| Tuesday, 6th September 2022, 1:44 pm

എന്‍ഡോസ്‌കോപി എടുക്കാന്‍ ചെന്ന എന്നോട് ശ്വാസം മുട്ടലുണ്ടോ എന്ന് നഴ്‌സ് ചോദിച്ചു, അപ്പൊ പെട്ടെന്ന് എനിക്കൊരു ശ്വാസം മുട്ടല്‍; രസകരമായ ആശുപത്രി അനുഭവം പറഞ്ഞ് ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയത്തേക്കാളും സംവിധാനത്തേക്കാളും ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങളാണ് മലയാളി സിനിമാ പ്രേമികള്‍ സെലിബ്രേറ്റ് ചെയ്യാറുള്ളത്. അഭിമുഖങ്ങളിലെ ധ്യാനിന്റെ തുറന്നടിച്ചുള്ള സംസാരം പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും വഴിവെക്കാറുണ്ട്.

ഗ്യാസ് ട്രബിളിന്റെയും അസിഡിറ്റിയുടെയും പ്രശ്‌നം കാരണം ഡോക്ടറെ കാണാന്‍ പോയതിന്റെ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍.

ഗ്യാസ് ട്രബിള്‍ കാരണം ഡോക്ടറെ കണിക്കാന്‍ പോയ താന്‍ എന്‍ഡോസ്‌കോപിയും എക്‌സ് റേയുമടക്കം എല്ലാ ടെസ്റ്റുകളും ചെയ്തുവെന്നും അവിടെ ഒരു ടൂര്‍ പാക്കേജ് പോലെ ആയിരുന്നെന്നുമാണ് ധ്യാന്‍ പറയുന്നത്.

”തടി കൂടിയപ്പോള്‍ എനിക്ക് കുറച്ച് ആരോഗ്യപ്രശ്‌നങ്ങളൊക്കെ വന്നുതുടങ്ങി. വണ്ണം കൂടിയപ്പോള്‍ കാലിന് അത് താങ്ങാനുള്ള ശക്തി ഇല്ലല്ലോ. വെയിറ്റ് കൂടുന്തോറും പല ആരോഗ്യപ്രശ്‌നങ്ങളും വരുമല്ലോ.

ഭയങ്കരമായി അസിഡിറ്റിയുടെ പ്രശ്‌നം വന്നു. ഗ്യാസ്‌ട്രോ പ്രശ്‌നങ്ങളൊക്കെ വന്നപ്പോള്‍ ഒരുദിവസം ഞാന്‍ ഡോക്ടറെ കാണാന്‍ പോയി. ആശുപത്രിയുടെ പേര് ഞാന്‍ പറയുന്നില്ല.

അവിടെ ഒരു ഈച്ച പോലുമില്ലായിരുന്നു, ഒരു മനുഷ്യനുമില്ല ആ ഗ്യാസ്‌ട്രോ ഡിപ്പാര്‍ട്‌മെന്റില്‍. ഞാന്‍ ചെന്നപ്പോള്‍ ഡോക്ടര്‍ മാത്രമേയുള്ളു. നമുക്ക് എന്‍ഡോസ്‌കോപി എടുത്ത് നോക്കാം എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, ശരി.

അങ്ങനെ എന്‍ഡോസ്‌കോപി എടുക്കാന്‍ പോയപ്പോള്‍ എന്നെ അവിടെ കിടത്തി. ഒരു നഴ്‌സ് വന്ന് എന്നോട് ചോദിച്ചു, മോന് ശ്വാസം മുട്ടലുണ്ടോ എന്ന്. ഇത് ചോദിച്ചപ്പോള്‍ പെട്ടെന്ന് എനിക്കൊരു ശ്വാസം മുട്ടല് പോലെ. ശ്വാസം മുട്ടല്‍ തോന്നുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെയാണെങ്കില്‍ ഒരു കാര്യം ചെയ്യ് മോനെ. ഇവിടെ പള്‍മനോളജിസ്റ്റുണ്ട്, അയാളെ ഒന്ന് കണ്ടേക്ക് എന്ന് നഴ്‌സ് പറഞ്ഞു. എന്നാ ശരി എന്നും പറഞ്ഞ് ഞാന്‍ പള്‍മനോളജി ഡിപ്പാര്‍ട്‌മെന്റിലോട്ട് പോയി.

അങ്ങനെ പള്‍മനോളജിസ്റ്റിന്റെ അടുത്ത് പോയപ്പോള്‍ അയാള്‍ ചോദിച്ചു, ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ടണ്ടല്ലേ, എന്ന്. ഒരു മൂന്ന് സാധനം തന്നിട്ട് അരമണിക്കൂറോളം ഊതാന്‍ പറഞ്ഞു. മോന് ബ്രീത്തിങ്ങിന് ചെറിയ പ്രശ്‌നമുണ്ട്, ചെസ്റ്റിന്റെ എക്‌സ് റേ എടുക്കണം, ബ്ലഡും ഷുഗറും ഒക്കെ ഒന്ന് ചെക്ക് ചെയ്യണം എന്ന് പറഞ്ഞു.

അങ്ങനെ ഞാന്‍ നെഞ്ചിന്റെ എക്‌സ് റേ എടുത്തു, ബാക്കിയെല്ലാം എടുത്തു. ഇതെല്ലാം കഴിഞ്ഞപ്പോള്‍ ഒരു ചേച്ചി എന്റടുത്ത് ടൂര്‍ പാക്കേജ് പോലുള്ള ഒരു സാധനം കൊണ്ടുവന്ന് പറഞ്ഞു. സാര്‍ ഇവിടെ കാര്‍ഡിയോളജി ഡിപ്പാര്‍ട്‌മെന്റുണ്ട്, ഇവിടെ പോയാല്‍ നമുക്ക് ഇക്കോ, ടി.എം.ടി, ഇ.സി.ജി എല്ലാം ചെയ്യാം. ഇതൊരു പാക്കേജാണ്.

ഒരു പാക്കേജിന് എത്രയാ ചേച്ചി എന്ന് ഞാന്‍ ചോദിച്ചു. ഇല്ല മോനേ, ഒരു 6000- 7000 രൂപയേ ഉള്ളൂ, നമുക്കിത് മൊത്തം ചെയ്‌തേക്കാം, വേറെ ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ അല്ലേ എന്ന് ചേച്ചി ചോദിച്ചു. അപ്പൊ എനിക്ക് നെഞ്ചിന് ഒരു ചെറിയ വേദന.

ഞാന്‍ ആ കാര്‍ഡ് നോക്കിയപ്പോള്‍ ടൂര്‍ പാക്കേജ് പോലെ. ഒന്നെടുത്താല്‍ മറ്റൊന്ന് കൂടെ, വേറൊന്ന് ഫ്രീ അങ്ങനെ. അങ്ങനെ ഞാന്‍ ആ പാക്കേജ് എടുത്തു,” ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan shares a funny experience he had in a hospital

We use cookies to give you the best possible experience. Learn more