| Friday, 21st June 2024, 8:14 am

ആ ചിത്രത്തിലെ പെപ്പെയുടെ റോള്‍ ഞാന്‍ ചെയ്യേണ്ടതായിരുന്നു, ടൊവിനോ, ആസിഫ്, ഭാസി അജു ഇവരോടൊക്കെ കഥ പറഞ്ഞു: ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേക്കിങ് കൊണ്ട് മലയാളികളെ ഞെട്ടിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായിരുന്നു അങ്കമാലി ഡയറീസ്.

ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയിൽ പിറന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസ് പെപ്പേ, അപ്പാനി ശരത്, അന്ന രാജൻ തുടങ്ങിയ അഭിനേതാക്കൾ മല യാളത്തിലേക്ക് വരുന്നത്. പൂർണമായി പുതുമുഖങ്ങളെ വെച്ച് ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്.

എന്നാൽ അങ്കമാലി ഡയറീസിന്റെ കഥ ആദ്യമായി കേട്ട ഒരാൾ താനാണെന്നും അന്ന് ചിത്രത്തിലേക്ക് അജു വർഗീസിനെയും ശ്രീനാഥ് ഭാസിയേയുമെല്ലാം പരിഗണിച്ചിരുന്നുവെന്നും നടൻ ധ്യാൻ ശ്രീനിവാസൻ പറയുന്നു. ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവരെല്ലാം കഥ കേട്ടിരുന്നുവെന്ന് തോന്നുന്നുവെന്നും ധ്യാൻ പറഞ്ഞു. ഒടുവിൽ നിർമാതാവ് വിജയ് ബാബു ചിത്രം പുതിയ താരങ്ങളെ വെച്ച് നിർമിക്കാമെന്ന് തീരുമാനിച്ചെന്നും ധ്യാൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘അങ്കമാലി ഡയറീസിന്റെ കഥ ആദ്യമായി കേട്ട ഒരാളാണ് ഞാൻ. അതും പെപ്പയുടെ റോളിലേക്ക്. എനിക്ക് തോന്നുന്നു ആദ്യം സഞ്ജു ശിവറാമിനെയായിരുന്നു പെപ്പെയുടെ റോളിലേക്ക് പരിഗണിച്ചത്. ടൊവിനോയോടും ആസിഫിനോടുമൊക്കെ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

അടി കപ്യാരെ കൂട്ടമണി കഴിഞ്ഞിട്ട് ഞാനും അജുവും കൂടെ ചെമ്പൻ ചേട്ടൻ വിളിച്ചിട്ട് കഥ കേൾക്കാൻ പോയിരുന്നു. അന്ന് ഭാസിയുമുണ്ടായിരുന്നു ചിത്രത്തിൽ. പക്ഷെ ചെമ്പൻ ചേട്ടൻ കഥ പറയുന്നത് കേട്ടാൽ ഒന്നും മനസിലാവില്ല. എനിക്കൊന്നും മനസിലായില്ല.

അങ്കമാലിക്കാരായ അവർ ചെയ്തതിന്റെ ഗുണം ആ പടത്തിനുണ്ട്. ഒന്ന് അവർ അവിടെ തന്നെ ഉള്ളവരാണ്. ഞങ്ങൾ ചെയ്താൽ ഒരിക്കലും അത് വർക്ക്‌ ആവില്ലെന്ന് എനിക്ക് തോന്നി. കണ്ണൂർ സ്ലാങ് ഒക്കെ പറഞ്ഞിട്ടായിരിക്കും ഉണ്ടാവുക. അതൊരിക്കലും ശരിയാവില്ലല്ലോ,’ധ്യാൻ പറയുന്നു.

ചെമ്പൻ വിനോദ് ജോസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യാൻ ഇരുന്നതെന്നും എന്നാൽ അന്ന് നടനായി തിളങ്ങിയിരിക്കുന്ന ചെമ്പൻ വിനോദിനോട്‌ താൻ സംവിധാനം ചെയ്യേണ്ട എന്ന് പറഞ്ഞെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

‘എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ചെമ്പൻ ചേട്ടൻ അത് സംവിധാനം ചെയ്യാൻ ഇരുന്നതായിരുന്നു. അന്ന് ഞാൻ ചെമ്പൻ ചേട്ടനോട് പറഞ്ഞത്, നിങ്ങൾ ഇതൊരിക്കലും സംവിധാനം ചെയ്യരുത്, വേറേ ആർക്കെങ്കിലും കൊടുക്കണമെന്നായിരുന്നു. കാരണം അദ്ദേഹം അത്രയും തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്.

അന്ന് ലിജോ ചേട്ടൻ സീനിലേയില്ല. വേറൊരു ആളായിരുന്നു അത് സംവിധാനം ചെയ്യാൻ ഇരുന്നത്. പിന്നെ വിജയ് ചേട്ടൻ എന്നെ വിളിച്ചിട്ട് പുതിയ ആളുകളെ വെച്ച് ചെയ്യാൻ പ്ലാനുണ്ടെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, അതാണ് നല്ലത് അത് സിനിമക്ക് ഒരു ഫ്രഷ്‌നെസ്സ് നൽകുമെന്നെല്ലാം. അതായിരുന്നു ചർച്ചയുടെ ഒടുക്കം ഉണ്ടായ തീരുമാനം.

അന്ന് ഞാൻ ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നെങ്കിൽ ഇന്ന് ഞാനുമില്ല ചെമ്പൻ ചേട്ടനുമില്ല. കാരണം ഞങ്ങൾ ആദ്യം ഔട്ടാവും. കാരണം അങ്കമാലിക്കാർ തന്നെ വന്ന് തല്ലികൊല്ലും(ചിരിക്കുന്നു) അതുകൊണ്ടെന്താ അപ്പാനി ശരത്തിനെയൊക്കെ നമുക്ക് കിട്ടിയില്ലേ,’ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Content Highlight: Dhyan Sreenivasan Talk About Casting Of Angamaly Dairies

We use cookies to give you the best possible experience. Learn more