| Tuesday, 7th June 2022, 10:22 pm

`ആ വെള്ളം അങ്ങു വാങ്ങി വെച്ചാല്‍ മതി'; അമ്മയെ പറ്റിക്കാന്‍ നോക്കി പാളിപ്പോയ അനുഭവം പങ്കുവെച്ച് ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയം, തിരക്കഥ, സംവിധാനം എന്നീ മേഖലകളിലെല്ലാം കൈവെച്ച താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ തിരയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ധ്യാന്‍ പിന്നീട് ലവ് ആക്ഷന്‍ ഡ്രാമയിലൂടെ തിരക്കഥയിലേക്കും സംവിധാനത്തിലേക്കും കടന്നിരുന്നു. ധ്യാന്‍ തിരക്കഥയെഴതുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രകാശന്‍ പറക്കട്ടെ.’ നാഗവഗതനായ സഹദ് നിലമ്പുരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് താരം അമ്മയെ പറ്റിക്കാന്‍ നോക്കി പാളിപ്പോയ അനുഭവം പങ്കുവെച്ചത്.

‘വീടിന്റെ അടുത്ത് അച്ഛന്റെ പേരിലൊരു സ്ഥലം ഉണ്ടായിരുന്നു. അച്ഛന്‍ എന്തോ ആവശ്യം വന്നപ്പോള്‍ അത് വില്‍ക്കാന്‍ തീരുമാനിച്ചു. അത് അറിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു. ഞാന്‍ അത് വാങ്ങിക്കാം എന്ന്. 2 ലക്ഷം ടോക്കന്‍ തരാം എന്റെ പേരിലേക്ക് വസ്തു മാറ്റി എഴുതി പിന്നീട് കുറച്ച് കുറച്ചായി പൈസ തരാം എന്നും പറഞ്ഞു. അച്ഛനോട് ഇത് ഒന്ന് സൂചിപ്പിച്ച് നോക്ക് എന്നും പറഞ്ഞ് അമ്മയെ ഞാന്‍ പറഞ്ഞുവിട്ടു. അമ്മ പോയി ഒരു മിനിറ്റിനകം തന്നെ അതിന് വെച്ച വെള്ളം അങ്ങു വാങ്ങി വെച്ചേക്ക് എന്ന് പറഞ്ഞു,’ ധ്യാന്‍ പറയുന്നു.

അപ്പോള്‍ തന്നെ മറുപടി കിട്ടി എന്നും. പറ്റിക്കാന്‍ നോക്കിയത് നടന്നില്ല എന്നും ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വസ്തു മറിച്ച് വില്‍ക്കാന്‍ ആയിരുന്നു തന്റെ പ്ലാനെന്നും ധ്യാന്‍ പറയുന്നു.

അതേസമയം, ധ്യാന്‍ ശ്രീനിവാസന്റെ അവസാനമായി തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം ‘ഉടല്‍’ ആയിരുന്നു. രതീഷ് രഘുനന്ദന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചത്.

Content Highlight : Dhyan Sreenivasan shares an experince that he fails to prank his mother

We use cookies to give you the best possible experience. Learn more