| Tuesday, 30th July 2024, 11:49 am

ഏട്ടന്റെ സിനിമകളിൽ ഏറ്റവും ഇഷ്ടം ആ ചിത്രം, മൂപ്പർക്ക് ഇത്രയും കഴിവുണ്ടെന്നറിഞ്ഞത് അപ്പോൾ: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിയുടെ കരിയര്‍ മാറി മറിഞ്ഞ ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ തട്ടത്തിന്‍ മറയത്ത്. മുസ്‌ലിം യുവതിയോട് ഹിന്ദു യുവാവിന് തോന്നിയ പ്രണയമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.

വിനോദായി നിവിന്‍ പോളിയും ആയിഷ ആയി ഇഷ തല്‍വാറും തകര്‍ത്തഭിനയിച്ച ചിത്രം 2012 ജൂലൈ ആറിനാണ് റിലീസ് ചെയ്തത്.

അജു വര്‍ഗീസ്, ശ്രീനിവാസന്‍, മനോജ് കെ. ജയന്‍, അപര്‍ണ നായര്‍, ഭഗത് മാനുവല്‍, ശ്രിന്ദ, തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തിലെത്തിയത്.

വിനീത് ശ്രീനിവാസന്റെ സിനിമകളിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രം തട്ടത്തിൻ മറയത്താണെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ.

ചേട്ടന് ഇത്രയും കഴിവുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് തട്ടത്തിൻ മറയത്തിലൂടെയാണെന്നും ഒരു ഐഡിയയും ഇല്ലാതെ കണ്ട ചിത്രമായിരുന്നു തട്ടത്തിൻ മറയത്തെന്നും ധ്യാൻ പറഞ്ഞു. ഓൺലൂക്കേർസ് മീഡിയയോട് സംസാരിക്കുകയായിരുന്നു ധ്യാൻ.

‘ചേട്ടന്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രം തട്ടത്തിൻ മറയത്ത് തന്നെയാണ്. ഏട്ടന് ഇത്രയും കഴിവുണ്ടായിരുന്നോ എന്നൊക്കെ എനിക്ക് തോന്നിയത് ആ ചിത്രം കണ്ടപ്പോഴാണ്.

കാരണം ആ സിനിമയെ കുറിച്ച് എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. അതിന്റെ ബേസ് ഐഡിയ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അതിന്റെ ഷൂട്ട്‌ നടക്കുന്ന സമയത്തൊക്കെ ഞാൻ മാമനോടൊപ്പം പടം അസിസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.

ആ സമയത്താണ് തട്ടത്തിൻ മറയത്ത് റിലീസ് ആവുന്നത്. ഞാൻ കോഴിക്കോട് അപ്സരയിൽ വെച്ചാണ് പടം കാണുന്നത്. ഞാൻ തിയേറ്ററിൽ ചെന്ന് ഏറ്റവും ആസ്വദിച്ചും ഇഷ്ടപ്പെട്ടും കണ്ട ചേട്ടന്റെ അവസാന സിനിമ തട്ടത്തിൻ മറയത്താണ്. ഇപ്പോൾ 12 വർഷമായി,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

Content Highlight: Dhyan Sreenivasan Talk About Thattathin Marayathu Movie

We use cookies to give you the best possible experience. Learn more