Advertisement
Entertainment
ഏട്ടന്റെ അടുത്ത ചിത്രം ഒരു ആക്ഷൻ പടമാണ്, അതിലും ക്ലീഷേയും ക്രിഞ്ചും ഉണ്ടെങ്കിൽ പുള്ളിയെ വെറുതെ വിടരുത്: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 22, 03:20 am
Saturday, 22nd June 2024, 8:50 am

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയേറ്ററിലെത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്.

സിനിമ ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയില്‍ എത്തിയതോടെ നിരവധി ട്രോളുകളെയും വിമര്‍ശനങ്ങളെയും നേരിട്ടിരുന്നു. സോണി ലിവിലൂടെയായിരുന്നു ചിത്രം ഇറങ്ങിയത്.

ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിനെതിരെ ട്രോളുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അത് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നുവെന്നും ധ്യാൻ പറയുന്നു. വിനീത് ശ്രീനിവാസൻ അടുത്തതായി സംവിധാനം ചെയ്യുന്നത് ഒരു ആക്ഷൻ ചിത്രമാണ്. എന്നാൽ അതിലും ക്രിഞ്ചും ക്ലീഷേയും ഉണ്ടെങ്കിൽ വിനീതിനെ വെറുതെ വിടരുതെന്ന് തമാശരൂപേണ ധ്യാൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘വർഷങ്ങൾക്ക് ശേഷം ഇറങ്ങിയതിന് ശേഷം ഞാൻ ഏട്ടനെ കണ്ടിട്ടേയില്ല. ചിത്രത്തിനെതിരെയുള്ള ട്രോളുകൾ സ്വാഭാവികമാണ്. ആ സിനിമയെ സംബന്ധിച്ച് ഞങ്ങൾ അത് ചർച്ച ചെയ്തിട്ടുമുണ്ട്. സ്വാഭാവികമായി വരാൻ സാധ്യതയുള്ള ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

അപ്പോൾ ഇതൊരിക്കലും പ്രതീക്ഷിക്കാതെ വന്നതാണെന്ന് നമുക്കൊരിക്കലും പറയാൻ കഴിയില്ല. ഏട്ടൻ അത് പ്രതീക്ഷിച്ചിട്ടുണ്ടാവും പ്രതീക്ഷിച്ച പോലെ തന്നെ ട്രോളുകളും വന്നു. അതിൽ ഞങ്ങൾ കൃതജ്ഞരാണ്.

ഞങ്ങൾ തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട് വർഷങ്ങൾക്ക് ശേഷം ക്ലീഷേയും ക്രിഞ്ചുമെല്ലാമുള്ള ഒരു വിനീത് ശ്രീനിവാസൻ പടമാണെന്ന്. പുള്ളിക്ക് മാറ്റം വരുത്തണമെങ്കിൽ വരുത്തട്ടെ. അടുത്തത് ഒരു ആക്ഷൻ സിനിമയാണ് പുള്ളി ചെയ്യുന്നത്. അതിലും ക്രിഞ്ചും ക്ലീഷേയും ഉണ്ടെങ്കിൽ പുള്ളിയെ വെച്ചേക്കരുത്,’ധ്യാൻ ശ്രീനിവാസൻ പറയുന്നു.

 

Content Highlight: Dhyan Sreenivasan Talk About Next Movie of Vineeth Sreenivasan