| Sunday, 7th April 2024, 7:00 pm

നീ എന്റെ റെക്കോഡ് പൊട്ടിക്കുമോ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ വീണ്ടും സംവിധായക കുപ്പായമണിയുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 1970കളില്‍ ചെന്നൈയിലെ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. നിവിന്‍ പോളി അതിഥി വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും സിനിമക്കുണ്ട്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ നന്‍പകല്‍ നേരത്ത് മയക്കം സിനിയുടെ സമയത്ത് മമ്മൂട്ടി തന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് ധ്യാന്‍ സംസാരിച്ചു. ഒരു വര്‍ഷം തന്നെ ഒരുപാട് സിനിമകള്‍ ചെയ്യുന്ന ധ്യാനിനോട് തന്റെ റെക്കോഡ് പൊട്ടിക്കുമോ എന്ന് മമ്മൂട്ടി ചോദിച്ചുവെന്ന് ധ്യാന്‍ പറഞ്ഞു. എന്നാല്‍ പരാജയമായ സിനിമകള്‍ തന്റെ അഭിനയം മെച്ചപ്പെടുത്താന്‍ സഹായിച്ചുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

‘നന്‍പകല്‍ നേരത്ത് മയക്കം സിനിമ ഇറങ്ങിയ സമയത്ത് മമ്മൂക്കയെ കണ്ടപ്പോള്‍ പുള്ളി എന്നോട് ചോദിച്ചു, ‘കഴിഞ്ഞ വര്‍ഷം നീ എത്ര സിനിമയാടാ ചെയ്തത്’ എന്ന്. എന്റെ ഓര്‍മയിലുള്ള ഒരു നമ്പര്‍ ഞാന്‍ പറഞ്ഞു. നീയോക്കെ എന്റെ റെക്കോഡ് പൊട്ടിക്കുമോ എന്നായിരുന്നു മമ്മൂക്ക തിരിച്ച് ചോദിച്ചത്. 1983ലോ 1984ലോ മറ്റോ 34 സിനിമകളാണ് മമ്മൂക്ക ചെയ്തത്.

അന്ന് പുള്ളി വേറൊരു കാര്യം കൂടി പറഞ്ഞിരുന്നു. ആ സമയത്ത് അത്രയും സിനിമകള്‍ ചെയ്‌തെങ്കിലും അതില്‍ പലതും പരാജയമായിരുന്നു. പക്ഷേ ആ പരാജയപ്പെട്ട സിനിമകളും അദ്ദേഹത്തെ ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. സ്വന്തം ആക്ടിങ് ഇംപ്രൂവ് ചെയ്യാന്‍ ആ സിനിമകള്‍ സഹായിച്ചിട്ടുണ്ട്. എന്റെ കാര്യം എടുത്താല്‍, ഞാന്‍ ചെയ്ത സിനിമകള്‍ പലതും പരാജയമായതാണ്.

പക്ഷേ കഴിഞ്ഞ വര്‍ഷത്തെ സിനിമകളെടുത്തു നോക്കിയാല്‍ ആ പരാജയപ്പെട്ട സിനിമകളില്‍ എന്റെ പെര്‍ഫോമന്‍സ് മെച്ചമുള്ളതാണെന്ന് പല റിവ്യൂവേഴ്‌സും പറഞ്ഞിട്ടുണ്ട്. ആ എക്‌സ്പീരിയന്‍സ് വര്‍ഷങ്ങള്‍ക്കു ശേഷത്തില്‍ എത്തിയപ്പോള്‍ എനിക്ക് ഗുണം ചെയ്തു. ഈ സിനിമയിലെ മറ്റ് ആക്ടേഴ്‌സിനെക്കാള്‍ കൂടുതല്‍ സിനിമയില്‍ അഭിനയിച്ച എക്‌സ്പീരിയന്‍സ് എനിക്കുണ്ട്. അത് ചെറിയ രീതിക്ക് ഗുണം ചെയ്തിട്ടുണ്ട്,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan shares the experience with Mammootty

We use cookies to give you the best possible experience. Learn more