അലി ഇമ്രാന്റെ സീക്വൽ ചെയ്യാൻ ഞാൻ അവനോട് പറഞ്ഞു, ആഗ്രഹമുണ്ട്, കാരണം ആ തീമിന് ഇന്നും സാധ്യതയുണ്ട്: ധ്യാൻ ശ്രീനിവാസൻ
Entertainment
അലി ഇമ്രാന്റെ സീക്വൽ ചെയ്യാൻ ഞാൻ അവനോട് പറഞ്ഞു, ആഗ്രഹമുണ്ട്, കാരണം ആ തീമിന് ഇന്നും സാധ്യതയുണ്ട്: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th July 2024, 1:50 pm

മലയാള സിനിമയിലെ തിരക്കഥാകൃത്തുകളിൽ പ്രധാനിയാണ് എസ്.എൻ. സ്വാമി. അദ്ദേഹം തിരക്കഥയൊരുക്കിയ മിക്ക സിനിമകളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 1988ൽ അദ്ദേഹത്തിൻ്റെ തിരക്കഥയിൽ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു മൂന്നാംമുറ.

അലി ഇമ്രാൻ എന്ന പൊലീസ് ഓഫീസറായി മോഹൻലാൽ നായകനായ ചിത്രമായിരുന്നു ഇത്. കെ. മധു സംവിധാനം ചെയ്‌ത മൂന്നാംമുറ ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ മോഹൻലാലിന് പുറമെ സുരേഷ് ഗോപി, ലാലു അലക്സ്, രേവതി, മുകേഷ് എന്നിവരും പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.

അലി ഇമ്രാനെ വെച്ചൊരു സീക്വൽ വരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. അതിനെ കുറിച്ച് എസ്. എൻ. സ്വാമിയുടെ മകനായ കൃഷ്ണനോട്‌ പറഞ്ഞിട്ടുണ്ടെന്നും കൃഷ്ണനും അത് ചെയ്യാൻ ആഗ്രഹമുണ്ടെന്നും ധ്യാൻ പറയുന്നു. മൂന്നാംമുറയിലെ തീമിന് ഇന്നും സാധ്യതയുണ്ടെന്നും ധ്യാൻ സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്ത സീക്രട്ട് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു ധ്യാൻ.

‘സ്വാമി സാറിന്റെ കഥാപാത്രങ്ങളുടെ പേരുകളൊക്കെ നമുക്ക് രോമാഞ്ചം തരുന്നവയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കിയെന്ന പേരൊക്കെ നോക്ക്. ഞാൻ ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചിരുന്നു, എങ്ങനെയാണ് ഈ പേരൊക്കെ വരുന്നതെന്ന്.

നരസിംഹ മാന്നാഡിയാർ, വിൻസെന്റ് ഗോമസ്, അലി ഇമ്രാൻ എന്നൊക്കെയുള്ള പേരിന് എന്തൊരു വെയ്റ്റേജാണ്. മൂന്നാംമുറയുടെ നാല്പതാമത്തെ മിനിട്ടിലാണ് ലാലേട്ടന്റെ ഇൻട്രോ. ഒരു ബൈനോക്കുലറൊക്കെ വെച്ച് നായകൻ വരുകയാണ്. മാൻ ഓൺ എ മിഷനാണ്.

സ്വാമി സാറിന്റെ മകൻ കൃഷ്ണനോട്‌ ഞാൻ പറഞ്ഞിരുന്നു, അലി ഇമ്രാന്റെ ഒരു സീക്വൽ ചെയ്യണമെന്ന്. ഈയടുത്തും ഞാൻ അവനോട് അത് പറഞ്ഞിരുന്നു. കൃഷ്ണന് അത് ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷെ ആഗ്രഹം മാത്രമേയുള്ളൂ. കഥയൊന്നും ആയിട്ടില്ല.

ഞാൻ അവനോട് ഇടയ്ക്കിടക്ക് പറയുന്നതാണ്. കാരണം പുതിയ തലമുറയിലെ ഒരാൾ ചെയ്ത് അലി ഇമ്രാനെ തിരിച്ച് കൊണ്ടുവരാൻ പറ്റിയാൽ അത് നന്നാവും. മൂന്നാംമുറ പോലെ തന്നെ അതെ തീമിൽ വന്നാൽ മതി. മാൻ ഓൺ എ മിഷൻ. കാരണം അങ്ങനെയൊരു തീം അവിടെ കിടക്കുകയാണ്.

വർഷങ്ങൾക്ക് ശേഷം ഒരു മിഷന് വേണ്ടി അലി ഇമ്രാനെ തിരിച്ച് വിളിക്കുന്നു. ഒരു പോയിന്റ് കഴിഞ്ഞാൽ നമ്മൾ ആ പടത്തിൽ മുഴുകും. ആ ഒറ്റ സിംഗിൾ ആളെയാണ് പിന്നെ നമ്മൾ നോക്കുക. അയാൾ എന്ത് ചെയ്യുന്നുവെന്നൊക്കെ. ഒരിക്കലും പോസിബിൾ അല്ലാത്ത കാര്യങ്ങൾ നമ്മളെ വിശ്വസിപ്പിച്ചെടുത്തില്ലേ. അതുകൊണ്ട് മൂന്നാംമുറയുടെ അതെ ഫോർമുലയിൽ ഒരു ചിത്രം വന്നാൽ നന്നാവും,’ധ്യാൻ പറയുന്നു.

 

Content Highlight: Dhyan Sreenivasan Talk About Moonammura Movie