ആറുമണിക്കൊക്കെ ഷോട്ട് എടുക്കുന്ന പടമോയെന്ന് ചോദിച്ച് ഞാൻ വരില്ലെന്ന് നിവിൻ പറഞ്ഞു: ധ്യാൻ ശ്രീനിവാസൻ
Entertainment
ആറുമണിക്കൊക്കെ ഷോട്ട് എടുക്കുന്ന പടമോയെന്ന് ചോദിച്ച് ഞാൻ വരില്ലെന്ന് നിവിൻ പറഞ്ഞു: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th April 2024, 4:30 pm

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നിവിൻ പോളിയും ഒരു അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടുന്നത്.

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ – വിനീത് ശ്രീനിവാസൻ ഒന്നിക്കുന്ന ചിത്രം, കാലങ്ങൾക്ക് ശേഷം നിവിൻ പോളി അഭിനയിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം അങ്ങനെ നിരവധി പ്രത്യേകതകളുള്ള ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. നിവിൻ പോളിയുടെ തിരിച്ചു വരവായാണ് പ്രേക്ഷകർ വർഷങ്ങൾക്ക് ശേഷത്തിൽ നിവിന്റെ കഥാപാത്രത്തെ കാണുന്നത്.

ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് നിവിൻ വന്ന ദിവസത്തെ കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഷോട്ടിന്റെ സമയം രാവിലെ ആറു മണിയാണെന്ന് പറഞ്ഞപ്പോൾ നിവിൻ പോളി അത്ഭുതപ്പെട്ടെന്നും കാരണം അടുത്തകാലത്തൊന്നും ആ ഒരു സമയത്ത് നിവിൻ അഭിനയിച്ചിട്ടില്ലെന്നും ധ്യാൻ പറയുന്നു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ധ്യാൻ.

‘ലൊക്കേഷനിൽ നിവിൻ വന്ന ദിവസമായിരുന്നു ഏറ്റവും രസം. സൂപ്പർ സ്റ്റാറുകൾ പൊതുവെ കുറച്ച് വൈകിയൊക്കെ വരുമല്ലോ. അവർക്ക് പ്രിവിലേജ് ഉണ്ടല്ലോ. അവൻ വന്നിട്ട് ഷോട്ടൊക്കെ എപ്പോഴാണെന്ന് ചോദിച്ചു.

ഞാൻ പറഞ്ഞു, ഇവിടെ ആറുമണിക്കൊക്കെ ഷോട്ട് എടുക്കുമെന്ന്, അത് കേട്ട് നിവിൻ, ആറുമണിയോ എന്ന് അത്ഭുതത്തോടെ ചോദിച്ചു. കാരണം അടുത്തകാലത്ത് അവനത് കണ്ടിട്ടില്ല. പിറ്റേ ദിവസം രാവിലെ നിവിനിന്റെ ഒരു ഷോട്ടാണ് ആറുമണിക്കുള്ളത്. ശരിക്കും ഏഴു മണിക്കാണ് ഷോട്ട്. പക്ഷെ ഞാൻ പറഞ്ഞു ആറു മണിക്കൊക്കെ എടുക്കുമെന്ന്.

ബാക്കിയുള്ള സ്ഥലത്തൊക്കെ ഒരു എട്ടുമണിയൊക്കെയായി കുറച്ച് ലേറ്റ് ആയിട്ട് എത്തിയാൽ മതി. ആറുമണിക്കൊക്കെ ഷോട്ട് എടുക്കുന്ന സിനിമയോ എന്നാണ് അവൻ അത്ഭുതത്തോടെ ചോദിച്ചത്. ഞാൻ ആറുമണിക്കൊന്നും പോവില്ലായെന്ന് നിവിൻ പറഞ്ഞെങ്കിലും പിറ്റേന്ന് കറക്റ്റ് ആറരക്ക് നിവിൻ സെറ്റിലെത്തി,’ധ്യാൻ പറയുന്നു.

Content Highlight: Dhyan Sreenivasan Talk About Nivin Pauly