| Wednesday, 19th June 2024, 8:51 am

തിയേറ്ററിൽ ഹിറ്റായെങ്കിലും പൂർണമായി ഞാൻ ഇഷ്ടപ്പെടുന്ന, ആഗ്രഹിച്ച സിനിമയല്ല അത്: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പോടെ പുറത്തിറങ്ങിയ ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ ഓണം വിന്നര്‍ ആയിരുന്നു. ചിത്രം സാമ്പത്തികമായി വിജയമായിരുന്നുവെങ്കിലും പിന്നീട് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

എന്നാൽ ലവ് ആക്ഷൻ ഡ്രാമ താൻ ആഗ്രഹിക്കുന്ന പോലെ ചെയ്യാൻ കഴിഞ്ഞില്ലെന്നും അടുത്ത സിനിമ ചെയ്യുമ്പോൾ അത് പൂർണമായും തന്റെ സിനിമയായിരിക്കുമെന്നും ധ്യാൻ പറയുന്നു. സംവിധായകനാവൻ വേണ്ടിയാണ് താൻ സിനിമയിലേക്ക് വന്നതെന്നും എന്നാൽ ജീവിക്കാൻ പണം വേണം എന്നുള്ളത് കൊണ്ടാണ് അഭിനയം തെരഞ്ഞെടുത്തതെന്നും താരം പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘അഭിനയം ഞാൻ അങ്ങനെയൊരു പാഷനോടെ ചെയ്യുന്ന കാര്യമല്ല. അത് ജോലി ആയിട്ട് തന്നെ കാണുന്നു. എന്നാൽ സംവിധാനം വളരെ പാഷനോടെ ഞാൻ ചെയ്യുന്ന ഒരു കാര്യമാണ്. അതിന്റെ വിജയവും പരാജയവും നമ്മളെ ശരിക്കും ബാധിക്കും.

കാരണം ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ വന്ന ആളാണ്. നടൻ ആവുന്നത് ഒട്ടും പ്രതീക്ഷിക്കാതെ ആക്‌സിഡന്റലായി സംഭവിച്ചതാണ്. പക്ഷെ പിന്നീട് സിനിമകൾ വന്നു. ജീവിക്കാൻ നമുക്ക് പണം ആവശ്യമാണ്. ഏറ്റവും ആവശ്യവും അതൊക്കെ തന്നെയാണ്. പണം വേണം. സ്വാഭാവികമായി അഭിനയം ഉള്ളത് കൊണ്ട് അത് നടന്ന് പോവുന്നു.

മറ്റേത് നമ്മൾ എടുക്കുന്ന സമയം, എനർജിയെല്ലാം വളരെ വലുതാണ്. അതിനൊന്നും സംഭവിക്കാൻ പാടില്ല. നമ്മൾ അത്ര മാത്രം കോൺഫിഡന്റ് ആണെങ്കിൽ മാത്രമേ ആ പരിപാടിക്ക് ഇറങ്ങാൻ പാടുള്ളൂ. എനിക്കൊരുപാട് ബാഡ് എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ട്. എന്റെ ആദ്യത്തെ സിനിമ തീരാൻ തന്നെ രണ്ട് രണ്ടര വർഷമെടുത്തു.

ഞാൻ തന്നെ ആ സിനിമയിൽ നിന്ന് പലവട്ടം ഡിറ്റാച്ച്ഡായി പോയിട്ടുണ്ട്. സാമ്പത്തികമായെല്ലാം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പക്ഷെ തിയേറ്ററിൽ വന്നപ്പോൾ കോമേഴ്‌ഷ്യൽ പടമെന്ന നിലയിൽ അത് തിയേറ്ററിൽ ഹിറ്റായി. പക്ഷെ അപ്പോഴും എനിക്ക് പൂർണമായി ഇഷ്ടമുള്ള ഒരു സിനിമയാണ് അതെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.

പല സ്ഥലങ്ങളിലും ഞാനത് പറഞ്ഞിട്ടുണ്ട്. ഞാൻ വിചാരിച്ച പോലെയൊന്നുമല്ല ആ സിനിമ ചെയ്യാൻ കഴിഞ്ഞത്. അടുത്തത് ഒന്ന് ചെയ്യുമ്പോൾ ആ അവസ്ഥ ഉണ്ടാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. അത് പൂർണമായി നമ്മുടെ സിനിമയായിരിക്കണം. ആദ്യത്തെ സിനിമ ആയതുകൊണ്ട് തന്നെ പലപ്പോഴും മറ്റുള്ളവരുടെ അഭിപ്രായത്തിനനുസരിച്ച് തീരുമാനങ്ങൾ മാറ്റേണ്ടി വന്നിട്ടുണ്ട്,’ധ്യാൻ പറയുന്നു.

Content Highlight: Dhyan sreenivasan talk about Love action drama movie

We use cookies to give you the best possible experience. Learn more