| Wednesday, 7th September 2022, 8:12 am

ഞാന്‍ വന്ന് നോക്കിയപ്പോള്‍ പതിനാറായിരം രൂപയുടെ സാധനങ്ങളെടുത്ത് അവള്‍ ബാല്‍ക്കെണിയില്‍ നിന്ന് പറമ്പിലേക്ക് വലിച്ചെറിയുന്നു; ആദ്യമേ അത് ചെയ്താല്‍ മതിയായിരുന്നു: ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിമുഖങ്ങളിലെല്ലാം തന്റെ കുടുംബ കഥകള്‍ പങ്കുവെക്കുന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖങ്ങളില്‍ എപ്പോഴും തുറന്ന് സംസാരിക്കാറുള്ള ധ്യാന്‍ തന്റെ അച്ഛന്‍ ശ്രീനിവാസന്റെയും സഹോദരന്‍ വിനീത് ശ്രീനിവാസന്റെയും ഒരുപാട് കഥകള്‍ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ തന്റെ മകളുമൊത്തുള്ള ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഓണാഘോഷത്തിന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍.

മകളുമായി കളിപ്പാട്ടം വാങ്ങാന്‍ വേണ്ടി കടയില്‍ പോയതിന്റെ ‘കഥ’യാണ് ധ്യാന്‍ പറയുന്നത്.

”ഇവള് സാധാരണ ഷോപ്പിങ്ങിന് പോകും. ചെറുതാണ്. ടോയ് ഷോപ്പിലൊക്കെ പോയിക്കഴിഞ്ഞാല്‍ അവളിങ്ങനെ ഓരോന്ന് കണ്ട് അതിലേക്ക് വിരല്‍ചൂണ്ടി, ടേക് ദിസ് പപ്പാ, ടേക് ദിസ്, ദാറ്റ് എന്നിങ്ങനെ പറയും.

ഞാനിതിങ്ങനെ ഓരോന്ന് എടുത്ത് കൊണ്ടിടണം. എന്നിട്ട് അവളൊന്ന് തിരിഞ്ഞുനോക്കും, എല്ലാം എടുത്തിട്ടുണ്ടോ എന്ന്. എന്നിട്ട് കറങ്ങിത്തിരിഞ്ഞ് ഇതേ സ്ഥലത്ത് എത്തുമ്പോള്‍ അവള് ഒന്നുകൂടെ അത് അവിടെത്തന്നെ ഉണ്ടോ എന്ന് നോക്കും.

അങ്ങനെ ഒരുദിവസം ഒരു ടോയ് ഷോപ്പില്‍ പോയപ്പോള്‍ ഇവള് എല്ലാംകൂടെ 16,000 രൂപയുടെ കളിപ്പാട്ടങ്ങള്‍ വാങ്ങിച്ചു. ഒന്നും പറയാന്‍ പറ്റില്ലല്ലോ.

ബില്ല് ചെയ്തു, സാധനങ്ങളൊക്കെ കാറിനകത്ത് കൊണ്ടുവെച്ചു. ആ ബില്ല് ചെയ്യുന്ന സമയത്ത് ഞാനിവളെ തോളത്ത് എടുത്തിരിക്കുകയായിരുന്നു. അപ്പൊ അവിടെ പത്ത് രൂപയുടെ ഒരു ചെറിയ ബോള് കണ്ടു. ഒരു കുട്ടി ബൗണ്‍സിങ് ബോള്‍.

ആ ബോള് വേണം എന്ന് പറഞ്ഞ് ഇവള്‍ കരച്ചിലോട് കരച്ചില്‍. ഞാന്‍ അപ്പൊഴേക്കും ബില്ല് ചെയ്ത് കഴിഞ്ഞല്ലോ. അതുകൊണ്ട് അത് വാങ്ങേണ്ട എന്ന് ഞാന്‍ പറഞ്ഞു. ഹാര്‍ഡ് ബോളല്ലേ, എറിഞ്ഞ് കഴിഞ്ഞാല്‍ ദേഹത്ത് കൊണ്ടാലോ, അതുകൊണ്ട് അത് വേണ്ട എന്ന് പറഞ്ഞു.

അപ്പൊ ഇവളൊന്നും മിണ്ടിയില്ല. കാറിലെത്തിയപ്പോള്‍ ഭയങ്കര കരച്ചിലായിരുന്നു. പതിനാറായിരം രൂപയുടെ കളിപ്പാട്ടം വാങ്ങിയിട്ട് പത്ത് രൂപയുടെ ഒരു ബോളിന് വേണ്ടി. അങ്ങനെ വീട്ടിലെത്തി. കുറച്ച് കഴിഞ്ഞ് ഞാന്‍ കുളിച്ച് വന്ന് നോക്കുമ്പോള്‍, ഇവള് വീടിന്റെ ബാല്‍ക്കെണിയില്‍ നിന്ന് പതിനാറായിരം രൂപയുടെ ആ കളിപ്പാട്ടങ്ങള്‍ പറമ്പിലേക്ക് വലിച്ചെറിയുന്നു.

എന്നിട്ട് എന്നോട് ഒരു ചോദ്യം, ‘വേര്‍ ഈസ് മൈ ബോള്‍’ എന്ന്. ആദ്യമേ ആ പത്ത് രൂപയുടെ ബോള് വാങ്ങിച്ച് കൊടുത്തിരുന്നെങ്കില്‍ എനിക്ക് 16,000 രൂപ ലാഭിക്കാമായിരുന്നു,” ധ്യാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത പ്രകാശന്‍ പറക്കട്ടെ, അരുണ്‍ ചന്തു സംവിധാനം ചെയ്ത സായാഹ്ന വാര്‍ത്തകള്‍ എന്നിവയാണ് ധ്യാനിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമകള്‍.

പ്രകാശന്‍ പറക്കട്ടെയുടെ തിരക്കഥയെഴുതിയതും ധ്യാന്‍ തന്നെയായിരുന്നു.

Content Highlight: Dhyan Sreenivasan shares a funny experience with daughter

We use cookies to give you the best possible experience. Learn more