
സോമാലി മാമിന്റെ ‘ദി റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ്: ദി ട്രൂ സ്റ്റോറി ഓഫ് എ കംബോഡിയന്‍ ഹീറോയിന്‍’ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ് തിര.
മുന്‍നിര താരങ്ങളുടെ അഭിനയമികവ് കൊണ്ടും സംവിധാനമികവ് കൊണ്ടും വലിയ നിരൂപക പ്രശംസ ലഭിച്ചെങ്കിലും ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. തിരയുടെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ മുമ്പ് പറഞ്ഞിരുന്നു.
എന്നാൽ തിരയുടെ രണ്ടാംഭാഗം ഇനി വിനീത് ചെയ്യുന്നില്ല എന്നാണ് സഹോദരനും നടനുമായ ധ്യാൻ ശ്രീനിവാസൻ പറയുന്നത്. എന്നാൽ തനിക്കത് ചെയ്യാൻ ആഗ്രഹമുണ്ടെന്നും മറ്റൊരു സംവിധായകനോട് അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ധ്യാൻ പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു താരം.
‘തിര2 എന്തായാലും ചേട്ടൻ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. ചേട്ടൻ അത് സംവിധാനം ചെയ്യുന്നില്ല എന്നാണ് പറയുന്നത്. ഞാൻ ഉത്തരവാദിത്തം ഏറ്റെടുത്ത് എന്റെ സുഹൃത്തായ മറ്റൊരു സംവിധായകനോട് സംസാരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ഒരു ഏറ്റവും വലിയ സിനിമ ചെയ്ത സംവിധായകനാണ് അദ്ദേഹം. അവനോട് സംസാരിച്ചിട്ടുണ്ട്. പുള്ളിക്ക് അത് ചെയ്യാൻ താത്പര്യമുണ്ട്. അതിന്റെ പ്ലാനിങ് നടക്കുകയാണ്. അതിന്റെ ഒരു പൈപ്പ് ലൈനിലാണ്. അവൻ ചെയ്യുന്നില്ലെങ്കിൽ ഞാൻ തന്നെ ചെയ്യും എന്നാണ് തീരുമാനിച്ചത്,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.
Content Highlight: Dhyan Sreenivasan Talk About Thira 2